രണ്ടാം ടെസ്റ്റ്: വമ്പൻ ഇന്നിങ്സ് ലക്ഷ്യമിട്ട് ഗില്ലും ജയ്സ്വാളും; മൂന്ന് വർഷത്തിന് ശേഷം വിദേശ ടെസ്റ്റ് പരമ്പര നേട്ടം തേടി ഇന്ത്യ

2-0ന് പരമ്പര തൂത്തുവാരാൻ കഴിഞ്ഞാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനത്തേക്ക് ഉയരാൻ അവസരമുണ്ട്
Captain Shubman Gill arriving for training ahead of the second Test against Sri Lanka.

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി പരിശീലനത്തിന് എത്തുന്ന ക്യാപ്റ്റൻ ശുഭ്മൻ ഗിൽ

Updated on

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെയും ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെയും മികച്ച ഇന്നിങ്സുകൾ പ്രതീക്ഷിച്ച് ഇന്ത്യ. മത്സരം ജയിച്ച് മൂന്ന് വർഷത്തിന് ശേഷം വിദേശത്ത് ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ഞായറാഴ്ചയാണ് രണ്ടാം ടെസ്റ്റിന് തുടക്കമാകുന്നത്. രാവിലെ 10ന് (ഇന്ത്യൻ സമയം) മത്സരം ആരംഭിക്കും.

2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു ഇന്ത്യയുടെ അവസാന വിദേശ ടെസ്റ്റ് പരമ്പര വിജയം. അതിനുശേഷം ഓസ്‌ട്രേലിയക്കെതിരേ പരമ്പര തോറ്റ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരേ പരമ്പര സമനിലയിൽ അവസാനിപ്പിച്ചു.

ഇതിനിടെ ന്യൂസീലൻഡിനോടും ദക്ഷിണാഫ്രിക്കയോടും സ്വന്തം നാട്ടിൽ ഏറ്റുവാങ്ങിയ തോൽവികളും ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ തിളക്കം കുറച്ചിരുന്നു. എന്നാൽ ഗാലെയിൽ നടന്ന ആദ്യ ടെസ്റ്റിൽ 165 റൺസിന്‍റെ ആധികാരിക വിജയം നേടിയതോടെ ഇന്ത്യ തിരിച്ചുവരവിന്‍റെ സൂചന നൽകി. ശ്രീലങ്കൻ സ്പിന്നർമാർ പലപ്പോഴും ഇന്ത്യൻ ബാറ്റർമാരെ സമ്മർദത്തിലാക്കിയ മത്സരമായിരുന്നു ഇത്.

ശ്രീലങ്കൻ ടീമിലെ താരങ്ങളുടെ പരിചയക്കുറവ് കണക്കിലെടുത്താലും ഈ വിജയം ക്യാപ്റ്റൻ ഗില്ലിനും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനും ആശ്വാസം നൽകുന്നതാണ്. ന്യൂസീലൻഡിനോടും ദക്ഷിണാഫ്രിക്കയോടും സ്വന്തം നാട്ടിൽ നേരിട്ട അപ്രതീക്ഷിത തോൽവികൾക്ക് ശേഷമാണ് ഗാലെ വിജയം ഇന്ത്യക്ക് ലഭിച്ചത്. ഇതോടെ ടീമിന് മേലുണ്ടായിരുന്ന സമ്മർദവും കുറയ്ക്കാൻ സാധിച്ചു.

ഗില്ലിൽ നിന്നും ജയ്സ്വാളിൽ നിന്നും വലിയ ഇന്നിങ്സ് പ്രതീക്ഷ

ആദ്യ ടെസ്റ്റിലെ വിജയാഹ്ലാദത്തിനിടയിലും ഗില്ലിന്‍റെയും ജയ്സ്വാളിന്‍റെയും ബാറ്റിൽ നിന്ന് കൂടുതൽ റൺസ് ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. ഗിൽ മികച്ച ഫോമിലാണെന്ന് തോന്നിക്കുന്നുണ്ടെങ്കിലും സ്പിന്നിനെതിരായ പ്രകടനത്തിൽ ചില ദൗർബല്യങ്ങൾ പ്രകടമാണ്. അവസാന ആറ് ഇന്നിങ്സുകളിൽ രണ്ട് സെഞ്ചുറികൾ നേടിയ ഗിൽ, ഇടംകൈയൻ സ്പിന്നർമാർക്കെതിരേ പുറത്താകുന്ന പ്രവണത കാണിച്ചിട്ടുണ്ട്.

ഗാലെ ടെസ്റ്റിൽ പ്രഭാത് ജയസൂര്യയുടെ പന്തിൽ രണ്ട് ഇന്നിങ്സുകളിലും ഗിൽ പുറത്തായി. ക്യാപ്റ്റനെന്ന നിലയിൽ മികച്ച പ്രകടനം നടത്തുന്ന ഗില്ലിന് ഈ ദൗർബല്യം തിരുത്തുക പ്രധാനമാണ്.

ക്യാപ്റ്റനായ ശേഷം 10 ടെസ്റ്റുകളിൽ 73ന് മുകളിൽ ശരാശരിയിൽ 1100 റൺസാണ് ഗിൽ നേടിയത്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് 32 ടെസ്റ്റുകളിൽ 35 ശരാശരിയിൽ 1893 റൺസായിരുന്നു അദ്ദേഹത്തിന്‍റെ സമ്പാദ്യം. ക്യാപ്റ്റനെന്ന നിലയിൽ ആദ്യ വിദേശ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കുകയെന്നതും ഗില്ലിന് നിർണായകമാണ്.

ജയ്സ്വാളിന്‍റെ കാര്യത്തിലും ആശങ്കകളുണ്ട്. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ വെസ്റ്റ് ഇൻഡീസിനെതിരേ സെഞ്ചുറി നേടിയതിന് ശേഷം അവസാന എട്ട് ഇന്നിങ്സുകളിൽ ഒരു അർധസെഞ്ചുറി മാത്രമാണ് താരത്തിന്‍റെ പേരിലുള്ളത്.

സ്പിന്നർമാർക്കെതിരായ ഗില്ലിന്‍റെ പ്രശ്നങ്ങൾക്ക് സമാനമായി, പേസർമാർക്കെതിരെ കട്ട് ഷോട്ട് കളിക്കുകയോ പന്ത് ഉയർത്തുകയോ ചെയ്യുന്നതിനിടെ ജയ്സ്വാൾ പുറത്താകുന്ന പ്രവണതയും കാണിക്കുന്നു. ഗാലെയിലെ ആദ്യ ഇന്നിങ്സിൽ റൺഔട്ടായ ജയ്സ്വാൾ രണ്ടാം ഇന്നിങ്സിൽ അതേ രീതിയിലുള്ള പിഴവിലൂടെയാണ് പുറത്തായത്.

കുൽദീപോ സാരൻഷോ?

ഗാലെ ടെസ്റ്റിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്ന ഇന്ത്യൻ താരങ്ങളിൽ മൂന്നാമനാണ് കുൽദീപ് യാദവ്. പിച്ചിൽ സ്പിന്നർമാർക്ക് കാര്യമായ സഹായം ലഭിച്ചിട്ടും രണ്ട് ഇന്നിങ്സുകളിലായി 25 ഓവർ എറിഞ്ഞ കുൽദീപിന് ഒരു വിക്കറ്റ് മാത്രമാണ് നേടാനായത്. ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയതും കുൽദീപായിരുന്നു. ഓവറിന് നാല് റൺസിലേറെ താരം വഴങ്ങി.

ശ്രീലങ്കൻ ടീമിലെ നിരവധി ഇടംകൈയൻ ബാറ്റർമാരുടെ സാന്നിധ്യം കണക്കിലെടുത്ത് കുൽദീപിന് പകരം ഓഫ് സ്പിന്നർ സാരൻഷ് ജയിനെ ഉൾപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാൽ ഒരു മത്സരം മാത്രം കഴിഞ്ഞപ്പോൾ സീനിയർ താരത്തെ ഒഴിവാക്കുന്നത് ടീം മാനേജ്മെന്‍റിന് എളുപ്പമുള്ള തീരുമാനമാകില്ല.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിലും മാറ്റത്തിന് സാധ്യത

2-0ന് പരമ്പര തൂത്തുവാരാൻ കഴിഞ്ഞാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ഇന്ത്യക്ക് നാലാം സ്ഥാനത്തേക്ക് ഉയരാൻ അവസരമുണ്ട്. 57.58 ശതമാനം പോയിന്‍റുമായി ഇന്ത്യക്ക് നാലാം സ്ഥാനത്തെത്താനാകും.

നിലവിൽ 66.67 ശതമാനം പോയിന്‍റുമായി നാലാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് ഓസ്ട്രേലിയക്കെതിരായ മക്കെയിലെ രണ്ടാം ടെസ്റ്റിൽ തോൽവി നേരിട്ടാൽ അഞ്ചാം സ്ഥാനത്തേക്ക് താഴേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ബംഗ്ലാദേശിന്‍റെ പോയിന്റ് 55.56 ശതമാനമായി കുറയും.

ടീം

ഇന്ത്യ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മാനവ് സുതാർ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, ദേവ്ദത്ത് പടിക്കൽ, സാരൻഷ് ജെയിൻ, ഔഖിബ് നബി, സർഫറാസ് ഖാൻ.

ശ്രീലങ്ക: ധനഞ്ജയ ഡി സിൽവ (ക്യാപ്റ്റൻ), ലഹിരു ഉദാര, കാമിൽ മിഷാര, പസിന്ദു സൂരിയബന്ധാര, കമിന്ദു മെൻഡിസ്, സഹൻ അരച്ചിഗെ, സോണൽ ദിനുഷ, നിരോഷൻ ഡിക്ക്വെല്ല, കേശര നുവന്ത, പ്രഭാത് ജയസൂര്യ, മിലൻ രത്നായകെ, ലഹിരു കുമാര, അസിത ഫെർണാണ്ടോ, വിശ്വ ഫെർണാണ്ടോ.

logo
Metro Vaartha
www.metrovaartha.com