ഹൈദരാബാദിൽ ആവേശപ്പോര്; സണ്‍റൈസേഴ്‌സിനെ കീഴടക്കി കൊൽക്കത്ത

കൊല്‍ക്കത്ത ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 166 റൺസിൽ ഒതുങ്ങി.
ഹൈദരാബാദിൽ ആവേശപ്പോര്; സണ്‍റൈസേഴ്‌സിനെ കീഴടക്കി കൊൽക്കത്ത

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സിനെതിരേ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന് 5 റണ്‍സ് ജയം. കൊല്‍ക്കത്ത ഉയർത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്‌ടത്തിൽ 166 റൺസിൽ ഒതുങ്ങുകയായിരുന്നു.

ഒരു സമയത്ത് ജയം ഉറപ്പിച്ച സൺ സണ്‍റൈസേഴ്‌സ് കളിക്കാർ അനാവശ്യ ഷോട്ടുകൾക്ക് മുതിർന്ന് വിക്കറ്റുകൾ തുലച്ചതാണ് അവർക്കു വിനയായത്. അവസാന ഓവറിൽ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തുകളിൽ റൺ കണ്ടെത്താൻ ഭുവനേശ്വർ കുമാറിനു സാധിച്ചതുമില്ല.

സീസണില്‍ കൊല്‍ക്കത്തയുടെ നാലാം ജയമാണിത്. 8 പോയിന്‍റുകളോടെ കൊൽക്കത്ത എട്ടാം സ്ഥാനത്താണുള്ളത്. തോൽവിയോടെ 6 പോയിന്‍റുമായി സണ്‍റൈസേഴ്‌സ് ഒൻപതാം സ്ഥാനത്തുണ്ട്.

172 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സണ്‍റൈസേഴ്സിന്‍റെ തുടക്കം മോശമാകുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ ഏഴ് ഓവറിനിടെ ടീമിന് 4 വിക്കറ്റ് നഷ്‌ടമായി. 11 പന്തില്‍ 18 റണ്‍സെടുത്ത മായങ്ക് അഗർവാൾ പുറത്തായപ്പോൾ നാലാം ഓവറില്‍ അഭിഷേക് ശര്‍മയും(9) ആറാം ഓവറിൽ രാഹുല്‍ ത്രിപാഠിയും(20) ഏഴാം ഓവറിൽ ഹാരി ബ്രൂക്കും (0) പുറത്തായി. നാല് വിക്കറ്റുകൾ നഷ്ടമായപ്പോൾ സണ്‍റൈസേഴ്‌സിന് 54 റണ്‍സാണു നേടിയിരുന്നത്.

കൈവിട്ടുപോയ മത്സരം അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച മാര്‍ക്രം - ഹെൻറിച്ച് ക്ലാസന്‍ കൂട്ടുകെട്ട് 70 റണ്‍സ് കൂട്ടിച്ചേർത്ത് വിജയ പ്രതീക്ഷ സമ്മാനിച്ചു. 20 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 36 റണ്‍സാണ് ക്ലാസൻ്റെ സംഭാവന. പതിനഞ്ചാം ഓവറിൽ ശാർദൂൽ താക്കൂറിൻ്റെ പന്ത് ക്ലാസൻ നീട്ടി അടിച്ചത് ബൗണ്ടറി ലൈനിൽ ആന്ദ്രെ റസലിന്‍റെ കൈകളിൽ ഭദ്രമാക്കി. പിന്നാലെ 40 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രം 17-ാം ഓവറില്‍ അലക്ഷ്യ ഷോട്ടിലൂടെ പുറത്തായി.

അപ്പോൾ ജയിക്കാൻ വേണ്ടത് 27 റൺസ്. അബ്ദുള്‍ സമദും മാർക്കോ യാന്‍സനും ചേർന്ന് ജയത്തിലേക്ക് അടുപ്പിക്കാൻ പരിശ്രമിച്ചെങ്കിലും യാന്‍സനെയും (1) കൊൽക്കത്ത ഗംഭീര ക്യാച്ചില്‍ തിരിച്ചയച്ചു. പിന്നാലെ 18 പന്തില്‍ 21 റണ്‍സെടുത്ത അബ്ദുള്‍ സമദിനെ അവസാന ഓവറില്‍ വരുണ്‍ ചക്രവര്‍ത്തി മടക്കിയതോടെ ഹൈദരാബാദിന്‍റെ പോരാട്ടം അവസാനിച്ചു. 20 ഓവറും പൂർത്തിയാകുമ്പോള്‍ ഭുവനേശ്വർ 5 റൺസും മായങ്ക് മാർക്കണ്ഡെ 1 റൺസുമായി പുറത്താവാതെ നിന്നു.

കൊൽക്കത്തക്കായി താക്കൂർ, അറോറ എന്നിവർ 2 വിക്കറ്റു വീതം നേടി.

നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്തയുടെ ടോപ് സ്‌കോറർ റിങ്കു സിംഗാണ്. 1 സിക്‌സും നാല് ഫോറുമടക്കം താരം 46 റൺസ് നേടി. സണ്‍റൈസേഴ്സിനായി ടി നടരാജൻ മാർക്കോ യാന്‍സൻ എന്നിവർ 2 വിക്കറ്റ് വീതം സ്വന്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com