

മുഹമ്മദ് ഷമി
ന്യൂഡൽഹി: ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് ഷമി വിരമിക്കൽ പ്രഖ്യാപിച്ചത്. ഏകദിനത്തിലും ടി20യിലും 36കാരനായ ഷമി തുടരും.
കരിയറിൽ ഉയർച്ചകളും താഴ്ചകളും ഉണ്ടായെന്നും എന്നാൽ രാജ്യത്തിനായി കളിക്കാനുള്ള പ്രചോദനം എപ്പോഴും മുന്നോട്ടുനയിച്ചെന്നും ഷമി സോഷ്യൽ മീഡിയയിലെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനോട് വിട പറയുകയാണെങ്കിലും ഓർമകൾ എന്നും കൂടെയുണ്ടാകുമെന്നും ഷമി വ്യക്തമാക്കി.
മൂന്ന് ഫോർമാറ്റുകളിലുമായി 462 അന്താരാഷ്ട്ര വിക്കറ്റുകളാണ് ഷമി നേടിയിട്ടുള്ളത്. ഇതിൽ 229 ടെസ്റ്റ് വിക്കറ്റുകളും 206 ഏകദിന വിക്കറ്റുകളും ഉൾപ്പെടുന്നു. ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങളാണ് ഷമി കളിച്ചത്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഷമിയുടെ ടെസ്റ്റ് അരങ്ങേറ്റം. കന്നി പോരാട്ടത്തിൽ തന്നെ ഒൻപത് വിക്കറ്റ് വീഴ്ത്തി മികച്ച തുടക്കം പുറത്തെടുത്തു. 2023ൽ ഓസ്ട്രേലിയക്കെതിരെയാണ് അവസാന ടെസ്റ്റ് കളിച്ചത്.
108 ഏകദിനങ്ങളും 25 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി ഷമി കളിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ ഷമി ആഭ്യന്തര ക്രിക്കറ്റിൽ പശ്ചിമ ബംഗാളിന് വേണ്ടിയാണ് കളിക്കുന്നത്. ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കുറച്ചുകാലം കൂടി വൈറ്റ് ബോൾ ക്രിക്കറ്റ് കളിക്കാൻ ഷമി തുടരും.
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഷമി വിരമിച്ച തീരുമാനത്തിൽ ദുഖമുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ പേസറും ഇന്ത്യൻ ബോളിങ് പരിശീലകനുമായ മോർണെ മോർക്കൽ പ്രതികരിച്ചു. ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനായി ചുമതലയേറ്റ ആദ്യ നാളുകളിൽ ഡ്രസിങ് റൂമിൽ മുഹമ്മദ് ഷമിയുടെ സാന്നിധ്യം തന്നെ ഏറെ സഹായിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2024ൽ ഗൗതം ഗംഭീർ പരിശീലക സംഘത്തിന്റെ ഭാഗമായി ഇന്ത്യൻ ടീമിന്റെ ബോളിങ് പരിശീലകനായാണ് മോർക്കൽ എത്തിയത്. ടെസ്റ്റ് ഫോർമാറ്റിൽ ഷമിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും 2025ന്റെ തുടക്കത്തിൽ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കിടെ താരത്തിനൊപ്പം മോർക്കൽ ജോലി ചെയ്തിരുന്നു. ഇന്ത്യൻ ജെഴ്സിയിൽ ഷമിയുടെ അവസാന മത്സരവുമായിരുന്നു അത്.
'ടീമിനൊപ്പം ആദ്യമായി ചേർന്നപ്പോൾ ഷമി ടീമിന്റെ ഭാഗമായിരുന്നത് വലിയ ഭാഗ്യമായിരുന്നു. മികച്ച കഴിവുകളുള്ള താരമാണ് അദ്ദേഹം. ടീമിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വിലപ്പെട്ടതായിരുന്നു. ഇന്ത്യൻ ടീമിന്റെ രീതികളും ഭാഷയും മനസിലാക്കാൻ അദ്ദേഹം എന്നെ ഏറെ സഹായിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിരമിക്കൽ ദുഃഖകരമായ ദിവസമാണ്' - സോണി സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മോർക്കൽ പറഞ്ഞു.