ടി20 ലോകകപ്പ്: ന്യൂസിലൻഡിനെ വില്യംസൺ നയിക്കും, കോൺവെയും ടീമിൽ

ടിം സൗത്തിക്ക് ഏഴാം ലോകകപ്പ്, രചിൻ രവീന്ദ്രയ്ക്കും മാറ്റ് ഹെൻറിക്കും കന്നിയങ്കം.
New Zealand announces T20 world cup squad
ട്വന്‍റി20 ലോകകപ്പിനുള്ള ടീം ജെഴ്സി പ്രകാശനം.
Updated on: 

ഓക്ക്‌ലൻഡ്: ജൂണിൽ ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിനുള്ള ന്യൂസിലൻഡ് ടീം പ്രഖ്യാപിച്ചു. കെയിൻ വില്യംസൺ തന്നെയാണ് ടീമിന്‍റെ നായകൻ. പരുക്കിന്‍റെ പിടിയിലുള്ള ഓപ്പണർ ഡെവൺ കോൺവെയും ടീമിലുണ്ട്. ഫസ്റ്റ് ചോയ്സ് താരങ്ങളിൽ ആഡം മിൽനിക്കു മാത്രമാണ് ഇടം കിട്ടാതെ പോയത്. കാൽക്കുഴയ്ക്ക് ശസ്ത്രക്രിയ നടത്താൻ തയാറെടുക്കുകയാണ് മിൽനി.

ടിം സൗത്തി, ട്രെന്‍റ് ബൗൾട്ട് തുടങ്ങിയ വെറ്ററൻ താരങ്ങൾ ഉൾപ്പെടെ പരിചയസമ്പന്നമായ നിരയെയാണ് ന്യൂസിലൻഡ് അണിനിരത്തുന്നത്. സൗത്തിക്ക് ഇത് ഏഴാമത്തെ ടി20 ലോകകപ്പ് ആയിരിക്കും.

രചിൻ രവീന്ദ്രയും മാറ്റ് ഹെൻറിയും മാത്രമാണ് ആദ്യമായി ലോകകപ്പ് കളിക്കാൻ പോകുന്നത്. പതിനഞ്ചംഗ ടീം കൂടാതെ പേസ് ബൗളർ ബെൻ സിയേഴ്സിനെ റിസർവായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ചെന്നൈ സൂപ്പർ കിങ്സിന്‍റെ താരമായ കോൺവെ പരുക്ക് കാരണം ഈ സീസണിൽ കളിച്ചിട്ടില്ല. എന്നാൽ, ചെന്നൈയിൽ ടീമിനൊപ്പം പരിശീലന സെഷനുകളിൽ പങ്കെടുത്തിരുന്നു. കോൺവെ തന്നെയായിരിക്കും ലോകകപ്പിൽ ന്യൂസിലൻഡിന്‍റെ ഓപ്പണറും ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറും. പരുക്കിൽനിന്നു തിരിച്ചു വരുന്ന ഫിൻ അലനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

ടീം ഇങ്ങനെ: കെയിൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ട്രെന്‍റ് ബൗൾട്ട്, മൈക്കൽ ബ്രേസ്‌വെൽ, മാർക്ക് ചാപ്‌മാൻ, ഡെവൺ കോൺവെ, ലോക്കി ഫെർഗൂസൻ, മാറ്റ് ഹെൻറി, ഡാരിൽ മിച്ചൽ, ജിമ്മി നീഷം, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്‍റ്നർ, ഇഷ് സോധി, ടിം സൗത്തി, ബെൻ സിയേഴ്സ്.

logo
Metro Vaartha
www.metrovaartha.com