ഐഒഎ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ പി.ടി. ഉഷ; നാമനിർദേശം ചെയ്ത് ഐസ് ഹോക്കി ഫെഡറേഷൻ

ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യുട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉഷയ്ക്ക് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകും
 P.T. Usha
പി.ടി. ഉഷ
Updated on: 

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാനൊരുങ്ങി അധ്യക്ഷ പി.ടി. ഉഷ. നാടകീയമായ നീക്കങ്ങൾക്കൊടുവിൽ ഐസ് ഹോക്കി ഫെഡറേഷൻ ഉഷയെ ജനറൽ അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്തു. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യുട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉഷയ്ക്ക് വീണ്ടും പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനാകും.

ഐഒഎയിലെ സ്പോർട്സ് സ്പേഴ്സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉഷയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. വനിതാ വിഭാഗത്തിൽ മത്സരിച്ച ആറ് പേരിൽ 40 വോട്ടുമായി അഞ്ചാം സ്ഥാനത്തായിരുന്നു ഉഷ. അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നെഹ്‌വാൾ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഐഒഎ ഭരണഘടന പ്രകാരം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് എസ്ഒഎം അംഗമോ ജനറൽ അസംബ്ലി അംഗമോ ആയിരിക്കണം. എസ്ഒഎം വിഭാഗത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെടാൻ കഴിയാത്ത സാഹചര്യത്തിലാണ് ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്‍റെ പ്രതിനിധിയെന്ന നിലയിൽ ജനറൽ അസംബ്ലിയിൽ ഇടം നേടാൻ ഉഷ ശ്രമം നടത്തിയത്. പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരസാധ്യതകൾ അടഞ്ഞെന്നിരിക്കെയാണ് നാടകീയ നീക്കവുമായി ഉഷയെ പിന്തുണച്ച് ദേശീയ കായിക ഫെഡറേഷനുകളിലൊന്നായ ഐസ് ഹോക്കി ഫെഡറേഷൻ രംഗത്തെത്തിയത്.