''കണ്ടറിയണം കോശീ, കെകെആറിന് എന്താണു സംഭവിക്കാൻ പോകുന്നതെന്ന്'', ഒന്നരക്കോടിയുടെ ക്യാപ്റ്റനും 23 കോടിയുടെ വൈസ് ക്യാപ്റ്റനും

കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ആരാധകർ ഹാർദിക് പാണ്ഡ്യക്കും രോഹിത് ശർമയ്ക്കും വേണ്ടി ചേരി തിരിഞ്ഞതിനു സമാനമായ അനുഭവം കോൽക്കത്തയ്ക്കും ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്
Rahane vs Iyer in KKR captaincy, an MI de ja vu

വെങ്കടേശ് അയ്യരും അജിങ്ക്യ രഹാനെയും

Updated on

കോൽക്കത്ത: ഐപിഎൽ ചാംപ്യൻമാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ അടുത്ത സീസണിൽ അജിങ്ക്യ രഹാനെ നയിക്കും. ഒന്നരക്കോടി രൂപ എന്ന അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിയ രഹാനെ ക്യാപ്റ്റനാകുമ്പോൾ, 23.75 കോടി രൂപയ്ക്കു സ്വന്തമാക്കിയ വെങ്കടേശ് അയ്യരെ വൈസ് ക്യാപ്റ്റനായാണ് നിയമിച്ചിരിക്കുന്നത്.

ടീമിനെ നയിക്കാനുള്ള ആഗ്രഹം പലവട്ടം പരസ്യമായി പ്രഖ്യാപിച്ചിരുന്നു വെങ്കടേശ്. എന്നാൽ, കരിയറിന്‍റെ ഒരു ഘട്ടത്തിലും ക്യാപ്റ്റൻസി പരിചയമില്ലാത്ത അദ്ദേഹത്തിനു പകരം, ഇന്ത്യയുടെയും മുംബൈയുടെയും ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോഡുള്ള രഹാനെയെ പരിഗണിക്കുകയായിരുന്നു കെകെആർ ടീം മാനേജ്മെന്‍റ്.

ഐപിഎൽ മെഗാ ലേലത്തിൽ കെകെആറിന്‍റെ പദ്ധതികളിലൊന്നും ഇല്ലാതിരുന്ന ആളാണ് രഹാനെ. ആദ്യ ഘട്ടത്തിൽ ഒരു ടീമും അദ്ദേഹത്തിനു വേണ്ടി ലേലം വിളിച്ചിരുന്നുമില്ല. അൺസോൾഡ് കളിക്കാർക്കു വേണ്ടിയുള്ള രണ്ടാം ഘട്ടത്തിലാണ്, ലേലത്തിന്‍റെ അവസാന സമയത്ത്, അടിസ്ഥാന വിലയ്ക്ക് കെകെആർ വിളിച്ചെടുക്കുന്നത്. ഇതോടെ കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസ് ആരാധകർ ഹാർദിക് പാണ്ഡ്യക്കും രോഹിത് ശർമയ്ക്കും വേണ്ടി ചേരി തിരിഞ്ഞതിനു സമാനമായ അനുഭവം കോൽക്കത്തയ്ക്കും ഉണ്ടാകാനുള്ള സാധ്യതയാണ് തെളിയുന്നത്.

2022ലും രഹാനെ കെകെആർ ടീമിന്‍റെ ഭാഗമായിരുന്നു. അന്ന് ഏഴ് മത്സരങ്ങളിൽ 133 റൺസ് മാത്രമാണ് നേടാനായത്. 103.9 എന്ന ദയനീയമായ സ്ട്രൈക്ക് റേറ്റും. എന്നാൽ, തൊട്ടടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിങ്സിൽ കണ്ടത് പുതിയൊരു രഹാനെയെ ആയിരുന്നു. 172.48 എന്ന ഗംഭീര സ്ട്രൈക്ക് റേറ്റിൽ 326 റൺസ് സ്കോർ ചെയ്തു. 2024ൽ 242 റൺസാണ് ആകെ നേടിയത്. ആ സീസണിനു ശേഷം ചെന്നൈ അദ്ദേഹത്തെ കൈവിട്ടു.

രഹാനെയെ കെകെആർ അവസാന നിമിഷം ടീമിലെത്തിക്കുമ്പോൾ നേതൃശേഷിയും പരിഗണിക്കപ്പെട്ടു എന്നു വേണം കരുതാൻ. 2020-21 സീസണിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുമ്പോൾ രഹാനെ ആയിരുന്നു ക്യാപ്റ്റൻ. ഇക്കഴിഞ്ഞ സയീദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കിയ മുംബൈ ടീമിന്‍റെ ക്യാപ്റ്റനും രഹാനെ ആയിരുന്നു. 164.56 സ്ട്രൈക്ക് റേറ്റിൽ 469 റൺസും വാരിക്കൂട്ടി. 58 റൺസിനു മുകളിലായിരുന്നു ബാറ്റിങ് ശരാശരി.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ 2018, 2019 സീസണുകളിലായി 24 മത്സരങ്ങളിൽ രഹാനെ നയിച്ചു. 2017ലെ ഒരു മത്സരത്തിൽ റൈസിങ് പൂനെ സൂപ്പർ ജയന്‍റിനെയും നയിച്ചു.

അതേസമയം, ലേലത്തിനു മുൻപ് നിലനിർത്തിയ ആറ് കളിക്കാരിൽ വെങ്കടേശ് അയ്യരെ കെകെആർ ഉൾപ്പെടുത്തിയിരുന്നില്ല. അതിനു ശേഷമാണ് ഐപിഎൽ ചരിത്രത്തിലെ നാലാമത്തെ ഉയർന്ന തുക മുടക്കി ടീമിൽ തിരിച്ചെത്തിച്ചത്. ഇതോടെ, വെങ്കടേശ് ക്യാപ്റ്റനാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. ഐപിഎല്ലിൽ കെകെആറിനു വേണ്ടി മാത്രമാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം ടീം ചാംപ്യൻമാരാകുമ്പോൾ 158.79 സ്ട്രൈക്ക് റേറ്റിൽ 370 റൺസുമായി നിർണായക പ്രകടനം പുറത്തെടുത്തിരുന്നു.

മാർച്ച് 22നാണ് ഈ വർഷത്തെ ഐപിഎൽ സീസൺ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ കെകെആർ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.

കെകെആർ കൂടി ക്യാപ്റ്റൻ പ്രഖ്യാപിച്ചതോടെ, ഇപ്പോൾ ക്യാപ്റ്റനില്ലാത്ത ഏക ഐപിഎൽ ടീം ഡൽഹി ക്യാപ്പിറ്റൽസാണ്. കഴിഞ്ഞ സീസണിൽ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഇക്കുറി ടീമിൽ നിലനിർത്തിയിട്ടില്ല. ലേലത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ സ്വന്തമായ ഋഷഭിനെ അവരുടെ ക്യാപ്റ്റനായും പ്രഖ്യാപിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com