

ഷപുർ സദ്രാൻ
ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന ഹൈപ്പർ- ഇൻഫ്ലമേറ്ററ്ററി സിൻഡ്രോം ബാധിച്ച് ഗുരുതരാവസ്ഥയിലാണ് അഫ്ഗാനിസ്ഥാൻ താരം ഷപുർ സദ്രാൻ എന്ന വാർത്ത പുറത്തു വന്നതിന്‍റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ഉദയകാലത്തെ പ്രധാനികളിലൊരാളായിരുന്നു ഷപുർ.
പാറി പറന്ന് നടക്കുന്ന നീണ്ട മുടിയും ആറടിയിലേറെ പൊക്കവുമായി അയാൾ ക്രിക്കറ്റ് മൈതാനത്ത് പിച്ചവച്ചപ്പോൾ 42 മില്ല‍്യൺ ജനസംഖ‍്യയുള്ള ഒരു രാജ‍്യത്തിന്‍റെ പ്രതീക്ഷകളാണ് അയാളുടെ ചുമലിലേറിയത്. 17 വർഷം നീണ്ടു നിന്ന ക്രിക്കറ്റ് കരിയറിൽ മറ്റുതാരങ്ങൾക്ക് ഉള്ള നേട്ടമൊന്നും അവകാശപ്പെടാനില്ലെങ്കിലും അദ്ദേഹത്തെ ക്രിക്കറ്റ് ആരാധകർ എന്നും ഓർത്തിരിക്കുന്നത് 2012ൽ ഇന്ത‍്യക്കെതിരേ നടന്ന ടി20 ലോകകപ്പ് മത്സരമാണ്.
സെപ്റ്റംബർ 19ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയം. ശക്തരായ ഇന്ത‍്യയെയാണ് നേരിടാനൊരുങ്ങുന്നതെന്നതിന്‍റെ ഭയവുമായി ലോകകപ്പിലേക്ക് ചുവടുവച്ച നൗറോസ് മംഗലിന്‍റെ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാൻ ടീം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാനു വേണ്ടി ക‍്യാപ്റ്റൻ ആദ‍്യ ഓവർ ഏൽപ്പിച്ചത് വിശ്വസ്തനായ ഷപുർ സദ്രാനെ. ഏതൊരു ടീമിനും ഭയപ്പെടുത്തുന്ന ഓർമകൾ സമ്മാനിച്ച വിരേന്ദർ സേവാഗും ഇന്നത്തെ ഇന്ത‍്യൻ ടീമിന്‍റെ മുഖ‍്യ പരിശീലകനുമായ ഗൗതം ഗംഭീറുമായിരുന്നു അന്ന് ഇന്ത‍്യയുടെ ഓപ്പണർമാർ.
ആദ‍്യ പന്ത് ഷപുർ വൈഡ് എറിഞ്ഞ് തുടങ്ങിയെങ്കിലും അവസാന പന്ത് ഗംഭീർ പുൾ ഷോട്ടിന് ശ്രമിക്കുകയും പേസ് കൊണ്ട് ദേഹത്ത് തട്ടി ഡോട്ട് ബോളായി മാറുകയും ചെയ്തു. ആ പന്ത് 150.3 കിലോമീറ്റർ വേഗതയുണ്ടെന്നായിരുന്നു അന്ന് ടിവിയിൽ എഴുതി കാണിച്ചത്. ആദ‍്യ ഓവർ ഏക്കാലത്തെയും മികച്ച ബാറ്റർമാർക്കെതിരേ 7 റൺസ് മാത്രം വഴങ്ങി അദ്ദേഹം പൂർത്തിയാക്കി.
തന്‍റെ രണ്ടാം ഓവറിലെ ആദ‍്യ പന്ത് ഓഫ് സ്റ്റംപിന് പുറത്ത് ഷോർട്ട് പിച്ചിനും ഗുഡ് ലെങ്ത്തിനും ഇടയിലായി പിച്ച് ചെയ്ത പന്തിൽ ഔട്ട്സൈഡ് എഡ്ജ് തട്ടി ഗംഭീറിന്‍റെ കുറ്റി തെറിച്ചു. അത്ര നേരം ആവേശഭരിതരായി മത്സരം കണ്ടുകൊണ്ടിരുന്ന കാണികൾ ഒരു നിമിഷത്തേക്ക് നിശബ്ദരായി. മൂന്നാമനായെത്തിയ വിരാട് കോലിക്കെതിരേ ആദ‍്യ പന്ത് ഡോട്ടെറിഞ്ഞു.
അടുത്ത പന്ത് കോലി സിംഗിൾ നൽകിയതോടെ വീരു ക്രീസിലെത്തി. ഓഫ് സ്റ്റംപിന് പുറത്ത് 131.6 കിലോമീറ്റർ വേഗതയിലെറിഞ്ഞ പന്ത് വീരുവിന് ബാറ്റ് വയ്ക്കാനായില്ല. തൊട്ടടുത്ത പന്തിൽ ബൗണ്ടറി അടിച്ച് സേവാഗ് മറുപടി നൽകിയെങ്കിലും ഷപുർ പിന്നെയും ഡോട്ട് ബോൾ എറിഞ്ഞ് ഇന്ത‍്യൻ ബാറ്റർമാരെ സമ്മർദത്തിലേക്ക് തള്ളിവിട്ടു.
തന്‍റെ മൂന്നാം ഓവറിൽ സേവാഗിനെ ഗ‍്യാലറിയിലേക്ക് ഷപുർ പറഞ്ഞയച്ചു. അവിടെ പിറന്നത് ഒരു ക്രിക്കറ്റ് താരത്തിന്‍റെ ഉദയമാണെങ്കിലും പിന്നീട് അതെ ഇംപാക്റ്റ് താരത്തിന് നൽകാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ മത്സരം ഇന്ത‍്യ 23 റൺസിന് വിജയിച്ചെങ്കിലും അഫ്ഗാനിസ്ഥാൻ ടീമിന്‍റെ പോരാട്ടം ക്രിക്കറ്റ് ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടും. അതിൽ മുഖ‍്യപങ്ക് വഹിച്ച ഷപുർ സദ്രാനെയും.