jayesh george appointed as new chairman of wpl

ജയേഷ് ജോർജ്

താരസാന്നിധ്യമുണ്ടെങ്കിൽ വനിതാ ക്രിക്കറ്റ് തിളങ്ങും: ജയേഷ് ജോർജ് | അഭിമുഖം

KCA പ്രസിഡന്‍റും WPL ചെയർമാനുമായ ജയേഷ് ജോർജ്, മെട്രൊ വാർത്ത പ്രതിനിധി ദർശന സുഗതനു നൽകിയ അഭിമുഖം | Jayesh George Interview
Published on
Summary

WPL ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട KCA പ്രസിഡന്‍റ് ജയേഷ് ജോർജ്, മെട്രൊ വാർത്ത പ്രതിനിധി ദർശന സുഗതനു നൽകിയ പ്രത്യേക അഭിമുഖം. വനിതാ ക്രിക്കറ്റിനെക്കുറിച്ചുള്ള കാഴ്ചപ്പാട്, സഞ്ജു സാംസൺ ഉൾപ്പെട്ട കേരള ക്രിക്കറ്റിലെ വിവാദം തുടങ്ങിയവയെക്കുറിച്ച് സംസാരിക്കുന്നു

ജയേഷ് ജോർജ് | ദർശന സുഗതൻ

വിമൻസ് പ്രീമിയർ ലീഗിന്‍റെ (WPL) ആദ്യ ചെയർമാനായി നിയമിതനായിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് ജയേഷ് ജോർജ്. ആവേശകരമായ പുതിയ അധ്യായമാണ് ഇന്ത്യയിലെയും കേരളത്തിലെ വനിതാ ക്രിക്കറ്റിൽ പ്രതീക്ഷിക്കുന്നത്. സ്പോർട്സ് മാനെജ്‌മെന്‍റിലെ വർഷങ്ങളുടെ അനുഭവവും അടിസ്ഥാന നിലവാരം ശക്തിപ്പെടുത്തിയതിലുള്ള മികവും അവകാശപ്പെടാൻ കഴിയുന്ന, ദീർഘദർശിയുമായ ക്രിക്കറ്റ് ഭരണാധികാരിയാണ് ജയേഷ്. മെട്രൊ വാർത്തയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ, വനിതാ ലീഗിനെക്കുറിച്ചുള്ള കാഴ്ചപ്പാടും മുന്നിലുള്ള വെല്ലുവിളികളും ജയേഷ് പങ്കുവയ്ക്കുന്നു. ഒപ്പം, കഴിഞ്ഞ സീസണിൽ സഞ്ജു സാംസണുമായി ബന്ധപ്പെട്ട് കേരള ക്രിക്കറ്റിൽ ഉടലെടുത്ത വിവാദങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.

Q

പത്ത് വർഷം മുൻപായിരുന്നെങ്കിൽ WPL പ്രായോഗികമാകുമായിരുന്നു എന്നു താങ്കൾ കരുതുന്നുണ്ടോ?

A

ഇല്ല, ഞാൻ അങ്ങനെ കരുതുന്നില്ല. വനിതാ ക്രിക്കറ്റ് അടുത്ത കാലത്തായി വളർന്നു വരുന്നതേയുള്ളൂ. ശരദ് പവാർ നേതൃത്വം ഏറ്റെടുത്ത ശേഷം വനിതാ ക്രിക്കറ്റ് ബിസിസിഐയുടെ കീഴിലായി. അതിനു മുൻപ് മറ്റൊരു സംഘടനയുടെ കീഴിലായിരുന്നു. പിന്നീട് 2022ൽ ജയ് ഷാ സെക്രട്ടറിയായി ചുമതലയേറ്റപ്പോൾ അദ്ദേഹം സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി വാദിച്ചു. ക്രിക്കറ്റിൽ പുരുഷന്മാർക്ക് ലഭിക്കുന്ന അതേ പ്രതിഫലം സ്ത്രീകൾക്കും ലഭിക്കുന്നു എന്ന് അദ്ദേഹം ഉറപ്പാക്കി. വാസ്തവത്തിൽ, അദ്ദേഹം വനിതാ ക്രിക്കറ്റിനായി ഒരുപാടു കാര്യങ്ങൾ ചെയ്യുന്നുണ്ട്. പുരുഷ ക്രിക്കറ്റിന് കപിൽ ദേവ് മുതൽ ടെൻഡുൽക്കർ വരെ നിരവധി വലിയ താരങ്ങളുണ്ട്, എന്നാൽ വനിതാ ക്രിക്കറ്റിന് അത്രയധികം താരപ്പൊലിമയില്ല. നമുക്ക് മിതാലി രാജ് മാത്രമാണുണ്ടായിരുന്നത്, ആളുകൾ വനിതാ ക്രിക്കറ്റ് കാണാൻ തുടങ്ങിയതിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് അവരാണ്. പിന്നീട് ഹർമൻപ്രീത് കൗർ, സജ്ന, മിന്നു മണി തുടങ്ങി പലരും മുന്നോട്ട് വന്നു. ഇപ്പോൾ വനിതാ ക്രിക്കറ്റിനു നല്ല കാഴ്ചക്കാരുണ്ടെന്നത് ഒരു വസ്തുതയാണ്.

Q

വനിതാ ക്രിക്കറ്റ് പ്രചാരം നേടാൻ ഇത്രയധികം സമയമെടുത്തത് എന്തുകൊണ്ടായിരിക്കും?

A

ഓരോ കായിക ഇനത്തിനും വലിയ താരങ്ങളെ ആവശ്യമുണ്ട്. വനിതാ ക്രിക്കറ്റിനു താരങ്ങളെ കിട്ടിയപ്പോൾ അതിന്‍റെ ജനപ്രീതി ഉയർന്നു. WPL-ലെ പൂനെ മത്സരത്തിൽ നിറഞ്ഞ സ്റ്റേഡിയമാണുണ്ടായിരുന്നത്. കേരളത്തിൽ, നിരവധി സ്ത്രീകൾ ക്രിക്കറ്റിനെ ഒരു ഗൗരവമുള്ള കരിയറായി കണ്ടു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ഓസ്‌ട്രേലിയയും ന്യൂസിലാൻഡുമാണ് ഇപ്പോൾ വനിതാ ക്രിക്കറ്റിലെ മൂന്ന് മുൻനിര ടീമുകൾ.

jayesh george appointed as new chairman of wpl
വനിതാ ക്രിക്കറ്റിൽ വസന്തത്തിന്‍റെ ഇടിമുഴക്കം
Q

WPL ചെയർപേഴ്സൺ എന്ന നിലയിൽ താങ്കളുടെ ആദ്യ ലക്ഷ്യം എന്തായിരിക്കും?

A

തുടങ്ങുന്നതിന് മുമ്പ് നന്നായി ഗവേഷണം നടത്തുക എന്നതു പ്രധാനമാണ്. തുടർന്ന് താരലേലം ആരംഭിക്കണം. WPL ഇതുവരെ IPLന്‍റെ കീഴിലായിരുന്നു. എന്നാൽ, ഇനി മുതൽ ഞാൻ അതിനെ നയിക്കും. മറ്റു ഭാരവാഹികളുമായി ചർച്ച ചെയ്ത് ഒരു പ്ലാൻ തയാറാക്കണം. താരങ്ങളെ റീട്ടെയിൻ ചെയ്യാനുള്ള നയങ്ങളെക്കുറിച്ചും മറ്റും ചർച്ച ചെയ്യേണ്ടതുണ്ട്. 2026ൽ പുരുഷ ലോകകപ്പ് ഉണ്ട്, വനിതാ ലോകകപ്പ് തുടങ്ങിക്കഴിഞ്ഞു. അതിനാൽ, ഇവയുമായി ക്ലാഷ് വരാത്ത രീതിയിൽ വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളുടെ സമയക്രമം ഞാൻ അന്തിമമാക്കേണ്ടതുണ്ട്. ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. ഞാൻ ബിസിസിഐയുമായി ചേർന്ന് പ്രവർത്തിക്കും, അവർക്ക് നല്ല ഒരു മാർക്കറ്റിങ് ടീമുണ്ട്.

Q

വനിതാ ലോകകപ്പ് ആരംഭിച്ചു കഴിഞ്ഞല്ലോ, നമ്മുടെ ടീമിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? പ്രതീക്ഷയോടെ കാണുന്ന കളിക്കാർ ആരെങ്കിലുമുണ്ടോ?

A

ഇന്ത്യ ശക്തമായ ടീമാണ്. സ്വന്തം നാട്ടിൽ കളിക്കുന്നതിന്‍റെ മുൻതൂക്കവുമുണ്ട്. സ്മൃതി, ഹർമൻപ്രീത് തുടങ്ങിയ നിരവധി മികച്ച കളിക്കാരുണ്ട്. ഇതുവരെ നമ്മൾ കപ്പ് നേടിയിട്ടില്ല, ഇത്തവണ നമുക്ക് നല്ല സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു. കാത്തിരിക്കാം.

Q

കേരളത്തിലെ വനിതാ ടാലന്‍റ് പൂളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമോ?

A

WPLലേക്ക് നമുക്ക് വിദേശത്ത് നിന്ന് നാലു കളിക്കാരെ വരെ കൊണ്ടുവരാം. പുരുഷന്മാർക്കായി കെസിഎ രണ്ട് തവണ കേരള ക്രിക്കറ്റ് ലീഗ് നടത്തിക്കഴിഞ്ഞു. അതിനാൽ അടുത്ത വർഷം ഞങ്ങൾ സ്ത്രീകൾക്കായി ഒരു KCL കൂടി ആസൂത്രണം ചെയ്യുന്നുണ്ട്. എന്‍റെ പുതിയ ചെയർപേഴ്സൺ സ്ഥാനം ഇതിനു കൂടുതൽ മൂല്യം നൽകും. അതിനാൽ, ഇത് കേരളത്തിൽ നിന്നുള്ള നമ്മുടെ കളിക്കാർക്കുള്ള ഒരു WPL ആയിരിക്കും.

Q

ടയർ-2 നഗരങ്ങളിൽ വനിതകളെ ക്രിക്കറ്റ് കളിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണ്?

A

ടയർ-2 നഗരങ്ങളിൽ കൂടുതൽ മത്സരങ്ങൾ നൽകാൻ ഞങ്ങൾ പദ്ധതിയിടുന്നു. മധ്യപ്രദേശിൽ കൂടുതൽ മത്സരങ്ങൾ കളിക്കുന്നുണ്ട്. ഫൈനലുകൾ കൂടാതെ, ടയർ-2 നഗരങ്ങളിൽ കൂടുതൽ മത്സരങ്ങൾ നൽകാൻ ശ്രമിക്കുന്നു. തിരുവനന്തപുരത്തേക്ക് കൂടുതൽ ആഭ്യന്തര വിമാന സർവീസുകൾ ഉണ്ടായിരുന്നെങ്കിൽ ഇത്തവണ നമുക്ക് കേരളത്തിൽ ഒരു വനിതാ ലോകകപ്പ് മത്സരം ലഭിക്കുമായിരുന്നു. എന്നാൽ, ആ മത്സരം മുംബൈയിലേക്കു മാറ്റി. നമ്മൾ കൂടുതൽ മത്സരങ്ങൾ നടത്തിയാൽ, കൂടുതൽ ആളുകൾ സ്റ്റേഡിയത്തിലേക്ക് വരും, ഇത് കൂടുതൽ പേരെ കളി കളിക്കാൻ പ്രേരിപ്പിക്കും.

Q

വനിതാ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എന്താണ്?

A

തീർച്ചയായും, ബിസിസിഐക്ക് നല്ലൊരു സോഷ്യൽ മീഡിയ ഹാൻഡിലുണ്ട്. ഇത് ഉപയോഗിച്ച് കളിയിലേക്ക് കൂടുതൽ ശ്രദ്ധ കൊണ്ടുവരാൻ ഞങ്ങൾ പദ്ധതിയിടുന്നു.

Q

സഞ്ജു സാംസൺ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ചുള്ള അഭിപ്രായം എന്താണ്?

A

സഞ്ജുവിനെ തിരിച്ചെത്തിച്ചതിലൂടെ ഞാൻ ശരിയായ കാര്യമാണ് ചെയ്തത്. സഞ്ജു തിരിച്ചു വന്ന് ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. നമ്മുടെ കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ, നമ്മൾ അത് തിരുത്തണം. അത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. സഞ്ജു കാര്യങ്ങൾ തിരുത്തി. ഇപ്പോൾ ടീമിലുണ്ട്, നന്നായി ക്രിക്കറ്റ് കളിക്കുന്നു. ക്യാംപുകളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ ക്യാംപിൽ പങ്കെടുക്കാത്തതുകൊണ്ടാണ് സെലക്റ്റ് ആവാതിരുന്നത്. അത്രയേ ഉള്ളൂ.

ദേശീയ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നു ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ കളിക്കാർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ല എന്ന് നിങ്ങൾക്കു കാണാം. ഏഷ്യ കപ്പ് ഫൈനലിൽ പാക്കിസ്ഥാൻ തോറ്റതിനു ശേഷം വസിം അക്രമിന്‍റെ അഭിപ്രായം കേട്ടുകാണുമല്ലോ. പാക്കിസ്ഥാൻ താരങ്ങൾ ലോകമെമ്പാടും ക്രിക്കറ്റ് കളിക്കാൻ പോകുന്നു, പക്ഷേ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് നിർബന്ധമായും കളിക്കണം. കാരണം അത് ക്രിക്കറ്ററുടെ മൂല്യം കൂട്ടുന്നു. അത് കളിക്കാരുടെ മികവ് വർധിപ്പിക്കുന്നു. കപിൽ ദേവ്, സുനിൽ ഗാവസ്കർ, മറ്റെല്ലാ മഹാരഥന്മാരും ദേശീയ ടീമിനു മത്സരങ്ങൾ ഇല്ലാത്തപ്പോൾ ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു എന്നത് നിങ്ങൾ ശ്രദ്ധിക്കണം. കഴിയുമ്പോഴെല്ലാം സ്വന്തം സംസ്ഥാനത്തിനു വേണ്ടി കളിക്കണം.

jayesh george appointed as new chairman of wpl
സഞ്ജു തെറ്റു തിരുത്തി തിരിച്ചുവന്നു: കെസിഎ പ്രസിഡന്‍റ്
Q

സന്തോഷ് കരുണാകരന്‍റെ മേലുള്ള വിലക്ക് സുപ്രീം കോടതി നീക്കിയതിനെക്കുറിച്ച് എന്താണു പറയാനുള്ളത്?

A

ഒന്നും പറയാനില്ല. ക്രിക്കറ്റ് കളിക്കുന്നതിലുള്ള വിലക്ക് നീക്കിയിട്ടുണ്ട്. അതിനാൽ സന്തോഷിന് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം.

Q

കർശനമായ മാനേജ്‌മെന്‍റ് ശൈലികളിൽ വിശ്വസിക്കുന്നുണ്ടോ? കളിക്കാരോട് സൗഹൃദപരമായിരിക്കുന്നത് ഫലം ചെയ്യുമെന്നു കരുതുന്നുണ്ടോ?

A

സമയത്തിനനുസരിച്ചും കളിക്കാർക്കനുസരിച്ചും ഇതു വ്യത്യാസപ്പെടും. കളിക്കാർക്കു സ്വാതന്ത്ര്യം ആവശ്യമാണ്, എന്നാൽ നമ്മൾ കർശനമായിരിക്കുകയും വേണം. ക്രിക്കറ്റിൽ ധാരാളം പണമുണ്ട്, അതിനാൽ കളിക്കാർ വഴിതെറ്റിപ്പോകാൻ സാധ്യതയുണ്ട്. അതിനാൽ, നമ്മൾ കർശനമായ നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കേണ്ടതുണ്ട്. അതിനെക്കുറിച്ച് ബിസിസിഐക്ക് ശക്തമായ നിയമങ്ങളുണ്ട്. അച്ചടക്കമുണ്ടായിരിക്കണം, കാരണം, മാന്യൻമാരുടെ കളിയാണ് ക്രിക്കറ്റ്.

Q

ഏഷ്യ കപ്പ് ഫൈനലിനു ശേഷം പാക്കിസ്ഥാൻ അധികൃതരിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാൻ ഇന്ത്യൻ ടീം വിസമ്മതിച്ചതിനെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ?

A

ഒന്നും പറയാനില്ല.

Q

താങ്കൾക്കു ക്രിക്കറ്റ് ഒരു അഭിനിവേശമാണ്. അതിലാണ് താങ്കളുടെ ഹൃദയം. എവിടെയായിരുന്നു ഇതിന്‍റെയൊക്കെ തുടക്കം?

A

ഞാൻ എന്നും ക്രിക്കറ്റിന്‍റെ ഭാഗമായിരുന്നു, ക്രിക്കറ്റ് എന്നും എന്‍റെയും ഭാഗമായിരുന്നു. കുട്ടിക്കാലത്ത് ഞാൻ ക്രിക്കറ്റ് കളിക്കുമായിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി തൃപ്പൂണിത്തുറയ്ക്കു വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീട് മാനെജ്‌മെന്‍റ് രംഗത്തേക്കു മാറി.

Q

ജയ് ഷായുമായി നല്ല ബന്ധമാണ്. ഈ സൗഹൃദത്തെ എങ്ങനെ കാണുന്നു?

A

ഇതെല്ലാം 2011ലാണ് ആരംഭിച്ചത്. ഞങ്ങൾ കമ്മിറ്റി അംഗങ്ങളായി ഒരുമിച്ച് ബിസിസിഐയിൽ എത്തി. ഞങ്ങൾ ഒരുമിച്ച് ക്രിക്കറ്റ് കളിക്കുമായിരുന്നു, ഗുജറാത്ത് കേരളവുമായി നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തുടർന്ന് ഞങ്ങൾ 2019 മുതൽ 2022 വരെ ഭാരവാഹികളായി ഒരുമിച്ചു പ്രവർത്തിച്ചു. ജയ് ഷാ സെക്രട്ടറിയായിരിക്കുമ്പോൾ ഞാൻ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു.

Q

താങ്കളുടെ ഭാര്യയ്ക്കും ക്രിക്കറ്റിനും ശേഷം മൂന്നാമത്തെ ഇഷ്ടം എന്താണെന്നു ചോദിച്ചാൽ?

A

എനിക്ക് ലോങ് ഡ്രൈവുകളും വന്യജീവികളെയും ഇഷ്ടമാണ്. മൂന്നാറിലെ എന്‍റെ എസ്റ്റേറ്റിൽ ഞാനെന്‍റെ ഓഡിയിൽ ഡ്രൈവിനു പോകാറുണ്ട്.

logo
Metro Vaartha
www.metrovaartha.com