ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം

സ്പിന്നർ രവി ബിഷ്ണോയിയെ ഇന്ത‍്യൻ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരേയാണ് ശ്രീകാന്ത് തുറന്നടിച്ചത്
Kris Srikkanth slammed indian team management after loss 2nd t20 against england

കൃഷ്ണമാചാരി ശ്രീകാന്ത്, രവി ബിഷ്ണോയി

Updated on

ന‍്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത‍്യൻ ടീം മാനേജ്മെന്‍റിനെതിരേ രൂക്ഷ വിമർശനവുമായി മുൻ ഇന്ത‍്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. സ്പിന്നർ രവി ബിഷ്ണോയിയെ ഇന്ത‍്യൻ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയ തീരുമാനത്തിനെതിരേയാണ് ശ്രീകാന്ത് തുറന്നടിച്ചത്.

ബിഷ്ണോയിയുടെ 17ാം ഓവർ വളരെ മോശമായിരുന്നുവെന്നും ഇംഗ്ലണ്ടിന്‍റെ വിജയത്തിൽ ഇത് നിർണായകമായെന്നും ശ്രീകാന്ത് പറഞ്ഞു. രവി ബിഷ്ണോയിക്ക് ഓവർ നൽകിയത് ക‍്യാപ്റ്റൻ ശ്രേയസ് അയ്യരുടെ തെറ്റായ തീരുമാനമായിരുന്നുവെന്നും ഇംഗ്ലണ്ട് താരം ജേക്കബ് ബെഥേൽ ബിഷ്ണോയിയെ തകർത്തു കളഞ്ഞെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

ഇത്തവണത്തെ ഐപിഎൽ സീസണിൽ പകുതി മത്സരങ്ങൾ പോലും ബിഷ്ണോയി രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടില്ലെന്നും എന്നാൽ ഈ ടീമിൽ ഇടം നേടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അത് മനസിലാക്കാൻ പ്രയാസമുണ്ടെന്നും ശ്രീകാന്ത് തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞു.

കുൽദീപ് യാദവിനെ പ്ലെയിങ് ഇലവനിൽ നിന്നും ഒഴിവാക്കിയതിൽ തെറ്റില്ലെന്നും അദ്ദേഹം മികച്ച രീതിയിൽ പന്തെറിഞ്ഞിട്ട് കുറച്ചു നാളുകളായെന്നും പക്ഷേ ബിഷ്ണോയിക്കു പകരം കുൽദീപ് ടീമിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും ശ്രീകാന്ത് കൂട്ടിച്ചേർത്തു.

എവിടെ നിന്നാണ് ബിഷ്ണോയി പെട്ടെന്ന് ടീമിൽ എത്തിയതെന്ന് ആർക്കും അറിയില്ല. മൊത്തതിലുള്ള സ്റ്റാറ്റ്സ് നോക്കി അയാളെ ടീമിലെടുക്കുന്നതിൽ പ്രത‍്യേകിച്ച് ഗുണമൊന്നുമില്ല. മൊത്തതിലുള്ള സ്റ്റാറ്റ്സിൽ വിശ്വസിക്കരുത്. നിലവിലുള്ള പ്രകടനമാണ് മുഖ‍്യം.

രണ്ട് സ്പിന്നർമാരെ ടീമിൽ ഉൾപ്പെടുത്തേണ്ടതില്ല. പകരം പേസർ പ്രിൻസ് യാദവിനെ കളിപ്പിക്കണമായിരുന്നു. ഇംഗ്ലീഷ് സാഹചര‍്യങ്ങളിൽ രവി ബിഷ്ണോയി, വരുൺ ചക്രവർത്തി എന്നീ രണ്ട് റിസ്റ്റ് സ്പിന്നർമാരെ കളിപ്പിക്കേണ്ടതിന്‍റെ ആവശ‍്യം എന്താണ്. വരുൺ അല്ലെങ്കിൽ അക്ഷർ പട്ടേൽ ഇവരിൽ ഒരാളെയാണ് കളിപ്പിക്കേണ്ടത്. ഇംഗ്ലണ്ടിൽ എന്തിനാണ് മൂന്ന് സ്പിന്നർമാർ? ഇന്ത‍്യൻ പിച്ചുകളിൽ മാത്രമെ ബിഷ്ണോയി മികച്ച പ്രകടനം കാഴ്ചവയ്ക്കൂ. ശ്രീകാന്ത് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത‍്യൻ ടീമിനെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മുൻ താരങ്ങൾ അടക്കം നിരവധി പേർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകാന്തും തുറന്നടിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 4 ഓവർ പന്തെറിഞ്ഞ രവി ബിഷ്ണോയി 60 റൺസാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും വീഴ്ത്താൻ താരത്തിന് സാധിച്ചിരുന്നില്ല. ബിഷ്ണോയി എറിഞ്ഞ 17ാം ഓവറിൽ 29 റൺസാണ് ജേക്കബ് ബെഥേൽ അടിച്ചെടുത്തത്. ഇത് മത്സരത്തിന്‍റെ ഗതി തന്നെ മാറ്റുകയും ഇംഗ്ലണ്ട് അനായാസം വിജയത്തിലേക്ക് എത്തുകയായിരുന്നു. നോട്ടിങ്ഹാമിൽ ജൂലൈ 7ന് ഇന്ത‍്യൻ സമയം 10 മണിക്കാണ് ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരം ആരംഭിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com