
കരുൺ നായർ
ബംഗളൂരു: 2025-26 രഞ്ജി ട്രോഫി സീസണിലേക്കുള്ള കർണാടക ടീമിനെ പ്രഖ‍്യാപിച്ചു. മായങ്ക് അഗർവാൾ നയിക്കുന്ന 15 അംഗ ടീമിൽ മലയാളി താരം കരുൺ നായർ ഇടം നേടി. ഒക്റ്റോബർ 15ന് സൗരാഷ്ട്രക്കെതിരേയാണ് കർണാടകയുടെ ആദ‍്യ മത്സരം.
10 വർഷത്തോളം കർണാടകയ്ക്ക് വേണ്ടി കളിച്ച കരുണിനെ 2023ൽ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നുവെങ്കിലും വിദർഭ ടീമിൽ കളിക്കാൻ താരത്തിന് അവസരം ലഭിച്ചിരുന്നു.
കഴിഞ്ഞ വർഷം വിദർഭയെ ചാംപ‍്യൻമാരാക്കുന്നതിൽ കരുൺ നിർണായക പങ്കാണ് വഹിച്ചത്. 2024-25 സീസണിൽ 53.93 ശരാശരിയിൽ 863 റൺസാണ് കരുൺ അടിച്ചു കൂട്ടിയത്.
രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത‍്യൻ ടീമിലേക്ക് വഴിതെളിഞ്ഞുവെങ്കിലും ഇംഗ്ലണ്ട് പര‍്യടനത്തിൽ താരത്തിന് തിളങ്ങാൻ സാധിക്കാതെ വന്നതോടെ വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമിൽ താരത്തിന് അവസരം നഷ്ടമായി.
ടീം: മായങ്ക് അഗർവാൾ (ക്യാപ്റ്റൻ), കരുൺ നായർ, ആർ. സ്മരൺ, കെ.എൽ. ശ്രീജിത്ത്, ശ്രേയസ് ഗോപാൽ, വൈശാഖ് വിജയകുമാർ, വിദ്വത് കവരപ്പ, അഭിലാഷ് ഷെട്ടി, എം. വെങ്കിടേഷ്, നിക്കിൻ ജോസ്, അഭിനവ് മനോഹർ, കൃതിക് കൃഷ്ണ , കെ.വി. അനീഷ്, മൊഹ്സിൻ ഖാന്‍, ശിഖര്‍ ഷെട്ടി