കളിക്കളത്തിൽ നിന്ന് കാശുണ്ടാകും: സ്പോർട്സ് വികസനം ലാഭകരമാക്കാൻ നിർദേശങ്ങൾ

സ്പോർട്സ് & മാനേജ്മെന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോർട്ടിൽ, കായികരംഗത്തെ വലിയ വ്യവസായമാക്കി തൊഴിൽസാധ്യതയും വരുമാനവും വർധിപ്പിക്കാനുള്ള റോഡ്‌മാപ്പ് നിർദേശിക്കുന്നു
Kerala Sports Economy development

കായിക വികസനത്തെ വരുമാനമുണ്ടാക്കുന്ന മേഖലയാക്കി മാറ്റാനുള്ള നിർദേശങ്ങളുമായി പഠന റിപ്പോർട്ട്.

MV Graphics

Updated on

കൊച്ചി: മെഡലുകൾക്കും ട്രോഫികൾക്കും അപ്പുറം സർക്കാർ ഖജനാവിലേക്ക് വരുമാനം കൊണ്ടുവരുന്ന വലിയ വ്യവസായമായി കായികരംഗത്തെ മാറ്റിയെടുക്കാൻ കേരളം തയാറെടുക്കണമെന്ന നിർദേശവുമായി സ്പോർട്സ് & മാനേജ്മെന്‍റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (SMRI).

സംസ്ഥാനത്ത് മികച്ച തൊഴിലവസരങ്ങൾ അപര്യാപ്തമായി തുടരുകയും, യുവതലമുറ വിദേശത്തേക്ക് ചേക്കേറുന്ന പ്രവണത തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, കായികരംഗത്തെ അവസരങ്ങളുടെ അക്ഷയഖനിയാക്കി മാറ്റാൻ സർക്കാരിന് സമഗ്രമായ ഒരു പഠന റിപ്പോർട്ടാണ് ഇവർ സമർപ്പിച്ചിരിക്കുന്നത്.

റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ

  1. ആരാധക ഉടമസ്ഥതയിലുള്ള ക്ലബ്ബുകൾ: ലോകപ്രശസ്ത ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവയുടെ മാതൃകയിൽ കേരളത്തിലെ ഓരോ താലൂക്കിലും ആരാധകർക്ക് പങ്കാളിത്തമുള്ള സഹകരണ സ്പോർട്സ് ക്ലബ്ബുകൾ തുടങ്ങാം. ഫുട്ബോൾ, വോളിബോൾ, ബാസ്കറ്റ്ബോൾ, കബഡി തുടങ്ങിയ ഇനങ്ങൾക്കായി 77 ക്ലബ്ബുകൾ രൂപീകരിച്ചാൽ ആദ്യ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 23,100 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ സാധിക്കും.

  2. സ്റ്റേഡിയങ്ങൾ ലാഭകരമാക്കാം: നിലവിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്റ്റേഡിയങ്ങൾ ഈ ക്ലബ്ബുകൾക്ക് നടത്തിപ്പിനായി നൽകിയാൽ, അവർ നടത്തുന്ന ഹോം മത്സരങ്ങളിലൂടെ സർക്കാരിന് വാടക ഇനത്തിലും ലാഭവിഹിതമായും വരുമാനം നേടാം.

  3. സ്കൂൾ-കോളെജ് സ്പോർട്സ് ലീഗുകൾ: യുഎസ് മാതൃകയിൽ സ്കൂൾ, കോളെജ് തലങ്ങളിൽ സ്പോർട്സ് ലീഗുകൾ ആരംഭിക്കുക. കോളെജുകളിൽ സ്പോർട്സ് സ്റ്റാർട്ടപ്പുകൾ (സ്പോർട്ടപ്പുകൾ) ആരംഭിച്ചാൽ വിദ്യാർഥികൾക്ക് പഠനകാലത്തുതന്നെ തൊഴിൽപരിചയം ലഭിക്കുകയും, അത് അവരുടെ തൊഴിൽ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതികളിലൂടെ ഓരോ സ്ഥാപനത്തിലും പുതിയ സ്ഥിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും.

  4. കമ്മ്യൂണിറ്റി സ്പോർട്സ് ക്ലബ്ബുകൾ: സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കായികവിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കുന്നതിലൂടെ ലഹരിവ്യാപനം തടയാനും, അതുവഴി സർക്കാരിന്‍റെ ആരോഗ്യപരിപാലന ചെലവുകൾ കുറയ്ക്കാനും കഴിയും.

  5. സ്പോർട്സ് ടൂറിസം: കേരളത്തിന്‍റെ മലനിരകളും കടൽതീരങ്ങളും പാടശേഖരങ്ങളും ഉപയോഗപ്പെടുത്തി സ്പോർട്സ് ടൂറിസം പ്രോത്സാഹിപ്പിച്ചാൽ പതിനായിരത്തിലധികം തൊഴിലുകൾ സൃഷ്ടിക്കാൻ സാധിക്കും. ഇതിനായി ചൈൽഡ്ഹുഡ് ഒളിംപിക്സ്, ലേബർ ഒളിംപിക്സ് തുടങ്ങിയ പുതിയ കായികമേളകൾ ആഗോളതലത്തിൽ തന്നെ അവതരിപ്പിക്കാം.

കേരള ബ്ലാസ്റ്റേഴ്സ് സൃഷ്ടിക്കുന്ന സാമ്പത്തിക ചലനം

കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഒരു മത്സരം മാത്രം എടുത്തുനോക്കിയാൽ സ്പോർട്സ് എങ്ങനെയാണ് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ മാറ്റമുണ്ടാക്കുന്നതെന്ന് വ്യക്തമാകും:

  • ടിക്കറ്റ് വരുമാനം: 30,000 ടിക്കറ്റുകൾ വിറ്റഴിക്കുമ്പോൾ ശരാശരി 90 ലക്ഷം രൂപ വരുമാനം.

  • താമസ സൗകര്യം: 5,000 ആരാധകർ താമസ സൗകര്യം ഉപയോഗിക്കുന്നതിലൂടെ 50 ലക്ഷം രൂപയുടെ ബിസിനസ്.

  • യാത്രാ ചെലവ്: 30,000 കാണികൾ ശരാശരി 30 കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 18 ലക്ഷം രൂപയുടെ യാത്രാ ടിക്കറ്റ് ഇനത്തിൽ.

  • ഭക്ഷണപാനീയങ്ങൾ: വെള്ളക്കുപ്പികൾക്കും നിലക്കടലയ്ക്കും മാത്രം എട്ട് ലക്ഷത്തിലധികം രൂപയാണ് ചെലവാകുന്നത്.

ഇത്തരം പ്രൊഫഷണൽ മത്സരങ്ങൾ കേരളത്തിൽ വർഷത്തിൽ 840 എണ്ണമെങ്കിലും നടന്നാൽ സംസ്ഥാനത്തിന്‍റെ സാമ്പത്തിക ഭദ്രതയിൽ വലിയ തോതിൽ മെച്ചപ്പെടുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

സ്പോർട്സ് രംഗത്ത് നടത്തുന്ന ഓരോ നിക്ഷേപവും നാളത്തെ മികച്ചൊരു കേരളത്തിലേക്കുള്ള നിക്ഷേപമാണെന്ന് എസ്എംആർഐ പ്രസിഡന്‍റ് സിജിൻ ബി.ടി ചൂണ്ടിക്കാട്ടുന്നു.

logo
Metro Vaartha
www.metrovaartha.com