

കെയ്ൻ വില‍്യംസൺ
ഓക്‌ലൻഡ്: 16 വർഷം നീണ്ട അന്താരാഷ്ട്ര കരിയർ അവസാനിപ്പിച്ച് ന‍്യൂസിലൻഡ് താരം കെയ്ൻ വില‍്യംസൺ. ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റ് പരാജയപ്പെട്ടതിനു പിന്നാലെയാണ് താരത്തിന്‍റെ അപ്രതീക്ഷിത വിരമിക്കൽ. രണ്ടാം ടെസ്റ്റിൽ വില‍്യംസണ് പകരക്കാരനെ കണ്ടെത്താൻ ന‍്യൂസിലൻഡ് അൽപ്പം ബുദ്ധിമുട്ടും. കുറെ നാളുകളായി വിരമിക്കാൻ ആലോചിക്കുന്നുവെന്നും ഇപ്പോഴാണ് അതിന് ശരിയായ സമയം വന്നെത്തിയതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ന‍്യൂസിലൻഡിനു വേണ്ടി കളിച്ച ഓരോ മത്സരത്തിലും തനിക്ക് അഭിമാനമുണ്ടെന്നും വില‍്യംസൺ കൂട്ടിച്ചേർത്തു. ന‍്യൂസിലൻഡിനു വേണ്ടി 378 മത്സരങ്ങളിൽ നിന്നും 48 സെഞ്ചുറിയും 6 ഇരട്ട സെഞ്ചുറിയും അടക്കം 19, 346 റൺസ് നേടിയിട്ടുണ്ട് താരം. 2016 മുതൽ 2024 വരെയുള്ള കാലയളവിൽ ന‍്യൂസിലൻഡിനെ നയിച്ചത് വില‍്യംസണായിരുന്നു. ഐസിസി ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് കിരീട നേട്ടമാണ് വില‍്യംസന്‍റെ ക‍്യാപ്റ്റൻ എന്ന നിലയ്ക്കുള്ള സുപ്രധാന നേട്ടങ്ങളിൽ ഒന്ന്.
2015ൽ ഐസിസി മികച്ച താരമായും 2019ൽ മികച്ച ടെസ്റ്റ് താരമായും വില‍്യംസണെ തെരഞ്ഞെടുത്തിരുന്നു. ന‍്യൂസിലൻഡിനു വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം (19,346), ഏറ്റവും കൂടുതൽ സെഞ്ചുറികൾ (48), ഏറ്റവും കൂടുതൽ ഇരട്ട സെഞ്ചുറികൾ (6) എന്നീ റെക്കോഡുകൾ തകർക്കപ്പെടാതെ അവശേഷിക്കുന്നു. 40 ടെസ്റ്റ് മത്സരങ്ങളാണ് വില‍്യംസൺ കിവീസിനെ നയിച്ചിട്ടുള്ളത്.
ഇതിൽ 22 മത്സരവും വിജയമായിരുന്നു. 10 എണ്ണം പരാജയവും 8 എണ്ണം സമനിലയിലും കലാശിച്ചു. 91 ഏകദിനത്തിൽ നിന്നും 46 വിജയവും 75 ടി20യിൽ നിന്നും 39 മത്സരം വിജയിപ്പിക്കാനും വില‍്യംസണ് കഴിഞ്ഞു. 2016 ഐസിസി ടി20 ലോകകപ്പ് സെമി ഫൈനൽ, 2019 ഏകദിന ലോകകപ്പ് ഫൈനൽ, 2021 ടി20 ലോകകപ്പ് ഫൈനൽ, 2022 ടി20 ലോകകപ്പ് സെമി ഫൈനൽ, 2023 ഏകദിന ലോകകപ്പ് സെമി ഫൈനൽ എന്നിവയിൽ കിവീസ് പ്രവേശിച്ചത് വില‍്യംസൺ ക‍്യാപ്റ്റൻ സ്ഥാനത്ത് ഇരിക്കെയായിരുന്നു. ക്രിക്കറ്റിലെ മാന‍്യതയുടെ ആൾരൂപമായിരുന്നു വില‍്യംസൺ.