

ലയണൽ മെസി
ന്യൂഡൽഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ശനിയാഴ്ച ഇന്ത്യയിലെത്തും. ഗോട്ട് ഇന്ത്യ ടൂർ 2025ന് ആരംഭം കുറിച്ചു കൊണ്ട് കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ രാവിലെ 10.30നാണ് താരം വന്നിറങ്ങുക. മെസിക്കൊപ്പം ഫോട്ടോ എടുക്കാൻ ആഗ്രഹമുള്ളവർക്ക് മികച്ച അവസരമാണിത്. പക്ഷേ വൻതുക മുടക്കേണ്ടി വരുമെന്ന് മാത്രം. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകർ ആരാധകരിൽ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേർക്കു മാത്രമേ ലഭ്യമാകൂ.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. കോൽക്കത്ത, ഹൈദരാബാദ്, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിലാണ് മെസി എത്തുക. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ ഫുട്ബോൾ തീമിലുള്ള പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
4500 രൂപയാണ് മെസി പങ്കെടുക്കുന്ന പരിപാടികൾക്കായുള്ള ടിക്കറ്റിന്‍റെ ഏറ്റവും കുറഞ്ഞ വില. മുംബൈയിൽ 8250 രൂപയാണ് കുറഞ്ഞ വില. ഇന്‍റർ മയാമിയിലെ താരങ്ങളായ ലൂയി സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരും ഒപ്പമുണ്ടായിരിക്കും. കോൽക്കത്തിയിലെ ശ്രീഭൂമി സ്പോർട്ടിങ് ക്ലബ് ലേക് ടൗൺ മേഖലയിൽ നിർമിച്ച 20 അടി ഉയരമുള്ള മെസി പ്രതിമയും മെസി അനാച്ഛാദനം ചെയ്യും.