
അഹമ്മദാബാദ്: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; സംസ്ഥാന ടീമിന്‍റെ 68 വർഷത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്ത് പ്രീമിയർ ആഭ്യന്തര ടൂർണമെന്‍റായ രഞ്ജി ട്രോഫിയുടെ ഫൈനലിൽ ഇടം നേടുന്നത്. മുംബൈയെ മറികടന്നെത്തിയ വിദർഭയാണ് കലാശ പോരാട്ടത്തിലെ എതിരാളികൾ.
അഞ്ചാം ദിവസത്തിനൊടുവിലും മത്സരത്തിനു ഫലമുണ്ടാകില്ലെന്ന് ഉറപ്പായതോടെ കേരളം - ഗുജറാത്ത് സെമി ഫൈനൽ മത്സരം സമനിലയിൽ അവസാനിപ്പിക്കുകയായിരുന്നു. ഇതോടെ കേരളത്തിന്‍റെ ഫൈനൽ സ്വപ്നം യഥാർഥ‍്യമായി.
രണ്ടാം ഇന്നിങ്സിന് ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് നാലു വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ഇരുപതിൽപ്പരം ഓവറുകൾ മാത്രമാണ് ശേഷിച്ചിരുന്നത്. ആദ‍്യ ഇന്നിങ്സിൽ നേടിയ രണ്ട് റൺസ് ലീഡാണ് കേരളത്തിന്‍റെ ഫൈനൽ പ്രവേശനത്തിൽ നിർണായകമായത്.
കേരളത്തിന്‍റെ ഒന്നാം ഇന്നിങ്സ് സ്കോറായ 457 മറികടക്കാൻ ബാറ്റ് വീശിയ ഗുജറാത്ത് 455 ന് ഓൾ ഔട്ടാകുകയായിരുന്നു. സെഞ്ചുറി നേടിയ മുഹമ്മദ് അസറുദ്ദീനും നാല് വിക്കറ്റ് വീതം സ്വന്തമാക്കിയ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് കേരളത്തെ ചരിത്ര നേട്ടത്തിലേക്കു നയിച്ചത്.
ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിൽ അഞ്ചാം ദിനം കളി ആരംഭിച്ച ഗുജറാത്തിന് ലീഡിനായി 28 റൺസ് മാത്രം മതിയായിരുന്നു, കേരളത്തിനു വേണ്ടിയിരുന്നത് മൂന്ന് വിക്കറ്റും. ഈ മൂന്നു വിക്കറ്റും പിഴുതെറിഞ്ഞ ആദിത‍്യ സർവാതെയാണ് അസാധ്യമെന്നു കരുതിയ ലീഡ് കേരളത്തിന് ഉറപ്പാക്കിയത്. സർവാതെയും ജലജ് സക്സേനയും നാല് വിക്കറ്റ് വീതം വീഴ്ത്തി.
എന്നാൽ, രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ കേരളം ബാറ്റിങ് തകർച്ച നേരിട്ടു. 31 റൺസെടുക്കുന്നതിനിടെ അക്ഷയ് ചന്ദ്രൻ (9), വരുൺ നായനാർ (1) എന്നിവരെ നഷ്ടമായി. എന്നാൽ, രോഹൻ കുന്നുമ്മലും (32) ജലജ് സക്സേനയും (37 നോട്ടൗട്ട്) ചേർന്ന് ഗുജറാത്തിന്‍റെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി.
രോഹന്‍റെയും പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (10) കൂടി വിക്കറ്റ് വീഴ്ത്താൻ ഗുജറാത്തിനു സാധിച്ചെങ്കിലും, ജലജിനൊപ്പം പതിനെട്ടുകാരൻ അഹമ്മദ് ഇമ്രാൻ (57 പന്തിൽ 14) ഉറച്ചു നിന്നതോടെ സമനിലയും ഫൈനലിലെ സ്ഥാനവും ഉറപ്പാക്കുകയായിരുന്നു കേരളം.
ആദ്യ ഇന്നിങ്സിൽ കേരളത്തിനു വേണ്ടി മുഹമ്മദ് അസറുദ്ദീൻ സെഞ്ചുറി നേടിയിരുന്നു. ക്യാപ്റ്റൻ സച്ചിൻ ബേബിയും സൽമാൻ നിസാറും അർധ സെഞ്ചുറികളും നേടി.