'21 കളിയിൽ ഡക്കായാലും മാറ്റില്ലെന്നല്ലേ പറഞ്ഞത്...', എന്തുകൊണ്ട് എപ്പോഴും സഞ്ജു!

ഐപിഎല്ലിലെ തീപ്പൊരി ബാറ്റിങ്ങും ലോകകപ്പിൽ മാച്ച് വിന്നിങ് പ്രകടനങ്ങളുമൊക്കെ പഴങ്കഥ. അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരയിൽ വെറും മൂന്നു മത്സരങ്ങളിലെ മോശം പ്രകടനം മൂലം സഞ്ജുവിന് ടീമിൽ ഇടം നഷ്ടമായിരിക്കുന്നു
sanju samson indian cricket team bcci gautham gambhir

സഞ്ജു സാംസൺ

Updated on

ഇന്ത‍്യ ജേതാക്കളായ ടി20 ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്നു നേടിയത് 321 റൺസ്. തൊട്ടുപിന്നാലെ നടന്ന ഐപിഎൽ സീസണിലാകട്ടെ 57 റൺ ശരാശരിയിൽ അടിച്ചെടുത്തത് 402 റൺസ്. ലോകകപ്പിലെ മികച്ച താരമായി ഐസിസി തെരഞ്ഞെടുത്ത ബാറ്റർ. എന്നാൽ, കഴിഞ്ഞ ദിവസം സിംബാബ്‌വെ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീം പ്രഖ‍്യാപിച്ചപ്പോൾ അയാളുടെ പേര് അവിടെയെങ്ങും കാണാനായില്ല.

അതെ, സഞ്ജു വിശ്വനാഥ് സാംസൺ‌. ഇന്ത‍്യൻ ക്രിക്കറ്റിൽ ഇത്രത്തോളം തഴയപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത മറ്റൊരാൾ വേറെയുണ്ടാകില്ല. ഐപിഎല്ലിലെ തീപ്പൊരി ബാറ്റിങ്ങും ലോകകപ്പിൽ മാച്ച് വിന്നിങ് പ്രകടനങ്ങളുമൊക്കെ വളരെ വേഗത്തിൽ പഴങ്കഥയായിരിക്കുന്നു. അയർലൻഡ് - ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നു മൂന്നു മത്സരങ്ങളിൽ മോശം പ്രകടനം- സഞ്ജുവിന് വീണ്ടും ഇന്ത്യൻ ടീമിൽ ഇടം നഷ്ടമായിരിക്കുന്നു!

കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ നിന്ന് 6 റൺസാണ് നേടാനായതെന്ന ഒറ്റ കാരണമേ പറയാനുള്ളൂ, ലോകകപ്പ് ഹീറോയെ ടീമിൽ നിന്നു പുറത്താക്കിയതിന്.

സഞ്ജുവിന് വിശ്രമം നൽകിയതാണെന്നാണ് ബിസിസിഐ വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം. എന്നാൽ, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ പരിഗണിക്കപ്പെടാത്ത സഞ്ജുവിന് എന്തടിസ്ഥാനത്തിലാണ് നിർബന്ധിത വിശ്രമം എന്ന ചോദ്യത്തിനു മറുപടിയില്ല.

സഞ്ജുവിന് പകരം പഞ്ചാബ് കിങ്സ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിന്‍റെ വിക്കറ്റ് കീപ്പർ‌ - ഓപ്പണർ എന്ന നിലയിലേക്ക് ഉയർത്തികൊണ്ടുവരാനാണ് സെലക്റ്റർമാർ ശ്രമിക്കുന്നത്. പഞ്ചാബിന്‍റെ ക‍്യാപ്റ്റനായ ശ്രേയസ് അയ്യരുടെ ശക്തമായ ഇടപെടൽ ഇതിനു പിന്നിലുണ്ടോയെന്നും സംശയിക്കേണ്ടിരിക്കുന്നു.

ഏറെ നാളായി ഫോമിലല്ലാത്ത തിലക് വർമയെ ടീം മാനേജ്മെന്‍റും കോച്ച് ഗൗതം ഗംഭീറും ഒരുപോലെ പിന്തുണയ്ക്കുന്നതും ശ്രദ്ധേയമാണ്.

21 മത്സരങ്ങളിൽ ഡക്ക് ആയാലും നിന്നെ ടീമിൽ നിന്നും മാറ്റില്ലെന്ന് സഞ്ജുവിന് ഉറപ്പ് നൽകിയിട്ടുള്ള ഗൗതം ഗംഭീറും മാനേജ്മെന്‍റുമാണ് ഇന്ന് നിലപാട് മാറ്റിയിരിക്കുന്നത്. ഇതോടെ താരങ്ങളോടുള്ള കോച്ചിന്‍റെ സമീപനത്തിലെ ഇരട്ടത്താപ്പ് പൂർണമായി പുറത്തുവന്നു കഴിഞ്ഞു.

പരീക്ഷണങ്ങളുടെ ഇര

മറ്റൊരു താരത്തിനെ ടീമിലേക്ക് കൊണ്ടുവരണമെങ്കിൽ ആദ‍്യം മാറ്റുന്നത് സഞ്ജുവിനെയാണ്. നേരത്തെ ശുഭ്മൻ ഗില്ലിനെ ഇന്ത‍്യൻ ടി20 ടീമിലേക്ക് തിരിച്ചു കൊണ്ടുവന്നപ്പോൾ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടമായി. പിന്നീട് ഇഷാൻ കിഷനെ തിരിച്ചുവിളിച്ചപ്പോഴും ബെഞ്ചിലിരുത്തിയത് സഞ്ജുവിനെ തന്നെ. ഇപ്പോഴിതാ കൗമാര വിസ്മയം വൈഭവ് സൂര‍്യവംശി വന്നപ്പോഴും വഴിമാറിയത് സഞ്ജു!

ചുരുക്കത്തിൽ മറ്റുള്ളവർക്ക് വഴിമാറി കൊടുക്കാൻ വേണ്ടി മാത്രം മാറ്റി നിലനിർത്തേണ്ട ഒരു താരമായാണ് സഞ്ജുവിനെ സെലക്ഷൻ കമ്മിറ്റി പരിഗണിക്കുന്നത്. ഗില്ലിനു വേണ്ടി സ്ഥാനം മാറ്റുമ്പോൾ അജിത് അഗാർക്കർ ഇതു വ്യക്തമായി പറയുകയും ചെയ്തിരുന്നു- താത്കാലിക ഓപ്ഷൻ മാത്രമായിരുന്നു സഞ്ജു എന്ന്.

സൂര‍്യൻ മറഞ്ഞു, സഞ്ജുവിന്‍റെ തണൽ പോയി

ഇതാദ‍്യമായല്ല സഞ്ജു തന്‍റെ കരിയറിൽ മോശം ഫോമിലൂടെ കടന്നു പോകുന്നത്. എന്നാൽ, അന്ന് സഞ്ജുവിനെ കണ്ണിലെ കൃഷ്ണമണി പോലെ ചേർത്തു പിടിച്ച ഒരു ക‍്യാപ്റ്റനുണ്ടായിരുന്നു. മിസ്റ്റർ 360യെന്ന് ആരാധകർ വിളിക്കുന്ന സൂര‍്യകുമാർ യാദവ്. സൂര‍്യകുമാറിനെ ക‍്യാപ്റ്റൻ സ്ഥാനത്ത് നിന്നു മാറ്റിയതിനു പിന്നാലെ സഞ്ജുവിന് ടീം മാനേജ്മെന്‍റിൽ നിന്നു ലഭിച്ചിരുന്ന പിന്തുണ ഒറ്റ‍യടിക്ക് നഷ്ടമായി.

ക്രിക്കറ്റിൽ രാഷ്ട്രീയം സജീവമാകുമ്പോൾ സഞ്ജു വീണ്ടും വീണുപോകുന്നു. ഈ അവഗണകളെയും തഴയപ്പെടലുകളെയും അതിജീവിച്ച് സഞ്ജു ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പക്ഷേ, എവിടെ കളിച്ചു തെളിയിക്കുമെന്നാണ് ചോദ്യം!

logo
Metro Vaartha
www.metrovaartha.com