
വിരാട് കോലി, രോഹിത് ശർമ
ന‍്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചു വരവിനൊരുങ്ങുകയാണ് രോഹിത് ശർമയും വിരാട് കോലിയും. ഒക്റ്റോബർ 19നാണ് ഏകദിന പരമ്പരയിലെ ആദ‍്യ മത്സരം. കരിയറിന്‍റെ അവസാന കാലഘട്ടത്തിലുള്ള രോഹിത് ശർമയെ അടുത്തിടെ ഇന്ത‍്യൻ ടീമിന്‍റെ ഏകദിന ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.
ടി20യും ടെസ്റ്റും ഇരുവരും നേരത്തെ മതിയാക്കിയിരുന്നതിനാൽ ഇനി 2027 ഏകദിന ലോകകപ്പായിരിക്കും താരങ്ങളുടെ ലക്ഷ‍്യം. അതിനാൽ പരിശീലനം അനിവാര‍്യമാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത് രോഹിത് ശർമയും വിരാട് കോലിയും വിജയ് ഹസാരെ ടൂർണമെന്‍റ് കളിച്ചേക്കുമെന്നാണ്. മൂന്നു മത്സരങ്ങൾ ഇരുവരും കളിച്ചേക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐയുടെ റിപ്പോർട്ടിൽ പറയുന്നു.
ഡിസംബർ 24നാണ് വിജയ് ഹസാരെ ട്രോഫി ആരംഭിക്കുന്നത്. ഇന്ത‍്യയുടെ ന‍്യൂസിലൻഡ് പര‍്യടനത്തിനു മുൻപ് ഇരു താരങ്ങളും വിജയ് ഹസാരെ ടൂർണമെന്‍റിൽ കളിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
രോഹിത് ശർമ 15 വർഷങ്ങൾക്കു ശേഷമാണ് വിജയ് ഹസാരെ കളിക്കാനൊരുങ്ങുന്നത്. അതേസമയം, വിരാട് കോലി ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന രഞ്ജി ട്രോഫിയിൽ ഡൽഹിക്കു വേണ്ടി കളിച്ചിരുന്നു.
12 വർഷങ്ങൾക്ക് ശേഷമാണ് കോലി രഞ്ജി ട്രോഫിയിലേക്ക് മടങ്ങിയെത്തിയതെങ്കിലും 6 റൺസെടുത്ത് പുറത്തായിരുന്നു. ഇന്ത‍്യൻ താരങ്ങൾ നിർബന്ധമായും രഞ്ജി കളിക്കണമെന്ന് ബിസിസിഐ ആവശ‍്യപ്പെട്ടതോടെയാണ് കോലി ഉൾപ്പെടെയുള്ളവർ രഞ്ജി ട്രോഫി കളിക്കാൻ തിരുമാനിച്ചത്.