കാർഗിൽ യുദ്ധത്തിന് മുൻപ് ഭാര്യയ്ക്ക് കത്തെഴുതിയ സൈനികൻ; ഇപ്പോൾ മകനെ ഇന്ത്യൻ ജെഴ്സിയിൽ കാണാൻ ആദ്യമായി വിദേശത്ത്

കാർഗിൽ മലനിരകളിൽ രാജ്യത്തിനായി പോരാടിയ താൻ ഇപ്പോൾ ക്രിക്കറ്റ് മൈതാനത്ത് മകൻ ഇന്ത്യയ്ക്കായി കളിക്കുന്നത് കാണുമ്പോൾ അഭിമാനമുണ്ടെന്ന് ധ്രുവ് ജുറലിന്‍റെ അച്ഛൻ നേം ചന്ദ്
Nem Chand Jurel Kargil War Dhruv Jurel Father

അച്ഛനമ്മമാർക്കൊപ്പം ധ്രുവ് ജുറൽ.

File photo

Updated on: 

ക്രൈസ്റ്റ്ചർച്ച്: 1999-ലെ കാർഗിൽ യുദ്ധത്തിന് പുറപ്പെടുന്നതിന് മുമ്പ് നേം ചന്ദ് ജുറൽ ഭാര്യയ്ക്ക് ഒരു കത്തെഴുതി. വരും ദിവസങ്ങൾ തങ്ങളുടെ കുടുംബജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ചേക്കാമെന്ന് തിരിച്ചറിഞ്ഞ ഒരു സൈനികന്‍റെ കരുതലായിരുന്നു ആ കത്ത്. താൻ തിരിച്ചെത്തിയില്ലെങ്കിൽ സമ്പാദ്യവും സ്ഥിരനിക്ഷേപങ്ങളും എങ്ങനെ ഉപയോഗിക്കണമെന്ന് അദ്ദേഹം അതിൽ വിശദീകരിച്ചു.

"യുദ്ധം തുടങ്ങിയപ്പോൾ ഭാര്യയ്ക്ക് കത്തെഴുതിയത് ഓർമയുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ പണം എങ്ങനെ ക്രമീകരിക്കണമെന്നും പണം വിവേകത്തോടെ ഉപയോഗിക്കണമെന്നും ഞാൻ എഴുതിയിരുന്നു," നേം ചന്ദ് ഓർത്തെടുത്തു.

എട്ടാം ജാട്ട് റെജിമെന്‍റിൽ അംഗമായിരുന്ന നേം ചന്ദ് കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തു. 2008-ൽ സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷവും ആ ഓർമകൾ അദ്ദേഹത്തിന്‍റെ മനസിലുണ്ട്. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം മറ്റൊരു പടക്കളത്തിൽ തന്‍റെ മകൻ ധ്രുവ് ജുറൽ ഇന്ത്യയ്ക്കായി പോരാടുന്നത് കാണുകയാണ് ഈ മുൻ സൈനികൻ. മികച്ച പ്രകടനങ്ങൾക്ക് ശേഷം പിതാവിനെ നോക്കി സല്യൂട്ട് നൽകുന്ന രീതിയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ ധ്രുവിന്‍റേത്.

യുദ്ധം അവസാനിച്ച് റെജിമെന്‍റ് മലനിരകളിൽ നിന്ന് താഴേക്കിറങ്ങിയ ദിവസം നേം ചന്ദ് ഇപ്പോഴും ഓർക്കുന്നു. "ഞങ്ങൾ പൂർണ കരുത്തോടെ കാർഗിൽ യുദ്ധം ചെയ്തു. യുദ്ധം കഴിഞ്ഞപ്പോൾ മലനിരകളിൽ നിന്ന് ആദ്യം താഴെയിറങ്ങിയത് എട്ടാം ജാട്ട് റെജിമെന്‍റായിരുന്നു. വിജയത്തിന് ശേഷം സമതലത്തിലെത്തിയപ്പോൾ അവിശ്വസനീയമായ അനുഭവമായിരുന്നു. ജൂലൈ 26 വിജയ് ദിവസമായി പ്രഖ്യാപിച്ചു; ജൂലൈ 27-നാണ് ഞങ്ങൾ താഴെയിറങ്ങിയത്," അദ്ദേഹം പറഞ്ഞു.

യുദ്ധസമയത്ത് ധ്രുവ് ജനിച്ചിരുന്നില്ല. മകൾ അന്നുണ്ടായിരുന്നു. അതിർത്തിയിൽ പ്രിയപ്പെട്ടവരുള്ളതിന്‍റെ ആശങ്ക കുടുംബം നേരിട്ടു. ഇപ്പോൾ മകൻ രാജ്യത്തിനായി കളിക്കുന്നത് കാണുമ്പോൾ മറ്റൊരു വികാരമാണ് അനുഭവപ്പെടുന്നത്.

ആദ്യകാലത്ത് പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും പിന്നീട് ക്രിക്കറ്റിന് പ്രാധാന്യമായതോടെ ധ്രുവിന്‍റെ പഠനം പിന്നിലായി. പത്താം ക്ലാസ് കടമ്പ ഏറെക്കുറെ കടന്നുകൂടുകയായിരുന്നു. എന്നാൽ, മകന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്ന് നേം ചന്ദ് വ്യക്തമാക്കി. ബാറ്റായാലും ഷൂസായാലും മറ്റ് ഉപകരണങ്ങളായാലും ഒന്നിനും കുറവ് വരുത്തിയിട്ടില്ല.

മകന്‍റെ കളി കാണാനായി ഭാര്യയ്‌ക്കൊപ്പം ആദ്യമായാണ് നേം ചന്ദ് വിദേശയാത്ര നടത്തുന്നത്. "ആദ്യമായാണ് വിദേശത്ത് വരുന്നത്. പാപ്പ വരൂ എന്ന് ധ്രുവ് പറഞ്ഞു. പരമ്പരയ്ക്ക് ശേഷം എവിടേക്കെങ്കിലും യാത്ര പോകണമോ എന്ന് അവൻ തീരുമാനിക്കും. അവൻ കുറച്ചേ സംസാരിക്കാറുള്ളൂ, ഞങ്ങൾ കുറച്ചേ ചോദിക്കാറുള്ളൂ," അദ്ദേഹം പറഞ്ഞു.

ധ്രുവിന്‍റെ അന്താരാഷ്ട്ര അരങ്ങേറ്റ വേളയിൽ അച്ഛനും മകനും വ്യത്യസ്ത പദ്ധതികളായിരുന്നു. "അവൻ അരങ്ങേറ്റം കുറിച്ചപ്പോൾ ഞാൻ വൃന്ദാവനിൽ ബാങ്കെ ബിഹാരി ദർശനത്തിന് പോയിരിക്കുകയായിരുന്നു. ധ്രുവ് വിളിച്ചെങ്കിലും ഞാൻ നിരസിച്ചു. ഞങ്ങൾ ഠാക്കൂർജിയുടെ ഭക്തരാണ്," നേം ചന്ദ് പറഞ്ഞു.

വിശ്വാസം എന്നും ജീവിതത്തിന്‍റെ ഭാഗമായിരുന്നു. വികാരങ്ങൾ പുറത്തുപറയാറില്ലെങ്കിലും മകന്‍റെ നേട്ടങ്ങൾ തനിക്ക് ഏറെ വിലപ്പെട്ടതാണെന്ന് നേം ചന്ദിന്‍റെ വാക്കുകളിൽ വ്യക്തം. കാർഗിൽ മലനിരകളിൽ കാവൽ നിന്ന സൈനികൻ ഇന്ന് ക്രിക്കറ്റ് മൈതാനത്ത് മകന്‍റെ പോരാട്ടം കാണുന്നു. നേട്ടങ്ങൾക്കു ശേഷം ധ്രുവ് ഉയർത്തുന്ന ഓരോ സല്യൂട്ടും രാജ്യത്തിനായി പോരാടാൻ പഠിപ്പിച്ച പിതാവിനുള്ള ആദരവാണ്.