

ഐപിഎൽ ലേലത്തിന്‍റെ വേദിയിൽ ചാരു ശർമ.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന്‍റെ താരലേലം ഇന്നു ഹോട്ടൽ ലീലാ റാവിസിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ലേല നടപടികൾക്ക് അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ചാരു ശർമയാണു നേതൃത്വം നൽകുന്നത്. ജിയോ ഹോട്ട്സ്റ്റാറിൽ ലേലം തത്സമയം കാണാം.
ആകെ 156 കളിക്കാരാണ് ലേലത്തിൽ ഇടംപിടിക്കുന്നത്. വിവിധ ഫ്രാഞ്ചൈസികൾ 17 താരങ്ങളെ നിലനിർത്തിയിരുന്നു. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെയും വരെ ഒരു ടീമിൽ ഉൾപ്പെടുത്താം. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സൂപ്പർ താരം സഞ്ജു സാംസൺ ഇക്കുറി കെസിഎൽ കളിക്കാനുണ്ടാകില്ല.
പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ,ബി,സി കാറ്റഗറികളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങൾ കളിച്ച എ കാറ്റഗറി താരങ്ങൾക്ക് 3 ലക്ഷം രൂപയാണ് അടിസ്ഥാന വില.
അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ തിളങ്ങിയ ബി കാറ്റഗറിക്കാർക്ക് 1.5 ലക്ഷം രൂപയും ജില്ലാ-സോണൽ-കെസിഎ ടൂർണമെന്‍റുകളിൽ മികവ് തെളിയിച്ച സി കാറ്റഗറിക്കാർക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. ടൂർണമെന്‍റിന്‍റെ രണ്ടാം സീസൺ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി പേരാണ് വീക്ഷിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷം പേരും മത്സരങ്ങൾ കണ്ടിരുന്നു.