പി.ടി. ഉഷയ്ക്ക് തിരിച്ചടി; ഒളിമ്പിക് അസോസിയേഷൻ വോട്ടെടുപ്പിൽ വിജയിച്ച് അഞ്ജു ബോബി ജോർജും സൈനയും

വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ അസോസിയേഷൻ അധ്യക്ഷന്‍റെ പദവിയിലേക്ക് മത്സരിക്കാനുള്ള അർഹത പി.ടി. ഉഷയ്ക്ക് നഷ്ടപ്പെട്ടു.
Setback for P.T. Usha; Anju Bobby George and Saina emerge victorious in Olympic Association vote
പി.ടി. ഉഷ
Updated on: 

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍റെ സ്പോർട്സ് പേഴ്സൺസ് ഒഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎംഎസ്) തെരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തിരിച്ചടി. അസോസിയേഷനിലെ നാലു സ്ഥാനങ്ങളിലേക്കായി നടന്ന വോട്ടെടുപ്പിൽ ആറു മുൻതാരങ്ങളാണ് മത്സരിച്ചിരുന്നത്. സൈന നെഹ്‌വാൾ, റാണി റാംപാൽ, അഞ്ജു ബോബി ജോർജ് , ഡോള ബാനർജി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിലെ അസോസിയേഷൻ അധ്യക്ഷയായ പി.ടി. ഉഷയും അനിത പോൾ ദുരൈയുമാണ് പരാജയപ്പെട്ട രണ്ട് മത്സരാർഥികൾ. ഓൺലൈനായാണ് വോട്ടു രേഖപ്പെടുത്തിയത്.

വോട്ടെടുപ്പിൽ പരാജയപ്പെട്ടതോടെ അസോസിയേഷൻ അധ്യക്ഷന്‍റെ പദവിയിലേക്ക് മത്സരിക്കാനുള്ള അർഹത പി.ടി. ഉഷയ്ക്ക് നഷ്ടപ്പെട്ടു. പുരുഷന്മാരുടെ വോട്ടെടുപ്പിൽ ഗഗൻ നാരങ്ക്, വിജേന്ദർ സിങ്, യോഗേശ്വർ ദത്ത്, കമലേഷ് മേഹ്ത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവർക്കെല്ലാം അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കും. ഡിസംബർ 5നാണ് മത്സരം.

കഴിഞ്ഞ ദിവസം വരെ പി.ടി. ഉഷയ്ക്ക് മത്സരത്തിൽ ശക്തമായ മേൽക്കൈ ഉണ്ടായിരുന്നു. എന്നാൽ ഡോള ബാനർജി ന്യൂ ഇന്ത്യൻ പാനൽ എന്ന പേരിൽ ഉഷയെ ഒഴിവാക്കിക്കൊണ്ട് നടത്തിയ പ്രചാരണമാണ് മത്സരത്തിന്‍റെ ഗതി തിരിച്ചതെന്നാണ് ഉഷയുടെ ആരോപണം. തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ലംഘിച്ചുവെന്നും അംഗങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ഉഷ ഡോള ബാനർജിക്കെതിരേ പരാതി നൽകിയിട്ടുണ്ട്.