പ്രൈം വോളിബോൾ ലീഗ് സീസൺ 5: ആവേശം പകരാൻ അന്തരാഷ്ട്ര താരങ്ങൾ

ഒളിംപിക്സ് മെഡൽ ജേതാക്കൾ ഉൾപ്പെടെ ടീമിൽ; ആദ്യമായി ഒരു ടീമിൽ മൂന്ന് അന്താരാഷ്ട്ര താരങ്ങൾ ഈ സീസണിൽ
പ്രൈം വോളിബോൾ ലീഗ് സീസൺ 5: ആവേശം പകരാൻ അന്തരാഷ്ട്ര താരങ്ങൾ

ഒരു ടീമിൽ മൂന്ന് വിദേശ താരങ്ങളെ കളിപ്പിക്കാം.

Representative image

Updated on: 

അഹമ്മദാബാദ്: നവംബർ 30 മുതൽ ഡിസംബർ 23 വരെ അഹമ്മദാബാദിൽ നടക്കുന്ന പ്രൈം വോളിബോൾ ലീഗ് സീസൺ 5-ന്‍റെ അന്താരാഷ്ട്ര താരനിരയെ ടോക്കിയോ ഒളിംപിക്സ് വെങ്കല മെഡൽ ജേതാവ് ഹെർണാൻ ഫെഡറിക്കോ പെരേരയും മറ്റു മൂന്ന് ഒളിംപ്യന്മാരും നയിക്കും. ഏഷ്യ, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 29 അന്താരാഷ്ട്ര താരങ്ങൾ മത്സരത്തിന് ആഗോള പരിചയസമ്പത്തും കരുത്തും പകരും.

ഫെഡറേഷൻ ഇന്‍റർനാഷണൽ ഡി വോളിബോളിന്‍റെ അംഗീകാരമുള്ള ഇന്ത്യയിലെ ഒന്നാം ഡിവിഷൻ പ്രൊഫഷണൽ വോളിബോൾ ലീഗായ പിവിഎൽ, ആദ്യമായി ഒരു ടീമിൽ മൂന്ന് അന്താരാഷ്ട്ര താരങ്ങളെ വരെ ഉൾപ്പെടുത്തിക്കൊണ്ട് ഈ സീസണിൽ തങ്ങളുടെ വളർച്ചയിലെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് നടത്തുന്നത്.

ടോക്കിയോ 2020 ഒളിംപിക് ഗെയിംസിൽ വെങ്കലം നേടുകയും ലണ്ടൻ 2012-ൽ മത്സരിക്കുകയും ചെയ്ത അർജന്‍റീനിയൻ യൂണിവേഴ്സൽ താരം പെരേര, ഡൊമിനിക്കൻ റിപ്പബ്ലിക് അറ്റാക്കർ ഹെക്ടർ അലക്സിസ് ക്രൂസ് സെപിൻ, ബ്രസീലിയൻ അറ്റാക്കർ ഹെൻറിക് ഫെരേര മെയ്‌റെലെസ് ഗ്വിമാരസ് എന്നിവർക്കൊപ്പം തെലുങ്ക് ബ്ലാക്ക് ഹോക്‌സിനെ പ്രതിനിധീകരിക്കും.

റിയോ 2016-ലും ടോക്കിയോ 2020-ലും മത്സരിച്ച കനേഡിയൻ ഒളിംപ്യൻ സ്റ്റീവൻ ജെയിംസ് ഡഗ്ലസ് മാർഷൽ, പാരീസ് 2024-ൽ കാനഡയെ പ്രതിനിധീകരിച്ച സെറ്റർ ബ്രെറ്റ് ജെയിംസ് വാൽഷ് എന്നിവർ കാലിക്കറ്റ് ഹീറോസ് നിരയിലുണ്ട്. ക്യൂബൻ യൂണിവേഴ്സൽ താരം ബ്രയാൻ ഫ്രാൻസിസ്കോ വാലെ ഗാർസിയ കൂടി ചേരുന്നതോടെ അവരുടെ അന്താരാഷ്ട്ര താരനിര പൂർത്തിയാകും. സെർബിയൻ സെറ്റർ മാർക്കോ കോസ്റ്റോവിച്ച്, ജർമ്മൻ യൂണിവേഴ്സൽ ക്രിസ്റ്റോഫ് മാർക്സ് എന്നിവർ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ പ്രതിനിധീകരിക്കും.

പാരീസ് 2024 ഒളിംപിക്സിൽ മത്സരിച്ച ഈജിപ്ഷ്യൻ യൂണിവേഴ്സൽ താരവും ഈജിപ്ത് ദേശീയ വോളിബോൾ ടീം ക്യാപ്റ്റനുമായ റെഡ ഇബ്രാഹിം അബ്ദുൽനബി അഫീഫി ഹൈക്കൽ ഗോവ ഗാർഡിയൻസിനെ പ്രതിനിധീകരിക്കും. സീസൺ 4-ൽ കിരീടം നേടിയ ടീമിലുണ്ടായിരുന്ന അമേരിക്കൻ സെറ്റർ മാത്യു എ വെസ്റ്റിനെ ബെംഗളൂരു ടോർപ്പിഡോസ് നിലനിർത്തി. ആദ്യമായി ഒരു ടീമിൽ മൂന്ന് അന്താരാഷ്ട്ര താരങ്ങളെ ഉൾപ്പെടുത്തുന്നത് മത്സരം ശക്തിപ്പെടുത്തുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ മറ്റൊരു പ്രധാന ചുവടുവെയ്പ്പാണെന്ന് പ്രൈം വോളിബോൾ ലീഗ് സി.ഇ.ഒ ജോയ് ഭട്ടാചാര്യ പറഞ്ഞു. നവംബർ 30ന് അഹമ്മദാബാദിലെ വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ പ്രൈം വോളിബോൾ ലീഗ് സീസൺ 5ന് തുടക്കമാകും.