ഷമി ടി 20 ലോകകപ്പിനുമില്ല

2024 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെ ഷമി മടങ്ങിയെത്തിയേക്കും.
മുഹമ്മദ് ഷമി
മുഹമ്മദ് ഷമി

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി ടി 20 ലോകകപ്പിലും കളിക്കില്ല. ഷമിക്ക് 2024 ടി20 ലോകകപ്പ് നഷ്ടമാകും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ലോകകപ്പിന് മുമ്പ് നടക്കുന്ന ഐപിഎല്ലും ഷമിക്ക് നഷ്ടമാകും.കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു പേസര്‍ മുഹമ്മദ് ഷമി.

7 ഇന്നിങ്‌സില്‍ 24 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. എന്നാല്‍ ലോകകപ്പിനിടെ കാല്‍ക്കുഴയ്ക്ക് ഏറ്റ പരിക്ക് ഷമിയെ പിന്നീട് ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തി. ഇതിനിടെ നിര്‍ണായക ശസ്ത്രക്രിയക്ക് താരം ലണ്ടനില്‍ വിധേയനായി. മാര്‍ച്ച് അവസാനം ഐപിഎല്‍ ആരംഭിക്കാനിരിക്കേ പരിക്കില്‍ നിന്ന് 33കാരനായ താരം ഇതുവരെ പൂര്‍ണ മുക്തനായിട്ടില്ല. ഐപിഎല്‍ കഴിഞ്ഞയുടന്‍ ആരംഭിക്കുന്ന ടി20 ലോകകപ്പും ഷമിക്ക് നഷ്ടമാകും. 2024 സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പരയിലൂടെ ഷമി മടങ്ങിയെത്തിയേക്കും.

'മുഹമ്മദ് ഷമി ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അദ്ദേഹം രാജ്യത്ത് തിരിച്ചെത്തിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയിലൂടെ ഷമി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാണ് നിലവിലെ സാധ്യത. പരിക്കിലുള്ള മറ്റൊരു താരമായ കെ.എല്‍. രാഹുലിന് ഇഞ്ചക്ഷന്‍ അനിവാര്യമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് രാഹുല്‍ നിലവിലുള്ളതെ'ന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ടെസ്റ്റുകളും മൂന്ന് ട്വന്‍റി 20കളുമാണ് ഇന്ത്യകക്ക് കളിക്കാനുള്ളത്.കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പര്യടനവും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയും മുഹമ്മദ് ഷമിക്ക് നഷ്ടമായിരുന്നു. ഷമിക്ക് ഈ സീസണില്‍ കളിക്കാനാവാത്തത് ഐപിഎല്‍ ടീം ഗുജറാത്ത് ടൈറ്റന്‍സിനും കനത്ത നഷ്ടമാണ്.

Trending

No stories found.

Latest News

No stories found.