ഇറാഖിന് ലോകകപ്പ് യോഗ്യത; 40 വർഷത്തെ കാത്തിരിപ്പിന് വിരാമം

പ്ലേഓഫ് പോരാട്ടത്തിൽ ബൊളീവിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇറാഖ് ലോകകപ്പിലെത്തുന്ന 48-ാമത്തെയും അവസാനത്തെയും ടീമായത്
Iraq World Cup qualification

ഇറാക്കിന്‍റെ വിജയം ആഘോഷിക്കുന്ന കോച്ച് ഗ്രഹാം അർനോൾഡും മുഹനാദ് അലിയും (10).

Updated on

മോണ്ടെറെ (മെക്സിക്കോ): കടുത്ത വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജീവിച്ച് ഇറാഖ് 2026 ലോകകപ്പിന് യോഗ്യത നേടി. ഇന്‍റർകോണ്ടിനന്‍റൽ പ്ലേഓഫ് പോരാട്ടത്തിൽ ബൊളീവിയയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇറാഖ് ലോകകപ്പിലെത്തുന്ന 48-ാമത്തെയും അവസാനത്തെയും ടീമായത്.

1986-ന് ശേഷം ആദ്യമായാണ് ഇറാഖ് ഫുട്ബോളിന്‍റെ ഈ മഹാമാമാങ്കത്തിലേക്ക് തിരിച്ചെത്തുന്നത്. ഫ്രാൻസ്, നോർവേ, സെനഗൽ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഐയിലാണ് ഇറാഖ് മത്സരിക്കുക.

കളിയുടെ 18-ാം മിനിറ്റിൽ അലി അൽ മഹാദിയിലൂടെ ഇറാഖാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 38-ാം മിനിറ്റിൽ മോയിസസ് പാനിയാഗുവിലൂടെ ബൊളീവിയ തിരിച്ചടിച്ചു. ആവേശം നിറഞ്ഞ രണ്ടാം പകുതിയുടെ 53-ാം മിനിറ്റിൽ അയ്മെൻ ഹുസൈൻ നേടിയ ഗോൾ ഇറാഖിന് ചരിത്രവിജയവും ലോകകപ്പ് ടിക്കറ്റും ഉറപ്പിച്ചു.

പ്രതിസന്ധികളെ തോൽപ്പിച്ച വിജയം

യുദ്ധസാഹചര്യങ്ങളും വിസ പ്രശ്നങ്ങളും കാരണം ടീമിന്‍റെ യാത്ര പോലും അനിശ്ചിതത്വത്തിലായിരുന്നു. ഇറാഖി വ്യോമപാത അടച്ചതിനാൽ താരങ്ങൾ നാട്ടിൽ കുടുങ്ങുകയും പിന്നീട് പോർച്ചുഗൽ വഴി 25 മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷമാണ് മെക്സിക്കോയിൽ എത്തിയതും. മെക്സിക്കോ വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക ഇടപെടലിലൂടെയാണ് താരങ്ങൾക്ക് വിസ ലഭ്യമായത്.

"ഞങ്ങൾക്ക് ഒന്നും നഷ്ടപ്പെടാനില്ല, ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് ലക്ഷ്യം. ലോകകപ്പിന് യോഗ്യത നേടിയത് വലിയൊരു ബഹുമതിയായി കാണുന്നു," ഇറാഖ് പരിശീലകൻ ഗ്രഹാം ആർനോൾഡ് പറഞ്ഞു. കിലിയൻ എംബാപ്പെ, എർലിംഗ് ഹാലണ്ട് തുടങ്ങിയ സൂപ്പർ താരങ്ങളെ നേരിടുന്നത് വലിയ അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ഷെഡ്യൂൾ

ജൂൺ 16-ന് ഫോക്സ്ബറോയിൽ നോർവേയ്ക്കെതിരെയാണ് ഇറാഖിന്‍റെ ആദ്യ മത്സരം. ജൂൺ 22-ന് ഫിലാഡൽഫിയയിൽ ഫ്രാൻസിനെയും ജൂൺ 26-ന് ടൊറന്‍റോയിൽ സെനഗലിനെയും ഇറാഖ് നേരിടും.

മോണ്ടെറെയിലെ ബിബിവിഎ സ്റ്റേഡിയത്തിൽ 49,286 കാണികളെ സാക്ഷിയാക്കിയായിരുന്നു ഇറാഖിന്‍റെ ഈ ചരിത്ര മുന്നേറ്റം. പരാജയപ്പെട്ടതോടെ ബൊളീവിയയുടെ ലോകകപ്പ് സ്വപ്നങ്ങൾ അവസാനിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com