നീരജ് ചോപ്ര, മനു ഭാകർ, വിനേഷ് ഫോഗട്ട്; ഒളിംപിക് താരങ്ങളുടെ ബ്രാൻഡ് മൂല്യം കുതിച്ചു കയറുന്നു

പാരിസ് ഒളിംപിക്സിനു തൊട്ടു മുൻപു വരെ 246 കോടി രൂപയായിരുന്നു നീരജിന്‍റെ ബ്രാൻഡ് മൂല്യം
Brand value of Olympic stars
നീരജ് ചോപ്ര , മനു ഭാക്കർ , വിനേഷ് ഫോഗട്ട്
Updated on

പാരിസിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ് ചോപ്ര, മനു ഭാക്കർ, വിനേഷ് ഫോഗട്ട് എന്നിവരുടെ താരമൂല്യം കുത്തനെ ഉയരുന്നു. ജാവലിനിൽ ഇത്തവണ വെള്ളി മെഡൽ സ്വന്തമാക്കിയ നീരജാണ് കൂട്ടത്തിൽ ഏറ്റവും അധികം താരമൂല്യമുള്ള താരം.

നീരജ് ചോപ്ര

ടോക്കിയോ ഒളിംപിക്സിൽ സ്വർണ മെഡൽ സ്വന്തമാക്കിയതിനു പിന്നാലെ തന്നെ ഇന്ത്യയിലെ പ്രമുഖ ക്രിക്കറ്റ് താരങ്ങളേക്കാൾ താരമൂല്യം നീരജ് സ്വന്തമാക്കിയിരുന്നു. പാരിസ് ഒളിംപിക്സിനു തൊട്ടു മുൻപു വരെ 246 കോടി രൂപയായിരുന്നു നീരജിന്‍റെ ബ്രാൻഡ് മൂല്യം. ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടേത് തുല്യമായിരുന്നു ഇത്. എന്നാൽ പാരിസിലും മെഡൽ നേട്ടം ആവർത്തിച്ചതോടെ താരമൂല്യം 330 കോടിയിലേക്കു കുതിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആഗോളതലത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്നതാണ് നീരജിന്‍റെ താരമൂല്യത്തിൽ കുത്തനെയുള്ള ഉയർച്ചയ്ക്ക് കാരണമാകുന്നത്. നിലവിൽ അണ്ടർ ആർമർ, സ്വിസ് വാച്ച് നിർമാതാക്കളായ ഒമേഗ എന്നിവർ അടക്കം 21 ബ്രാൻഡുകളാണ് നീരജിന്‍റെ പോർട്ട്ഫോളിയോയിലുള്ളത്. ഈ വർഷം അവസാനിക്കുമ്പോഴേക്കും അത് 34 ആയി വർധിച്ചേക്കും. ലഹരി, അനാരോഗ്യകരമായ ഭക്ഷണ പാനീയങ്ങൾ, വാതുവയ്പ്പ്, ഗെയിമിങ് എന്നിവയിൽ നിന്നെല്ലാം അകലം പാലിക്കുന്നതും മറ്റൊരു കാരണമാണ്.

മനു ഭാക്കർ

പാരിസിൽ നിന്ന് രണ്ടു വെങ്കല മെഡലുകളുമായാണ് മനു ഭാക്കർ മടങ്ങിയത്. 22 കാരിയായ താരത്തിന്‍റെ താരമൂല്യവും അതോടെ ഉയർന്നു. അടുത്തിടെ തംസ് അപ്പുമായി 1.5 കോടി രൂപയുടെ കരാറാണ് മനു ഒപ്പിട്ടത്. ഇതിനിടെ തന്നെ നാൽപ്പതിലേറെ ബ്രാൻഡുകൾ കോടികളുടെ വാഗ്ദാനവുമായി മനുവിനെ സമീപിച്ചിട്ടുണ്ട്. ഒളിംപിക്സിൽ മെഡൽ ലഭിച്ചതിനു പിന്നാലെ ആറിരട്ടി വർധനവാണ് മനുവിന്‍റെ താരമൂല്യത്തിൽ ഉണ്ടായത്. ഒളിംപിക്സിനു മുൻപ് 25 ലക്ഷം രൂപ വരെയായിരുന്നു മനുവിന്‍റെ മൂല്യം. ഇപ്പോഴത് ഒന്നരക്കോടിയായി ഉയർന്നു.

വിനേഷ് ഫോഗട്ട്

ഒളിംപിക്സിൽ മെഡൽ ലഭിച്ചില്ലെങ്കിൽ ഇന്ത്യ ഹൃദയത്തിലേറ്റിയ താരമാണ് വിനേഷ് ഫോഗട്ട്. ഗുസ്തി ഫൈനലിനു തൊട്ടു മുൻപ് വെറും 100 ഗ്രാം ഭാരക്കൂടുതൽ മൂലം താരം അയോഗ്യയാക്കപ്പെടുകയായിരുന്നു. മത്സരിച്ചിരുന്നുവെങ്കിൽ ഒരു മെഡൽ ഉറപ്പായിരുന്നുവെങ്കിലും ഭാഗ്യ വിനേഷിനെ തുണച്ചില്ല. എങ്കിലും ബ്രാൻഡ് മൂല്യത്തിൽ വിനേഷിനും വൻ കുതിപ്പാണുണ്ടായത്. മുൻപ് ബ്രാൻഡ് മൂല്യം 25 ലക്ഷമായിരുന്നതെങ്കിൽ ഇപ്പോഴത് ഒരു കോടി രൂപ വരെയായി വർധിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com