
കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ സഞ്ജു സാംസണെ കേരളത്തിന്‍റെ ഏകദിന ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താതിരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെസിഎ പ്രസിഡന്‍റ് ജയേഷ് ജോർജ് പ്രതികരിക്കുന്നു. സഞ്ജുവിനെ തിരിച്ചു കൊണ്ടുവന്നതു വഴി താൻ ശരിയായ കാര്യമാണു ചെയ്തതെന്നും ജയേഷ്.
പ്രത്യേക ലേഖിക
കൊച്ചി: സ്റ്റാർ ബാറ്റർ സഞ്ജു സാംസൺ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി വരുകയും, തുടർന്ന് ദേശീയ ടീമിൽ ഇടം നേടുകയും ചെയ്തതിനു പിന്നിലെ നിർണായകമായ തീരുമാനങ്ങൾ വെളിപ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്‍റ് ജയേഷ് ജോർജ്. വിമൻസ് പ്രീമിയർ ലീഗിന്‍റെ (WPL) ചെയർമാനായി നിയമിതനായതിന്‍റെ പശ്ചാത്തലത്തിൽ മെട്രൊ വാർത്തയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.
കേരളത്തിന്‍റെ വിക്കറ്റ് കീപ്പർ-ബാറ്ററെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചതു താനാണെന്നു ജയേഷ് അവകാശപ്പെടുന്നു. കളിക്കാരുടെ കരിയർ വളർച്ചയ്ക്കും ബോർഡ് നിയമങ്ങൾ പാലിക്കുന്നതിനും ഇത് അനിവാര്യമായ നടപടിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
''സഞ്ജുവിനെ തിരിച്ചെത്തിച്ചതിലൂടെ ഞാൻ ശരിയായ കാര്യമാണു ചെയ്തത്'', ജയേഷ് വ്യക്തമാക്കി. ''അവൻ തിരിച്ചു വന്ന് ആഭ്യന്തര ക്രിക്കറ്റ് കളിച്ചു. നമ്മുടെ കുട്ടികൾക്ക് തെറ്റുകൾ സംഭവിക്കുമ്പോൾ, നമ്മൾ അതു തിരുത്തണം. അത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്. സഞ്ജു കാര്യങ്ങൾ തിരുത്തി.''
സഞ്ജു സാംസൺ കേരള ടീം സെലക്ഷനിൽ നിന്നു പുറത്തായതിന്‍റെ പ്രത്യേക കാരണവും ജയേഷ് വിശദീകരിച്ചു. പരിശീലന ക്യാംപുകളിലും ആഭ്യന്തര മത്സരങ്ങളിലും പങ്കെടുക്കുന്നത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
''ഇപ്പോൾ സഞ്ജു ടീമിലുണ്ട്, നന്നായി ക്രിക്കറ്റ് കളിക്കുന്നു. ഇപ്പോൾ ക്യാംപുകളിലും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ തവണ പങ്കെടുക്കാത്തതുകൊണ്ടാണ് സെലക്റ്റ് ആവാതിരുന്നത്. അത്രയേ ഉള്ളൂ'', ജയേഷ് വിശദീകരിച്ചു.
സഞ്ജു സാംസൺ കെസിഎൽ മത്സരത്തിനിടെ.
File photo
എല്ലാ കളിക്കാരും ആഭ്യന്തര ക്രിക്കറ്റിൽ പങ്കെടുക്കണമെന്ന ബിസിസിഐയുടെ നിർദേശം കർശനമായാണ് പിന്തുടരുന്നതെന്നും ജയേഷ് ജോർജ് വ്യക്തമാക്കി. മുൻപ് പല മുതിർന്ന കളിക്കാരും ആഭ്യന്തര ക്രിക്കറ്റിനെ അവഗണിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
''ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ദേശീയ ടീമംഗങ്ങൾ അതിനു തയാറാകണമെന്നു ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് ക്രിക്കറ്റർമാരുടെ മൂല്യം കൂട്ടും, അതവരെ കൂടുതൽ മികച്ച കളിക്കാരാക്കുകയും ചെയ്യും'', അദ്ദേഹം കൂട്ടിച്ചേർത്തു.
കപിൽ ദേവ്, സുനിൽ ഗാവസ്കർ തുടങ്ങിയ മുൻകാല ക്രിക്കറ്റ് ഇതിഹാസങ്ങൾ അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാതിരുന്ന സമയത്തെല്ലാം ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരുന്നു. ലോകമെങ്ങും ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കുന്ന പാക്കിസ്ഥാൻ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിനെ വസിം അക്രം വിമർശിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി.