

സ്മൃതി മന്ഥന
അഭ്യൂഹങ്ങൾക്കൊടുവിൽ സംഗീത സംവിധായകൻ പലാഷ് മുച്ഛലുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് സ്ഥിരീകരിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ഥന. സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ഥന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കുറച്ച് ആഴ്ചകൾക്കിടെ എന്‍റെ ജീവിതത്തെ സംബന്ധിച്ച് അനവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു. ഞാൻ സ്വകാര്യത ആഗ്രഹിക്കുന്ന വ്യക്തിയാണ്, അതേ പോലെ തുടരാനാണ് ഞാനാഗ്രഹിക്കുന്നതും. എങ്കിലും വിവാഹം റദ്ദാക്കിയതായതായി വ്യക്തമാക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
പലാഷും സ്മൃതിയുമായുള്ള വിവാഹം നവംബർ 23നാണ് നടക്കേണ്ടിയിരുന്നത്. അപ്രതീക്ഷിത കാരണങ്ങളാൽ വിവാഹം മാറ്റി വയ്ക്കുന്നുവെന്നാണ് ആദ്യം പുറത്തു വന്നിരുന്ന വിവരം. വിവാഹത്തലേന്ന് സ്മൃതിയുടെ പിതാവിനെയും പിന്നീട് പലാഷിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പലാഷിന്‍റെ ചാറ്റുകൾ പുറത്തു വന്നതോടെയാണ് അഭ്യൂഹങ്ങൾ പടർന്നു തുടങ്ങിയത്. സമൂഹമാധ്യമങ്ങളിൽ നിന്ന് സ്മൃതി പലാഷിനെ അൺഫോളോ ചെയ്തിരുന്നു.
വിവാഹം റദ്ദാക്കുന്നുവെന്ന പോസ്റ്റിൽ സ്മൃതി കാരണം വ്യക്തമാക്കിയിട്ടില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളെല്ലാവരും അതു തന്നെ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. രണ്ടു കുടുംബത്തിന്‍റെയും സ്വകാര്യതയെ ബഹുമാനിക്കണമെന്നും ഞങ്ങൾക്കു മുന്നോട്ടു പോകാനുള്ള ഇടം നൽകണമെന്നും സ്മൃതി കുറിച്ചിട്ടുണ്ട്.
നമ്മെയെല്ലാവരെയും നയിക്കുന്ന വലിയ നിയോഗമുണ്ട്, തന്‍റെ കാര്യത്തിൽ രാജ്യത്തെ പ്രതിനിധീകരിച്ച് രാജ്യത്തെ ഉയരത്തിൽ എത്തിക്കുക എന്നതാണ്. കഴിയാവുന്നത്ര കാലം ഇന്ത്യക്കു വേണ്ടി കളിച്ച് ട്രോഫികൾ നേടണമെന്ന് ആഗ്രഹിക്കുന്നു. അതിലായിരിക്കും ഇപ്പോഴും എപ്പോഴും താൻ ശ്രദ്ധ കേന്ദ്രീകരിക്കുക. പിന്തുണക്കു നന്ദി, ഇത് മുന്നോട്ടു പോകാനുള്ള സമയമാണെന്നും സ്മൃതി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കു വച്ചു.
അതേ സമയം പലാഷും വിവാഹം റദ്ദാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്.
വ്യക്തിപരമായ ബന്ധത്തിൽ നിന്ന് പിന്മാറി മുന്നോട്ടു പോകാൻ തീരുമാനിച്ചിരിക്കുന്നു എന്നാണ് പലാഷ് കുറിച്ചിരിക്കുന്നത്. തനിക്ക് വളരെ പവിത്രമായ കാര്യത്തിൽ അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്നും പലാഷ് കുറിച്ചിരിക്കുന്നു. തനിക്കെതിരേ അപകീർത്തികരമായ പ്രചരണം നടത്തുന്നവർക്കെതിരേ നിയമപരമായി നടപടികൾ സ്വീകരിക്കുമെന്നും പലാഷ് വ്യക്തമാക്കിയിട്ടുണ്ട്.