''അതാണ് കോലിക്ക് അവരുമായുള്ള വ്യത്യാസം...'', സച്ചിനും ഗാംഗുലിക്കും മഞ്ജ്രേക്കറുടെ ഒളിയമ്പ്

സച്ചിൻ ടെൻഡുൽക്കറിൽ നിന്നും സൗരവ് ഗാംഗുലിയിൽ നിന്നു വിരാട് കോലിയെ വ്യത്യസ്തനാക്കുന്നത് എന്താണെന്ന് സഞ്ജയ് മഞ്ജ്രേക്കർ വിശദീകരിക്കുന്നു
Sourav Ganguly, Sachin Tendulkar
സൗരവ് ഗാംഗുലി, സച്ചിൻ ടെൻഡുൽക്കർFile photo
Updated on

ബംഗളൂരു: ശുഭ്‌മൻ ഗില്ലിന്‍റെ അഭാവത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള വിരാട് കോലിയുടെ തീരുമാനത്തിന് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജ്രേക്കറുടെ പ്രശംസ. ഇതിനൊപ്പം, സമാന സാഹചര്യങ്ങളിൽ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും സ്വീകരിച്ചിരുന്ന നിലപാടുകളെ വിമർശിക്കാനും മഞ്ജ്രേക്കർ മടിച്ചില്ല.

ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഗില്ലിനു പകരം ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തിയത് സർഫറാസ് ഖാൻ ആണെങ്കിലും, ആഭ്യന്തര ക്രിക്കറ്റിൽ മിഡിൽ ഓർഡറിലും ലോവർ മിഡിൽ ഓർഡറിലും കളിച്ചാണ് ശീലം. അതിനാൽ ഓപ്പണറായി കളിച്ചിട്ടുള്ള കെ.എൽ. രാഹുലിനെ വൺ ഡൗൺ പൊസിഷനിൽ ബാറ്റ് ചെയ്യിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, ഉത്തരവാദിത്വം ഏറ്റെടുത്ത കോലി മൂന്നാം നമ്പറിൽ കളിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു.

കോലിക്ക് റണ്ണൊന്നും നേടാൻ സാധിച്ചില്ലെങ്കിലും, ആ സ്പിരിറ്റിനെയാണ് മഞ്ജ്രേക്കർ പ്രശംസിച്ചിരിക്കുന്നത്. ഇതാണ് സച്ചിനിൽ നിന്നും ഗാംഗുലിയിൽ നിന്നും കോലിയെ വ്യത്യസ്തനാക്കുന്നതെന്ന രീതിയിലാണ് പ്രതികരണം.

ഏകദിന ക്രിക്കറ്റിൽ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ വലിയ താത്പര്യം കാണിച്ചിരുന്ന സച്ചിനും ഗാംഗുലിയും ടെസ്റ്റ് ക്രിക്കറ്റിൽ ബാറ്റിങ് പൊസിഷൻ മുകളിലേക്കു മാറ്റാൻ സമ്മതിച്ചിരുന്നില്ലെന്നാണ് മഞ്ജ്രേക്കറുടെ വിമർശനം.

ഇന്ത്യക്ക് ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണിങ്ങിലോ വൺ ഡൗൺ പൊസിഷനിലോ പറ്റിയ കളിക്കാരില്ലാതെ വിഷമിച്ച ഘട്ടങ്ങളിൽ പോലും സച്ചിനോ ഗാംഗുലിയോ ആ സ്ഥാനം ഏറ്റെടുക്കാൻ തയാറായിട്ടില്ലെന്നത് വസ്തുതയാണ്. പകരക്കാരന്‍റെ റോളിൽ വിക്കറ്റ് കീപ്പറും ഓപ്പണറും എല്ലാമാകാൻ രാഹുൽ ദ്രാവിഡ് സന്നദ്ധനായിട്ടുമുണ്ട്. ദ്രാവിഡിനു മുൻപ് മഞ്ജ്രേക്കറും ഈ പൊസിഷനുകളിൽ കളിച്ചിരുന്നു. അതേസമയം, ഏകദിന ക്രിക്കറ്റിൽ ഓപ്പണിങ് സ്ലോട്ടിൽ നിന്നു മാറ്റിയ പരിശീലകൻ ഗ്രെഗ് ചാപ്പലുമായി സച്ചിൻ ടെൻഡുൽക്കർ കലഹിക്കുകയും ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com