

രോഹിത് ശർമ
മുംബൈ: ഐപിഎൽ ചരിത്രത്തിൽ ഏറ്റവും വിജയ റെക്കോഡുള്ള സ്റ്റാർ ബാറ്റർ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് തിരിച്ചെത്തിച്ച് മുംബൈ ഇന്ത്യൻസ്. 2027 സീസണിൽ മുംബൈ ഇന്ത്യൻസിനെ രോഹിത് നയിക്കുമെന്ന് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിക്കൊടുത്ത രോഹിത് മൂന്നു സീസണിനുശേഷമാണ് നായക പദവിയിൽ തിരിച്ചെത്തുന്നത്. മുൻ വർഷങ്ങളിൽ മുംബൈയെ നയിച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്ക് പോയതോടെയാണ് ഹിറ്റ്മാന്‍റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
എന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് മുംബൈ ഇന്ത്യൻസ്. മുംബൈയെ നയിക്കുന്നത് എല്ലായ്പ്പോഴും അഭിമാനകരമായ കാര്യമാണ്. ടീമിനൊപ്പം മികച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്. മുംബൈ ഇന്ത്യൻസിന്‍റെ ശൈലിയിൽ കളിക്കുന്നതിലും പരസ്പരം മത്സരിക്കുന്നതിലും ക്രിക്കറ്റ് ആസ്വദിക്കുന്നതിലുമായിരിക്കും ശ്രദ്ധ- ക്യാപ്റ്റൻസി തിരിച്ചുകിട്ടിയതിനു പിന്നാലെ രോഹിത് പറഞ്ഞു.
2013 സീസണിന്‍റെ മധ്യത്തിലാണ് മുംബൈ ഇന്ത്യൻസിന്‍റെ നായകസ്ഥാനം രോഹിത് ആദ്യമായി ഏറ്റെടുത്തത്. ആ വർഷം ടീമിനെ കിരീടത്തിൽ എത്തിക്കാൻ രോഹിത്തിനു സാധിച്ചിരുന്നു. 2015, 2017, 2019, 2020 വർഷങ്ങളിലും രോഹിത് മുംബൈ ഇന്ത്യൻസിനെ ഐപിഎൽ ജേതാക്കളാക്കി.
ഐപിഎല്ലിലും ചാംപ്യൻസ് ലീഗ് ടി20യിലുമായി 163 മത്സരങ്ങളിൽ മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് 91 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിജയശതമാനം, 55.83.2024ലാണ് രോഹിത്തിനു പകരം ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന്‍റെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടത്. രോഹിത്തിനെ നീക്കാനുള്ള തീരുമാനം ആരാധക രോഷത്തിന് ഇടയാക്കിയിരുന്നു. മുംബൈയുടെ ക്യാപ്റ്റന്‍റെ റോളിൽ ഹാർദിക്കിന് കാര്യമായ നേട്ടങ്ങളുണ്ടാക്കാനായിരുന്നില്ല.