
സൗരവ് ഗാംഗുലി.
File photo
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹെഡ് കോച്ചാകാൻ താത്പര്യമുണ്ടോ എന്ന് അടുത്തിടെ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ, ''സമയമുണ്ടല്ലോ, എനിക്ക് 50 വയസ് കഴിഞ്ഞതല്ലേയുള്ളൂ'' എന്നായിരുന്നു സൗരവ് ഗാംഗുലിയുടെ മറുപടി. ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്‍റെയും ബിസിസിഐയുടെയും അധ്യക്ഷ സ്ഥാനം ഉൾപ്പെടെ ക്രിക്കറ്റിലെ ഭരണപരമായ സുപ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫുൾ ടൈം കോച്ചിങ്ങിന് അദ്ദേഹം സമയം നീക്കിവച്ചിരുന്നില്ല.
എന്നാൽ, കളി മാറുകയാണ്. ദക്ഷിണാഫ്രിക്കൻ ട്വന്‍റി20 ലീഗായ എസ്20 ടീം പ്രിറ്റോറിയ ക്യാപ്പിറ്റൽസിന്‍റെ ഹെഡ് കോച്ചായി ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു ദാദ നിയമിതനായിരിക്കുന്നു. മുൻപ് ഐപിഎൽ ടീം ഡൽഹി ക്യാപ്പിറ്റൽസിന്‍റെ ഉപദേശകനായി പ്രവർത്തിക്കുമ്പോൾ അവിടെ ഹെഡ് കോച്ചായി റിക്കി പോണ്ടിങ് ഉണ്ടായിരുന്നു. പിന്നീട്, ജെഎസ്ഡബ്ല്യു സ്പോർട്സിന്‍റെ ക്രിക്കറ്റ് വിഭാഗം മേധാവിയായി നിയമിക്കപ്പെട്ടു. ഡൽഹി ക്യാപ്പിറ്റൽസും പ്രിറ്റോറിയ ക്യാപ്പിറ്റൽസും ജെഎസ്ഡബ്ല്യു സ്പോർട്സിനു കീഴിലുള്ള ടീമുകളാണ്.
മുൻ ഇംഗ്ലണ്ട് താരം ജൊനാഥൻ ട്രോട്ടിന്‍റെ പിൻഗാമിയായാണ് ഗാംഗുലി ഇപ്പോൾ എസ്എ20 നാലാം സീസണിൽ പ്രിറ്റോറിയ ക്യാപ്പിറ്റൽസിന്‍റെ ചുമതല ഏറ്റെടുക്കുന്നത്. ആദ്യ സീസണിൽ ഗ്രൂപ്പ് ചാംപ്യൻമാരായിരുന്ന പ്രിറ്റോറിയ ഫൈനലിൽ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്പിനോടു പരാജയപ്പെട്ടിരുന്നു. തുടർന്നുള്ള രണ്ടു സീസണുകളിലും അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് പ്ലേ ഓഫ് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.
പുതിയ ഹെഡ് കോച്ചിന്‍റെ ആദ്യ ദൗത്യം സെപ്റ്റംബർ 9നു നടത്തുന്ന താര ലേലമായിരിക്കും. ടീം അടിമുടി പുതുക്കിപ്പണിയുകയാണ് ഗാംഗുലിയുടെ ലക്ഷ്യം. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായി അറിയപ്പെടുന്ന സൗരവ് ഗാംഗുലി ദേശീയ ടീമിന്‍റെ പരിശീലകനായെത്തണമെന്ന് പല ക്രിക്കറ്റ് വിദഗ്ധരും ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതാണ്.
മുൻപ് ഗാംഗുലി ബിസിസിഐ അധ്യക്ഷനായിരിക്കെയാണ് രാഹുൽ ദ്രാവിഡിനെ പരിശീലനച്ചുമതല ഏറ്റെടുക്കാൻ സമ്മതിപ്പിക്കുന്നത്. വി.വി.എസ്. ലക്ഷ്മണെ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ (NCA) തലപ്പത്ത് അവരോധിച്ചതും ഗാംഗുലിയുടെ ഭരണകാലത്തായിരുന്നു.