

മുഹമ്മദ് റിസ്‌വാൻ
സിൽഹെറ്റ്: പാക്കിസ്ഥാനെതിരേ ഹോം ഗ്രൗണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ച് ബംഗ്ലാദേശ്. സിൽഹെറ്റിൽ നടന്ന രണ്ടാം ടെസ്റ്റ് മത്സരത്തിൽ 78 റൺസിന് ബംഗ്ലാദേശ് വിജയിച്ചതോടെയാണ് പരമ്പര സ്വന്തമാക്കിയത്. ആദ‍്യമായാണ് ബംഗ്ലാദേശ് പാക്കിസ്ഥാനെതിരേ സ്വന്തം മണ്ണിൽ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്.
7 വിക്കറ്റ് നഷ്ടത്തിൽ 317 റൺസെന്ന നിലയിലാണ് പാക്കിസ്ഥാൻ അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ചത്. 75 റൺസുമായി മുഹമ്മദ് റിസ്‌വാനും 8 റൺസുമായി മറുവശത്ത് സാജിത് ഖാനുമായിരുന്നു ക്രീസിൽ. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 50 റൺസ് സഖ‍്യം ഉണ്ടാക്കി റൺസ് ഉയർത്തിയെങ്കിലും വിജയലക്ഷ‍്യം മറികടക്കാനായില്ല. തായ്‌ജുൾ ഇസ്‌ലാമിന് വിക്കറ്റ് നൽകി സാജിത് ഖാൻ മടങ്ങി. പിന്നാലെ തന്നെ റിസ്‌വാനും ഖുറാം ഷഹ്സാദും മടങ്ങിയതോടെ ടീം ഓൾഔട്ടായി.
94 റൺസ് നേടിയ മുഹമ്മദ് റിസ്‌വാൻ തന്നെയാണ് പാക്ക് ബാറ്റിങ് നിരയിലെ ടോപ് സ്കോറർ. റിസ്‌വാനു പുറമെ ക‍്യാപ്റ്റൻ ഷാൻ മസൂദ് 71 റൺസും സൽമാൻ ആഘ 71 റൺസും ബാബർ അസം 47 റൺസും പുറത്തെടുത്തിരുന്നു. സൗദ‍് ഷക്കീലിനും (6) പുതുമുഖ താരം അബ്ദുള്ള ഫസലിനും (6) തിളങ്ങാനായില്ല. ബംഗ്ലാദേശിനു വേണ്ടി 6 വിക്കറ്റ് വീഴ്ത്തിയ തായ്‌ജുൽ ഇസ്‌ലാമാണ് പാക്കിസ്ഥാനെ തകർത്തത്. തായ്ജുളിനു പുറമെ നഹീദ് റാണ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷൊറിഫുൾ ഇസ്‌ലാമും മഹ്‌ദി ഹസൻ മിറാസും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 278 റൺസിന് പാക്കിസ്ഥാൻ പുറത്താക്കിയിരുന്നു. ഖുറാം ഷെഹ്സാദ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് അബ്ബാസ് മൂന്നും ഹസൻ അലി രണ്ടും സാജിത് ഖാൻ ഒരു വിക്കറ്റും വീഴ്ത്തി.
ടോപ് ഓർഡർ തകർന്നടിഞ്ഞ ബംഗ്ലാദേശിനു വേണ്ടി ലിറ്റൺ ദാസ് മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ കൂട്ടത്തകർച്ചയിൽ നിന്നും രക്ഷിച്ചു. 159 പന്തുകൾ നേരിട്ട താരം 126 റൺസാണ് അടിച്ചെടുത്തത്. എന്നാൽ ലീഡ് ലക്ഷ‍്യം വച്ച് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 232 റൺസിന് ഓൾഔട്ടായത് തിരിച്ചടിയായി. 68 റൺസ് നേടിയ ബാബർ മാത്രമാണ് പാക്ക് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. ക‍്യാപ്റ്റൻ ഷാൻ മസൂദ് അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തുകയായിരുന്നു.