രഞ്ജി ട്രോഫി ഫൈനൽ: കേരളം പൊരുതുന്നു

ഏദൻ ആപ്പിൾ ടോമിനും എം.ഡി. നിധീഷിനും മൂന്ന് വിക്കറ്റ് വീതം, ആദിത്യ സർവാതെയ്ക്ക് അർധ സെഞ്ചുറി
Kerala player Aditya Sarwate plays a shot against Vidarbha in Ranji Trophy final

വിദർഭയ്ക്കെതിരേ ബാറ്റ് ചെയ്യുന്ന കേരളത്തിന്‍റെ ആദിത്യ സർവാതെ

Updated on

നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിന്‍റെ രണ്ടാം ദിവസം കേരള ബൗളർമാരുടെ ശക്തമായ തിരിച്ചുവരവ്. 254/4 എന്ന നിലയിൽ രണ്ടാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ച വിദർഭ 379 റൺസിന് ഓൾഔട്ടായി.

മറുപടി ബാറ്റിങ്ങിൽ തിരിച്ചടി നേരിട്ട കേരളത്തിന്‍റെ പ്രതീക്ഷ ഇപ്പോൾ അർധ സെഞ്ചുറിയുമായി ബാറ്റിങ് തുടരുന്ന ആദിത്യ സർവാതെയിൽ. രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ 131/3 എന്ന നിലയിലാണ് കേരളം. ഒന്നാമിന്നിങ്സ് ലീഡ് നേടാൻ ഇനിയും 248 റൺസ് കൂടി വേണം. 66 റൺസെടുത്ത സർവാതെയും ഏഴ് റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയും ക്രീസിൽ.

Eden Apple Tom with other Kerala players

ഏദൻ ആപ്പിൾ ടോമും സഹതാരങ്ങളും

കേരളത്തിനു വേണ്ടി ഏദൻ ആപ്പിൾ ടോം, എം.ഡി. നിധീഷ് എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. എൻ.പി. ബേസിലിന് രണ്ട് വിക്കറ്റ്, ജലജ് സക്സേനയ്ക്ക് ഒന്ന്. 138 റൺസിൽ കളി തുടങ്ങിയ ഡാനിഷ് മലേവാറുടെ വിക്കറ്റാണ് ആദ്യം വീണത്. 153 റൺസെടുത്ത മലേവറിനെ എൻ.പി. ബേസിൽ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു. നൈറ്റ് വാച്ച്മാനായിറങ്ങിയ യാഷ് ഠാക്കൂറിനെ (25) ബേസിൽ തന്നെ വിക്കറ്റിനു മുന്നിലും കുടുക്കി.

സീസണിൽ വിദർഭയുടെ ടോപ് സ്കോററായ യാഷ് റാത്തോഡിനെ (3) നിലയുറപ്പിക്കും മുൻപേ ഏദൻ ആപ്പിൾ ടോം തിരിച്ചയച്ചത് കേരളത്തിനു വലിയ ആശ്വാസമായി.

അക്ഷയ് കർനേവാർ (12) മത്സരത്തിൽ ജലജ് സക്സേനയുടെ ആദ്യ ഇരയായി. തുടർന്ന് ക്യാപ്റ്റൻ അക്ഷയ് വഡ്കറുടെ (23) വിക്കറ്റും ഏദൻ തന്നെ സ്വന്തമാക്കിയതോടെ വിദർഭ 335/9 എന്ന നിലയിൽ. അവസാന വിക്കറ്റ് കൂട്ടുകെട്ടിൽ ഹർഷ് ദുബെയും (12 നോട്ടൗട്ട്) നചികേത് ഭൂടെയും (32) ചേർന്ന് 45 റൺസ് കൂടി കൂട്ടിച്ചേർത്തു.

പക്ഷേ, മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിനു തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ആദ്യ ഓവറിൽ തന്നെ രോഹൻ കുന്നുമ്മൽ (0) പുറത്തായി. മൂന്നാം ഓവറിൽ അക്ഷയ് ചന്ദ്രനും (14). ഇരുവരെയും പേസ് ബൗളർ ദർശൻ നൽകണ്ഡെ ക്ലീൻ ബൗൾ ചെയ്യുകയായിരുന്നു.

NP Basil being congratulated by Rohan Kunnummal

എൻ.പി. ബേസിലിനെ അഭിനന്ദിക്കുന്ന രോഹൻ കുന്നുമ്മൽ.

വിദർഭക്കാരനായ അതിഥി താരം ആദിത്യ സർവാതെയെയാണ് കേരളം മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറക്കിയത്. നാലാമത് യുവതാരം അഹമ്മദ് ഇമ്രാനും ഇറങ്ങി. ഇവരുടെ 93 റൺസ് കൂട്ടുകെട്ട് കേരളത്തെ വൻ തകർച്ചയിൽ നിന്നു രക്ഷപെടുത്തി. സർവാതെ അർധ സെഞ്ചുറി പിന്നിട്ടു.

ഉറച്ച പിന്തുണയുമായി പതിനെട്ടുകാരൻ ഇമ്രാൻ കൂടെ നിന്നെങ്കിലും 83 പന്തിൽ 37 റൺസെടുത്ത് പുറത്തായി. യാഷ് ഠാക്കൂറിന് വിക്കറ്റ്. ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് അഞ്ചാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയത്. 120 പന്ത് നേരിട്ട സർവാതെ പത്ത് ഫോർ ഉൾപ്പെടെയാണ് 66 റൺസെടുത്തത്. സച്ചിൻ ബേബി 23 പന്ത് നേരിട്ടുകഴിഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com