

റോബർട്ട് ലെവൻഡോവ്സ്കി.
സ്റ്റോക്ക്ഹോം: പോളണ്ടിന്‍റെ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്സ്കി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. ലോകകപ്പ് പ്ലേഓഫ് ഫൈനലിൽ സ്വീഡനോട് തോറ്റ് പോളണ്ട് പുറത്തായതിന് പിന്നാലെയാണ് വിരമിക്കൽ സൂചനയുമായി താരം രംഗത്തെത്തിയത്.
ആവേശം നിറഞ്ഞ പ്ലേഓഫ് ഫൈനലിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് സ്വീഡൻ പോളണ്ടിനെ തകർത്തത്. കളിയുടെ 88-ാം മിനിറ്റിൽ വിക്ടർ ഗ്യോക്കറസ് നേടിയ ഗോളാണ് പോളണ്ടിന്‍റെ ലോകകപ്പ് സ്വപ്നങ്ങൾ തകർത്തത്.
മത്സരത്തിന് പിന്നാലെ, ക്യാപ്റ്റന്‍റെ ആംബാൻഡ് കയ്യിലേന്തി നിൽക്കുന്ന ചിത്രം ലെവൻഡോവ്സ്കി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. "Time to Say Goodbye" എന്ന ഗാനത്തോടൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തത്.
റെക്കോഡുകളുടെ തമ്പുരാൻ
37-കാരനായ ലെവൻഡോവ്സ്കി പോളണ്ടിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമാണ്. 165 മത്സരങ്ങളിൽ നിന്നായി 89 ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
2008-ൽ സാൻ മരീനോയ്ക്കെതിരെ ഗോളടിച്ചു കൊണ്ട് തുടങ്ങിയ രാജ്യാന്തര കരിയറിൽ രണ്ട് ലോകകപ്പുകളിൽ മാത്രമാണ് അദ്ദേഹത്തിന് പങ്കെടുക്കാൻ സാധിച്ചത്. 2022 ലോകകപ്പിൽ പോളണ്ടിനെ പ്രീ-ക്വാർട്ടറിൽ എത്തിച്ചതാണ് മികച്ച നേട്ടം.
അനിശ്ചിതത്വത്തിൽ ക്ലബ്ബ് കരിയറും
ദേശീയ ടീമിൽ മാത്രമല്ല, ക്ലബ്ബ് തലത്തിലും ലെവൻഡോവ്സ്കിയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ബാഴ്സലോണയുമായുള്ള അദ്ദേഹത്തിന്‍റെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ഈ സീസണിൽ ബാഴ്സയ്ക്കായി 37 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
സെപ്റ്റംബറിൽ നടക്കുന്ന നേഷൻസ് ലീഗ് മത്സരങ്ങളാണ് പോളണ്ടിന് അടുത്തതായി ഉള്ളത്. ലെവൻഡോവ്സ്കി ഇല്ലാതെയാകുമോ പോളണ്ട് അന്ന് കളത്തിലിറങ്ങുക എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.