

ലക്ഷ്മൺ ശിവരാമകൃഷ്ണൻ.
വ്യാജപ്രചരണങ്ങൾ തന്‍റെ ജീവിതം തകർത്തുവെന്ന ആരോപണവുമായി മുൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ. കൗമാരകാലത്ത് തന്നെ ക്രിക്കറ്റ് താരമായി മാറിയ ശിവരാമകൃഷ്ണൻ മദ്യത്തിന് അടിമയാണെന്ന വിധത്തിലുള്ള പ്രചരണം ശക്തമായിരുന്നു. അതു മൂലം പെൺമക്കളെ തനിക്ക് വിവാഹം കഴിച്ചു തരാൻ മാതാപിതാക്കൾ ഒരുക്കമായിരുന്നില്ലെന്നാണ് ശിവരാമകൃഷ്ണൻ ആരോപിക്കുന്നത്.
ഒരുകാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ശിവരാമകൃഷ്ണൻ. കടുത്ത വർണവിവേചനത്തിനൊപ്പം മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന പ്രചരണവും തനിക്കെതിരേ ഉണ്ടായിരുന്നുവെന്നും അതോടെയാണ് താൻ വിഷാദത്തിൽ അമർന്നതെന്നുമാണ് ശിവരാമകൃഷ്ണൻ പറയുന്നത്. 17 വയസിലാണ് ഇന്ത്യക്കു വേണ്ടി ശിവരാമകൃഷ്ണൻ ആദ്യമായി കളിക്കളത്തിലെത്തുന്നത്.
ആളുകൾക്ക് എപ്പോഴും മോശം കാര്യങ്ങൾ പറഞ്ഞു പരത്താനാണ് ഇഷ്ടം. 16 മുതൽ 19 വയസു വരെയുള്ള കാലത്തായിരുന്നു ക്രിക്കറ്റിനു വേണ്ടി യാത്ര ചെയ്തിരുന്നത്. ആ പ്രായത്തിലുള്ള ഒരു കുട്ടിക്ക് ഹോട്ടലിൽ ആരെങ്കിലും മദ്യം വിളമ്പുമോ? എന്‍റെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ല. ദിവസവും ഒന്നോ രണ്ടോ ബിയർ കുടിക്കുന്ന ശീലമുണ്ടായിരുന്നു. അതിന്‍റെ പേരിൽ 19 വയസുള്ള കുട്ടിയെ മദ്യത്തിനും മയക്കുമരുന്നിനും അടിമയെന്ന് വിളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാകുമോ എന്നും ശിവരാമകൃഷ്ണൻ ചോദിക്കുന്നു.
അക്കാലത്ത് തന്‍റെ മാതാപിതാക്കൾ തനിക്കു വേണ്ടി വധുവിനെ തെരഞ്ഞിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് പ്ലേയർ, ഒരു ഫ്ലാറ്റിന്‍റെ ഉടമസ്ഥൻ എന്നെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള ഒരു പരസ്യവും നൽകി. രണ്ട് ആഴ്ചയ്ക്കു ശേഷവും ഒരാൾ പോലും ആ പരസ്യത്തോട് പ്രതികരിച്ചില്ല. കാരണം അപ്പോഴേക്കും വ്യാജപ്രചരണങ്ങൾ എന്‍റെ പ്രതിച്ഛായയെ അപ്പാടെ തകർത്തിരുന്നു. പെൺമക്കളെ എനിക്ക് വിവാഹം കഴിച്ചു തരാൻ ഒരു മാതാപിതാക്കളും ആഗ്രഹിച്ചിരുന്നില്ലെന്നും ശിവരാമകൃഷ്ണൻ.
1987ൽ ശിവരാമകൃഷ്ണൻ കരിയറിൽ നിന്ന് വിരമിച്ചു. പിന്നീട് കമന്‍ററിയിൽ സജീവമായിരുന്നു. പക്ഷേ കൊവിഡ് ലോക് ഡൗൺ സമയത്ത് ശിവരാമകൃഷ്ണൻ കടുത്ത മാനസിക പ്രശ്നങ്ങളിലൂടെയാണ് കടന്നു പോയത്.
അക്കാലത്ത് കണ്ണാടിയിൽ നോക്കാൻ പോലും സാധിക്കില്ലായിരുന്നുവെന്ന് ശിവരാമകൃഷ്ണൻ. ദിവസവും ഒന്നോ രണ്ടോ പെഗ് മദ്യം കഴിച്ച് കിടന്നുറങ്ങും. എഴുന്നേൽക്കുമ്പോഴെല്ലാം മരിച്ചാൽ മതിയെന്ന തോന്നലാണ്. ആത്മഹത്യാ ചിന്തകൾ ശക്തമായിരുന്നു. അപ്പോഴും എല്ലാത്തിനും കാരണം മദ്യമാണെന്ന് ലോകം വിധിയെഴുതിയെന്നും ശിവരാമകൃഷ്ണൻ പറയുന്നു.