

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിന്‍റെ ഗ്യാലറിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
File
പ്രത്യേക ലേഖകൻ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഫുട്ബോൾ മത്സരങ്ങൾ നടക്കാതിരുന്നാൽ കൊച്ചി നഗരത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്നത് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടമെന്ന് പഠന റിപ്പോർട്ട്. സ്പോർട്സ് ആൻഡ് മാനെജ്മെന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SMRI) തയാറാക്കിയ, ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഏകദേശ കണക്കുകൾ പ്രകാരം, ഒരു മത്സരം മുടങ്ങിയാൽ പോലും കൊച്ചിക്ക് നേരിടേണ്ടി വരുന്നത് 2.92 കോടി രൂപയുടെ നഷ്ടമാണ്. ഒരു സീസൺ പൂർണമായി നഷ്ടമായാൽ ഇത് 29.2 കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഒട്ടനവധി ആളുകളുടെ ഉപജീവനമാർഗത്തെയും ബിസിനസുകളെയുമാണ് ഇത് നേരിട്ട് ബാധിക്കുക. സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന ശരാശരി 30,000 കാണികളെ അടിസ്ഥാനമാക്കി തയാറാക്കിയ സാമ്പത്തിക നഷ്ടത്തിന്‍റെ വിശദമായ കണക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:
ഒറ്റ ദിവസത്തെ നഷ്ടം
ടിക്കറ്റ് വരുമാനം: ശരാശരി 150 രൂപ നിരക്കിൽ 30,000 ടിക്കറ്റുകളിൽ നിന്നുള്ള വരുമാനം മാത്രം കണക്കാക്കിയാൽ 45 ലക്ഷം രൂപയുടെ നഷ്ടം.
യാത്രാ ചെലവുകൾ: കളി കാണാൻ എത്തുന്നവരുടെ യാത്രാ ചെലവുകളിലൂടെ മാത്രം പ്രാദേശിക ഗതാഗത മേഖലയ്ക്ക് ലഭിക്കേണ്ട 60 ലക്ഷം രൂപ ഇല്ലാതാകും (30000 X 200 = 60,00,000).
ഭക്ഷണവും താമസവും: ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും എത്തുന്ന ആരാധകരുടെ താമസത്തിനും ഭക്ഷണത്തിനുമായി ചെലവഴിക്കുന്ന തുകയിനത്തിൽ ഹോട്ടൽ മേഖലയ്ക്ക് ഒരു കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു (30000 X 2000 = 1,00,00,000).
ഫാൻ സിംബലുകൾ (ജേഴ്സി, ഫ്ലാഗ്): ക്ലബ്ബിന്‍റെ ജേഴ്സി, പതാകകൾ, മറ്റ് കായിക സാമഗ്രികൾ എന്നിവയുടെ വിപണനത്തിലൂടെ ചെറുകിട വ്യാപാരികൾക്ക് ലഭിക്കേണ്ട 75 ലക്ഷം രൂപ നഷ്ടമാകും (30000 X 250 = 75,00,000).
ലഘുഭക്ഷണവും വെള്ളവും: സ്റ്റേഡിയത്തിനകത്തും പുറത്തുമായി വിറ്റഴിക്കപ്പെടുന്ന വെള്ളം, ലഘുഭക്ഷണങ്ങൾ എന്നിവയിലൂടെ ശരാശരി 12 ലക്ഷം രൂപയുടെ ബിസിനസ് ഇല്ലാതാകും (30000 X 40 = 12,00,000).
ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, കൊച്ചി.
File
മറ്റ് പ്രധാന നഷ്ടങ്ങൾ
ഇവയ്ക്കു പുറമെ, മത്സരങ്ങൾ നടക്കാതിരുന്നാൽ സ്റ്റേഡിയം ജീവനക്കാരുടെ ശമ്പളം, വൈദ്യുതി-വെള്ളം ചാർജുകൾ, സ്പോൺസർഷിപ്പ് ബ്രാൻഡിങ് വരുമാനം, റിഫ്രഷ്മെന്‍റുകൾ, വാഹനങ്ങളുടെയും പ്രോപ്പർട്ടികളുടെയും വാടക, മറ്റ് അനുബന്ധ ചെലവുകൾ എന്നിവയിലൂടെയും വൻ തുകയാണ് കൊച്ചിക്ക് നഷ്ടമാകുന്നത്.
ഏറ്റവും കുറഞ്ഞ നിരക്കുകൾ മാത്രം മാനദണ്ഡമാക്കിയുള്ള കണക്കാണിത്. യഥാർഥ നഷ്ടം ഇതിലും എത്രയോ മുകളിലായിരിക്കും. കായിക രംഗം വെറുമൊരു വിനോദം മാത്രമല്ലെന്നും അത് വലിയൊരു വ്യവസായമാണെന്നും തെളിയിക്കുന്നതാണ് ഈ കണക്കുകൾ. ഐഎസ്എല്ലും കേരള ബ്ലാസ്റ്റേഴ്സിന്‍റെ മത്സരങ്ങളും കൊച്ചിയുടെ സാമ്പത്തിക മേഖലയ്ക്ക് എത്രത്തോളം കരുത്തുപകരുന്നുണ്ടെന്ന് അടിവരയിടുന്നതാണ് SMRI തയാറാക്കിയ പഠന റിപ്പോർട്ട്.
കരാറില്ലാതെ കളിക്കാർ
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്‍റെ (AIFF) സെൻട്രലൈസ്ഡ് രജിസ്ട്രേഷൻ സിസ്റ്റം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ മാസം അവസാനിക്കുന്നതോടെ ഇന്ത്യയിലെ ഒന്നാം നിര ലീഗിൽ കളിക്കുന്ന 148 പ്രമുഖ കളിക്കാരാണ് കരാറില്ലാതെ വഴിയാധാരമാകാൻ പോകുന്നത്. ഇന്ത്യൻ ഫുട്ബോളിന്‍റെ ഭാവി എങ്ങോട്ടെന്നറിയാതെ ക്ലബ്ബുകൾ കളിക്കാരുടെ കരാർ നീട്ടിനൽകാൻ മടിക്കുന്നതാണ് ഈ പ്രതിസന്ധിക്കു കാരണം.
ഇന്ത്യൻ ഫുട്ബോൾ ഭരണസമിതിയായ എഐഎഫ്എഫും (AIFF) ക്ലബ്ബുകളുമായി നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളാണ് ഇതിനു പിന്നിൽ. വരാനിരിക്കുന്ന സീസണിന്‍റെ കാര്യത്തിൽ ഇതുവരെ കൃത്യമായൊരു റോഡ്മാപ്പ് തയാറാക്കാൻ പോലും അധികൃതർക്കു കഴിഞ്ഞിട്ടില്ല. ഇതിനുപുറമെ, പുതിയ കൊമേഴ്സ്യൽ പാർട്ണറെ കണ്ടെത്താനും സാധിച്ചിട്ടില്ല. ക്ലബ്ബുകളുടെ സാമ്പത്തിക അടിത്തറയെ ഇതു സാരമായി ബാധിച്ചിട്ടുണ്ട്.
സ്പോൺസർഷിപ്പ് വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് കാരണം പല പ്രമുഖ ക്ലബ്ബുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. കൃത്യമായ വരുമാനമില്ലാതെ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണ് മാനെജ്മെന്‍റുകൾ. ഈ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കളിക്കാരുടെ കരാർ പുതുക്കേണ്ടതില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് ക്ലബ്ബുകളെ എത്തിച്ചത്. ഒരു ക്ലബ്ബ് ഇല്ലാതായാൽ ഒരുപാട് കുടുംബങ്ങളാണ് തെരുവിലാകുന്നത്.