രഞ്ജി ട്രോഫി സെമി ഫൈനൽ: പ്രതിരോധം ആയുധം, കരുതലോടെ കേരളം

അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇടം പിടിച്ച കേരളം കരുതലോടെ ബാറ്റ് ചെയ്ത് ആദ്യ ദിവസം 206/4 എന്ന നിലയിലെത്തി
Kerala captain Sachin baby scored an unbeaten half century against Gujarat in Ranji Trophy semi final day 1
അർധ സെഞ്ചുറി നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബിഫയൽ ഫോട്ടൊ
Updated on

അഹമ്മദാബാദ്: അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിന്‍റെ സെമി ഫൈനലിൽ ഇടം പിടിച്ച കേരളം കരുതലോടെ ബാറ്റ് ചെയ്ത് ആദ്യ ദിവസം 206/4 എന്ന നിലയിൽ അവസാനിപ്പിച്ചു. ഗുജറാത്തിനെതിരേ ടോസ് നേടിയ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യ രണ്ട് ദിവസം ബാറ്റിങ്ങിനും പേസ് ബൗളിങ്ങിനും സഹായം നൽകുന്ന അഹമ്മദാബാദിലെ പിച്ച് മൂന്നാം ദിവസം മുതൽ കാര്യങ്ങൾ സ്പിന്നർമാർക്ക് അനുകൂലമാകുമെന്നാണ് കണക്കുകൂട്ടൽ. സീസണിൽ ഇവിടെ നടത്തിയ മുൻ മത്സരങ്ങളിലെല്ലാം ആദ്യം ബാറ്റ് ചെയ്ത ടീമുകൾ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ കണക്കുകളിൽ വിശ്വാസമർപ്പിച്ച് ബാറ്റിങ്ങിനിറങ്ങിയ കേരളം പതിവിലേറെ പ്രതിരോധാത്മകമായാണ് ബാറ്റ് ചെയ്തത്.

89 ഓവർ കളിച്ച് 206 റൺസിലെത്തി നിൽക്കുമ്പോൾ, ഓവറിൽ ശരാശരി 2.31 റൺസ് മാത്രമാണ് സ്കോർ ചെയ്തിട്ടുള്ളത്. മത്സരം അഞ്ച് ദിവസമായാണ് നടത്തുന്നത്. ഒന്നാം ഇന്നിങ്സ് ലീഡും പ്രധാനം. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാറ്റിങ് നിര കൂടുതൽ ശക്തിപ്പെടുത്തിയാണ് കേരളം കളിക്കാനിറങ്ങിയിരിക്കുന്നത്. ഷോൺ റോജറിനു പകരം ഇരുപത്തിരണ്ടുകാരൻ വരുൺ നായനാരും ഫാസ്റ്റ് ബൗളർ ബേസിൽ തമ്പിക്കു പകരം സ്പെഷ്യലിസ്റ്റ് ബാറ്ററായ പതിനെട്ടുകാരൻ അഹമ്മദ് ഇമ്രാനും പ്ലെയിങ് ഇലവനിലെത്തി. ഇരുവർക്കും ഇതു ഫസ്റ്റ് ക്ലാസ് അരങ്ങേറ്റമാണ്.

അതേസമയം, ഐപിഎൽ താരവും വിക്കറ്റ് കീപ്പർ ബാറ്ററുമായ വിഷ്ണു വിനോദിന് ഇക്കുറിയും ഫസ്റ്റ് ഇലവനിൽ ഇടം കിട്ടിയില്ല. പരുക്ക് കാരണം ബാബാ അപരാജിതിനെയും സഞ്ജു സാംസണെയും നിർണായക മത്സരത്തിൽ പരിഗണിക്കാനായതുമില്ല.

ബേസിൽ തമ്പി പുറത്തായതിനാൽ ടീമിൽ നാല് സ്പെഷ്യലിസ്റ്റ് ബൗളർമാർ മാത്രമാണുള്ളത്- പേസ് ബൗളർമാരായ എം.ഡി. നിധീഷും എൻ.പി. ബേസിലും, സ്പിന്നർമാരായ ജലജ് സക്സേനയും ആദിത്യ സർവാതെയും.

Kerala captain Sachin baby scored an unbeaten half century against Gujarat in Ranji Trophy semi final day 1
രഞ്ജി ട്രോഫി സെമി ഫൈനൽ: മുംബൈക്കെതിരേ വിദർഭയ്ക്ക് മികച്ച തുടക്കം

അക്ഷയ് ചന്ദ്രനും (30) രോഹൻ കുന്നുമ്മലും (30) ഉറച്ച തുടക്കമാണ് നൽകിയതെങ്കിലും ഇരുവർക്കും വലിയ സ്കോറുകളിലേക്കെത്താൻ സാധിച്ചില്ല. ടീം ടോട്ടൽ 60 റൺസിലെത്തിയപ്പോൾ അക്ഷയ് റണ്ണൗട്ടായത് തിരിച്ചടിയായി. മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ രോഹനും പുറത്ത്.

മൂന്നാം നമ്പറിലിറങ്ങിയ വരുൺ നായനാർ പ്രതിരോധത്തിൽ പരമാവധി ശ്രദ്ധയൂന്നി. 55 പന്ത് നേരിട്ടെങ്കിലും 10 റൺസ് മാത്രമാണ് നേടിയത്. ആക്രമണോത്സുകത മാറ്റിവച്ച ജലജ് സക്സേന 83 പന്തിൽ 30 റൺസെടുത്തും പുറത്തായി.

193 പന്തിൽ 69 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയും 66 പന്തിൽ 30 റൺസുമായി വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീനുമാണ് ക്രീസിൽ. സ്പെഷ്യലിസ്റ്റ് ബാറ്റർമാരായ അഹമ്മദ് ഇമ്രാൻ, സൽമാൻ നിസാർ, ബൗളിങ് ഓൾറൗണ്ടർ ആദിത്യ സർവാതെ എന്നിവർ ഇനിയും ഇറങ്ങാനുണ്ട്.

ഗുജറാത്തിനു വേണ്ടി അർസാൻ നഗ്വാസ്‌വാല, പ്രിയജിത് സിങ് ജഡേജ, ഇന്ത്യൻ താരം രവി ബിഷ്ണോയ് എന്നിവർ ഓരോ വിക്കറ്റ് നേടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com