ഫൈനലുകളിൽ നിറം മങ്ങുന്ന രാജകുമാരൻ

ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത‍്യ ജേതാക്കളായെങ്കിലും ശുഭ്മൻ ഗില്ലിന് മികച്ച പ്രകടനം ഒന്നും തന്നെ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല
once again shubman gill failed in finals

ശുഭ്മൻ ഗിൽ

Updated on

മനസുകൊണ്ടുള്ള കളിയാണ് ക്രിക്കറ്റ് എന്നാണ് മുൻ ഇംഗ്ലണ്ട് താരം മൈക്ക് ബ്രിയർലി പറയുന്നത്. അദ്ദേഹത്തിന്‍റെ പരാമർശത്തിൽ ഒരിക്കലും തെറ്റ് പറ്റിയിട്ടില്ലെന്നു വേണം കരുതാൻ. ഒരു ടീമിലെ 11 പേരും കളിക്കളത്തിൽ ഇറങ്ങുന്നു, അതിൽ മനസിനെ ഏറ്റവും നന്നായി മത്സരത്തിന് അനുയോജ‍്യമാക്കി മാറ്റുന്നയാൾ കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നു. ഇതിന് ഉത്തമ ഉദാഹരണമാണ് മുൻ ഓസ്ട്രേലിയൻ ക‍്യാപ്റ്റൻ റിക്കി പോണ്ടിങ്. മനസിനെ മത്സരത്തിന് അനുയോജ‍്യമാക്കി പോണ്ടിങ് നിരവധി തവണ ടീമിനെ വിജയത്തിലേക്ക് നയിച്ചിട്ടുണ്ട്. സമ്മർദ സാഹചര‍്യങ്ങളിൽ തെല്ലും ഭയമില്ലാതെ 2003 ലോകകപ്പിൽ അദ്ദേഹം നേടിയ മാസ്റ്റർ ക്ലാസ് സെഞ്ചുറി അത് അടയാളപ്പെടുത്തുന്നു.

അങ്ങനെ സമ്മർദ സാഹചര‍്യത്തെ വേണ്ട രീതിയിൽ കൈകാര‍്യം ചെയ്തിട്ടുള്ള താരമാണ് ഇന്ത‍്യയുടെ സ്വന്തം വിരാട് കോലി. 2012ൽ ത്രിരാഷ്ട്ര പരമ്പരയിൽ ശ്രീലങ്കയ്ക്കെതിരേ നേടിയ സെഞ്ചുറി, പാക്കിസ്ഥാനെതിരേ 2012 ഏഷ‍്യ കപ്പിൽ പുറത്താവാതെ നേടിയ 183 റൺസ് എന്നിവയെല്ലാം കോലിയിലെ പ്രതിഭയെ സൂചിപ്പിക്കുന്നു. എന്നാൽ, 36 വയസുകാരനായ കോലി നിലവിൽ കരിയറിന്‍റെ അവസാന കാലങ്ങളിലാണ്. ടെസ്റ്റ് ക്രിക്കറ്റിനും ട്വന്‍റി20ക്കും ഗുഡ് ബൈ പറഞ്ഞ താരം ഏകദനത്തിൽ മാത്രമാണ് സജീവമായിട്ടുള്ളത്.

once again shubman gill failed in finals
''സച്ചിനും കോലിയും ഇങ്ങനെ ചെയ്തിട്ടില്ല''; ബാറ്റിൽ എഴുതിയ വാചകത്തിന്‍റെ പേരിൽ ഗില്ലിനു വിമർശനം

ഇന്ത‍്യൻ വൈസ് ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെയാണ് അടുത്ത കോലിയായി ആരാധകരും നിരീക്ഷകരും വിലയിരുത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ ദൈവമെന്നും വിരാട് കോലിയെ കിങ് കോലിയെന്നും വിശേഷിപ്പിക്കുന്ന പോലെയാണ് ഗില്ലിനെ 'പ്രിൻസ്' (രാജകുമാരൻ) എന്ന് വിളിക്കുന്നത്. എന്നാൽ, നിർണായക മത്സരങ്ങളിൽ രാജകുമാരൻ നിറം മങ്ങുന്ന പ്രകടനങ്ങളാണ് പുറത്തെടുത്തിരിക്കുന്നതെന്നാണ് കണക്കുകൾ പരിശോധിക്കുമ്പോൾ മനസിലാവുന്നത്.

ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ഇന്ത‍്യ ജേതാക്കളായെങ്കിലും ശുഭ്മൻ ഗില്ലിന് മികച്ച പ്രകടനം ഒന്നും തന്നെ കാഴ്ചവയ്ക്കാൻ സാധിച്ചിരുന്നില്ല. 7 മത്സരങ്ങളിൽ നിന്നും 127 റൺസ് മാത്രമേ താരത്തിന് നേടാനായുള്ളൂ. പാക്കിസ്ഥാനെതിരേ നേടിയ 47 റൺസാണ് ഗില്ലിന്‍റെ ഏഷ‍്യ കപ്പ് ടൂർണമെന്‍റിലെ ഉയർന്ന വ‍്യക്തിഗത സ്കോർ.

പാക്കിസ്ഥാനെതിരായ നിർണായക ഫൈനലിൽ താരത്തിന് ആകെ നേടാനായത് 12 റൺസാണ്. ഗിൽ ഫൈനലുകളിൽ പരാജയപ്പെടുന്നത് ആദ‍്യമായിട്ടല്ല.

2021ലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനൽ (28, 8), 2023ലെ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് (13, 18), 2023 ഏഷ‍്യ കപ്പ് (27), 2023 ഏകദിന ലോകകപ്പ് (4 ), 2025ലെ ചാംപ‍്യൻ ട്രോഫി (31), 2025 ഏഷ‍്യ കപ്പ് (12) എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.

ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ ഗിൽ പുറത്തായ പന്തുകൾ പരിശോധിക്കുകയാണെങ്കിൽ നമുക്ക് മനസിലാകും ഇൻസ്വിങ്ങർ കളിക്കാൻ താരം എത്രത്തോളം കഷ്ടപ്പെടുന്നുവെന്ന്. 2021ലെ ഇംഗ്ലണ്ടിന്‍റെ ഇന്ത‍്യൻ പര‍്യടനത്തിൽ ജയിംസ് ആൻഡേഴ്സണാണ് ഈ തന്ത്രം ആദ‍്യമായി പ്രയോഗിക്കുന്നത്. തുടർന്ന് കൈൽ ജാമിസൻ മുതൽ ഒമാൻ താരം ഫൈസൽ ഷാ വരെ ഗില്ലിന്‍റെ ഈ ദൗർബല്യം മുതലെടുത്തു.

ശ്രേയസ് അയ്യർക്ക് ഷോർട്ട് ബോൾ കളിക്കാൻ പ്രയാസമുണ്ടായിരുന്നതു പോലെയാണ് ഗില്ലിന് ഓഫ് സ്റ്റംപിനു മുന്നിൽ പിച്ച് ചെയ്ത് മിഡിൽ സ്റ്റംപിലേക്കു പായുന്ന ഇൻ സ്വിങ്ങർ. ലെഗ് സൈഡ് ദൗർബല്യം സൗരവ് ഗാംഗുലിയും ഷോർട്ട് ബോൾ ബാധ്യത ശ്രേയസ് അയ്യരും പരിഹരിച്ചതു പോലെ ഗില്ലിനും ഇതു പരിഹരിക്കാനായാൽ രാജകുമാരൻ ഒരുപക്ഷേ രാജാവായേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com