ടി20 ലോകകപ്പ് സൂപ്പർ 8 മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരായ ഐതിഹാസിക പ്രകടനത്തിനു ശേഷം സഞ്ജു സാംസൺ.
File
വിരാട് കോലിയും രോഹിത് ശർമയും അഫ്ഗാനിസ്ഥാനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോൾ, പകരക്കാരാവാൻ സാധ്യതയുള്ള ബാറ്റർമാരെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്. രോഹിത് ശർമ ഓപ്പണറായതിനാൽ, അദ്ദേഹം കളിക്കുന്നില്ലെങ്കിൽ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്ക്വാദ് എന്നിവരിൽ ഒരാളെയാകും പരിഗണിക്കുക. ഇരുവരും കളിച്ച അവസാന ഏകദിന മത്സരത്തിൽ സെഞ്ചുറി നേടിയവരുമാണ്. ഗെയ്ക്ക്വാദിന്‍റെ ഐപിഎൽ പ്രകടനം മോശമായിരുന്നതിനാൽ ജയ്സ്വാളിനു തന്നെയാണ് സാധ്യത കൂടുതൽ.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടി സഞ്ജു സാംസൺ ഏകദിന ക്രിക്കറ്റിൽ ബാറ്റിങ് ഓപ്പൺ ചെയ്യാറില്ല. ഇന്ത്യക്കു വേണ്ടി കളിച്ചപ്പോഴും മധ്യനിരയിലായിരുന്നു സ്ഥാനം. ഒരേയൊരു ഏകദിന സെഞ്ചുറി നേടിയതും മിഡിൽ ഓർഡർ ബാറ്ററായി തന്നെ. കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ എന്നീ വിക്കറ്റ് കീപ്പർമാർ ടീമിലുള്ളതിനാൽ, ഇവരിലൊരാൾ പുറത്തായാൽ മാത്രമേ സഞ്ജുവിനു സാധ്യതയുള്ളൂ. ജയ്സ്വാളിന് ആഭ്യന്തര ക്രിക്കറ്റിൽ 51 റൺസും ഗെയ്ക്ക്വാദിന് 59 റൺസും ബാറ്റിങ് ശരാശരിയുമുണ്ട്.
ആഭ്യന്തര ക്രിക്കറ്റിൽ സഞ്ജുവിന്‍റെ ലിസ്റ്റ് എ ബാറ്റിങ് ശരാശരി 34 റൺസ് മാത്രമാണ്. അതുകൊണ്ടു തന്നെ വിരാട് കോലിക്കു പരുക്ക് കാരണം കളിക്കാനായില്ലെങ്കിൽ ആ സ്ഥാനത്തേക്കും സഞ്ജുവിനെ പരിഗണിക്കാൻ സാധ്യത വിരളം. അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറികളും നേടിയിട്ടുള്ള സഞ്ജുവിന് 57 റൺസിനടുത്ത് ബാറ്റിങ് ശരാശരിയുണ്ട്.
എങ്കിൽ പോലും, ആഭ്യന്തര ക്രിക്കറ്റിലെ ഫോമാണ് മാനദണ്ഡമെങ്കിൽ, മറ്റൊരു മലയാളിയുടെ പേരായിരിക്കും ഈ സ്ഥാനത്തേക്ക് ആദ്യം പരിഗണിക്കുക- ലിസ്റ്റ് എ ക്രിക്കറ്റിൽ 82 റൺസ് ബാറ്റിങ് ശരാശരിയുള്ള കർണാടക ബാറ്റർ ദേവദത്ത് പടിക്കലിന്‍റെ പേര്.
ഭാവി ക്യാപ്റ്റനായി പോലും പരിഗണിക്കപ്പെടുന്ന തിലക് വർമയും ഈ സ്ഥാനത്തേക്ക് മത്സരത്തിലുണ്ട്. 47 റൺസാണ് ലിസ്റ്റ് എ ക്രിക്കറ്റിൽ തിലകിന്‍റെ ബാറ്റിങ് ശരാശരി. എന്നാൽ, അഞ്ച് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ 65 റൺസ് മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ.