

സച്ചിൻ ടെൻഡുൾക്കർ
മുംബൈ: 2026 ഐപിഎൽ ഫൈനൽ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോൾ നിർദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൾക്കർ. ഐപിഎല്ലിൽ നിന്നും ഇംപാക്റ്റ് പ്ലെയർ നിയമം പൂർണമായും ഒഴിവാക്കണമെന്നാണ് സച്ചിന്‍റെ അഭിപ്രായം.
ഒരു പ്രമുഖ മാധ‍്യമത്തിന്‍റെ അവാർഡ്ധാന ചടങ്ങിലായിരുന്നു സച്ചിന്‍റെ പ്രസ്താവന. ഒരു ടി20 മത്സരത്തിൽ 20 ഓവർ മാത്രമാണുള്ളതെന്നും അതിലേക്ക് ഒരു ബാറ്ററെ കൂടി ഉൾപ്പെടുത്തുമ്പോൾ മത്സരത്തിന്‍റെ ഗതി മാറുന്നുവെന്നും വലിയ തോതിൽ അസന്തുലിതാവസ്ഥയാണ് ഇത് ഉണ്ടാക്കുന്നതെന്നും അദ്ദേഹം വ‍്യക്തമാക്കി. നേരത്തെ ഇംപാക്റ്റ് പ്ലെയർ നിയമത്തിനെതിരേ മുതിർന്ന ഇന്ത‍്യൻ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സച്ചിനും രംഗത്തെത്തിയത്. ഇത് കൂടാതെ ബൗളർമാർക്ക് 5 ഓവർ എറിയാൻ അനുവദിക്കണമെന്നും നിലവിലുള്ള 6 ഓവർ പവർപ്ലേ 2 ഭാഗമാക്കണമെന്നും സച്ചിൻ നിർദേശിച്ചു. ആദ‍്യ നാല് ഓവറുകൾ ബാറ്റിങ് പവർപ്ലേ കഴിഞ്ഞാൽ പിന്നീടുള്ള രണ്ട് ഓവർ എപ്പോൾ വേണമെന്ന് തീരുമാനിക്കാൻ എതിർ ടീം ക‍്യാപ്റ്റനെ അനുവദിക്കണമെന്നും സച്ചിൻ കൂട്ടിച്ചേർത്തു. 20 ഓവർ വരെ ബാറ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് ബൗളർമാർക്ക് 5 ഓവർ നൽകാത്തതെന്നാണ് സച്ചിന് ചോദിക്കുന്നത്. സച്ചിന്‍റെ നിർദേശം ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്.