
പ്രഗ‍്യാൻ ഓജ
ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം പ്രഗ‍്യാൻ ഓജ ഇന്ത‍്യൻ ടീമിന്‍റെ സെലക്റ്ററായി ചുമതലയേൽക്കുമെന്ന് റിപ്പോർട്ട്. ദക്ഷിണ മേഖലയുടെ ചുമതയായിരിക്കും ഓജ ഏറ്റെടുക്കുന്നത്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ബിസിസിഐ ഇത് സ്ഥിരീകരിച്ചിട്ടില്ല.
അജിത് അഗാർക്കർ നയിക്കുന്ന കമ്മിറ്റിയിൽ പ്രഗ‍്യാൻ ഓജ ഭാഗമായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത‍്യൻ ക്രിക്കറ്റ് ടീം സീനിയർ സെലക്ഷൻ കമ്മിറ്റിയിൽ അംഗമായ എസ്. ശരത്തിനെ മാറ്റുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
എസ്. ശരത്ത് നാലുവർഷം പൂർത്തിയാക്കിയതിനാൽ പുതിയ ആളുകളെ ഉൾപ്പെടുത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ ശരത്തിന് പകരക്കാരനായിട്ടായിരിക്കും പ്രഗ‍്യാൻ ഓജയെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നത്.