ആദ്യ മത്സരത്തിനൊരുങ്ങി മുംബൈയും സഞ്ജുവും

ഇരുടീമും തമ്മില്‍ മുമ്പ് നാലു തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ടു മത്സരങ്ങളില്‍വീതം ഇരുടീമും വിജയിച്ചു.
മുംബൈ ടീം പരിശീലനത്തിൽ
മുംബൈ ടീം പരിശീലനത്തിൽ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലഖ്‌നൗ സപ്പര്‍ ജയന്‍റ്‌സിനെ നേരിടും. ഞായർ ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി 7.30ന് മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സിനെയും നേരിടും. ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി പുതിയ പരിക്ഷണത്തിനൊരുങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിനൊരുങ്ങുമ്പോള്‍ എതിരാളികള്‍ പാണ്ഡ്യയുടെ മുന്‍ ടീം ഗുജറാത്ത് ടൈറ്റന്‍സ്. ടൈറ്റന്‍സിന്‍റെ ഹോം ഗ്രൗണ്ടായ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

ഒരു സീസണില്‍ ചാംപ്യന്മാരാവുകയും ഒരു സീസണില്‍ റണ്ണേഴ്‌സ് അപ്പാവുകയും ചെയ്ത ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഈ രണ്ട് വര്‍ഷവും ടീമിനെ നയിച്ചതാകട്ടെ ഹാര്‍ദിക് പാണ്ഡ്യയും. എന്നാല്‍, മുംബൈ ഇന്ത്യന്‍സില്‍നിന്ന് നായകനാകാനുള്ള ഓഫര്‍ എത്തിയപ്പോള്‍ പാണ്ഡ്യ അങ്ങോട്ടു മാറിയതില്‍ ടൈറ്റന്‍സ് ആരാധകര്‍ കലിപ്പിലാണ്.

അതുപോലെ മുംബബൈക്ക് അഞ്ച് കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പദവി അലങ്കരിച്ച രോഹിത് ശര്‍മയെ മാറ്റി ആ സ്ഥാനത്ത് ഹാര്‍ദിക്കിനെ കൊണ്ടുവന്നതില്‍ മുംബൈയുടെ ആരാധകരും കട്ടക്കലിപ്പിലാണ്. ഈ സാഹചര്യത്തിലാണ് ഇന്നത്തെ മത്സരം. ഗുജറാത്തിന്‍റെ തട്ടകത്തിലാണ് മത്സരമെന്നത് മുംബൈയെ സംബന്ധിച്ച് വെല്ലുവിളിയാണ്. പാണ്ഡ്യയുടെ അഭാവത്തില്‍ ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിനെ നയിക്കുന്നത്. എന്നാല്‍, നായകനായുള്ള പരിചയക്കുറവ് ടീമിന് ഒരുപക്ഷേ ദോഷമായേക്കാം. പാണ്ഡ്യയുമായുള്ള രസക്കുറവ് മുംബൈയിലെ പല താരങ്ങള്‍ക്കുമുണ്ട്. അത് മുംബൈക്കും തിരിച്ചടിയായേക്കാം.

നേര്‍ക്കുനേര്‍

ഇരുടീമും തമ്മില്‍ മുമ്പ് നാലു തവണ മാത്രമാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ രണ്ടു മത്സരങ്ങളില്‍വീതം ഇരുടീമും വിജയിച്ചു.

എന്നാല്‍, നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ കളിച്ച രണ്ട് മത്സരങ്ങളിലും വിജയം ഗുജറാത്തിനൊപ്പം നിന്നു. അതുകൊണ്ടുതന്നെ ഹോം ഗ്രൗണ്ടിന്‍റെ അഡ്വാന്‍റേജ് ഗുജറാത്തിനുണ്ട്.

താരങ്ങള്‍

കെയ്ന്‍ വില്യംസണ്‍, ഡേവിഡ് മില്ലര്‍, മാത്യു വെയ്ഡ്, അഹമ്മദുള്ള ഒമര്‍സായി എന്നിവരാണ് ഗുജറാത്തിനൊപ്പമുള്ള പ്രമുഖ വിദേശതാരങ്ങള്‍. ഇവരെ കൂടാതെ റഷീദ് ഖാന്‍, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവരും ഗുജറാത്തിന്‍റെ ബൗളിങ് നിരയിലുണ്ട്. വിജയ് ശങ്കര്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയ ആഭ്യന്തര താരങ്ങളും ഗുജറാത്തിന്‍റെ കരുത്താണ്.

മുംബൈയിലേക്കു വന്നാല്‍ കരുത്തരുടെ നിരയാണവര്‍. രോഹിത് ശര്‍മയും ഇഷാന്‍ കിഷനും ഓപ്പണറായി എത്തുമ്പോള്‍ തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, ഡെവാള്‍ഡ് ബ്രെവിസ്, ഹാര്‍ദിക് പാണഡ്്യ എന്നിവര്‍ മധ്യനിരയുടെ ശക്തിദുര്‍ഗങ്ങളാകും. ജറാള്‍ഡ് കോട്‌സി, മുഹമ്മദ് നബി, ജസ്പ്രീത് ബുമ്ര, ക്വെന മഫാക എന്നീ ബൗളര്‍മാരും മുംബൈയുടെ കരുത്താണ്. മലയാളി താരം വിഷ്ണു വിനോദും മുംബൈ നിരയിലുണ്ട്.

സഞ്ജു തിളങ്ങുമോ?

ആദ്യ മത്സരത്തില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് കെ.എല്‍. രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിനെ നേരിടും. മികച്ച താരങ്ങളെ കൊണ്ടു സമ്പന്നരായ ഇരുടീമും ആദ്യ മത്സരത്തില്‍ വിജയം കാംക്ഷിച്ചാണ് ഇറങ്ങുന്നത്. ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍, ഷിമ്രോണ്‍ ഹിറ്റിമെയര്‍, സഞ്ജു സാംസണ്‍, റോവ്മാന്‍ പവല്‍, ധ്രുവ് ജുറെല്‍ തുടങ്ങി മിന്നുന്ന ഫോമിലുള്ള ബാറ്റര്‍മാരാണ് രാജസ്ഥാന്‍റെ കരുത്ത്.

പേസ് ബൗളിങ് നിരയ്ക്ക് മൂര്‍ച്ച കൂട്ടാന്‍ ട്രെന്‍റ് ബോള്‍ട്ട്, ആവേശ് ഖാന്‍ എന്നിവരുണ്ട്. സ്പിന്നര്‍മാരായി രവിചന്ദ്രന്‍ അശ്വിനും യുസ്വേന്ദ്ര ചാഹലുമുണ്ട്. ലഖ്‌നൗ നിരയിലേക്കു വന്നാല്‍, ദീര്‍ഘകാലമായി പരുക്കിന്‍റെ പിടിയിലായിരുന്ന കെ.എല്‍. രാഹുലിന്‍റെ മടങ്ങിവരവാണ് ശ്രദ്ധേയം. മാര്‍ക്കസ് സ്റ്റോയ്‌നിസ്, ആഷ്ടണ്‍ ടര്‍ണര്‍, ക്വിന്‍റണ്‍ ഡി കോക്ക്, ദേവ് ദത്ത് പടിക്കല്‍, നിക്കോളാസ് പുരാന്‍ എനന്നിവരാണ് ബാറ്റിങ്ങിലെ കരുത്തര്‍. ശിവം മാവി, രവി ബിഷ്‌ണോയി, നവീന്‍ ഉള്‍ ഹഖ്, അര്‍ഷാദ് ഖാന്‍ എന്നിവര്‍ പന്തിന്‍റെ കരുത്ത് കാണിക്കാനെത്തും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com