റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിൽ പാക്കിസ്ഥാനെ മലർത്തിയടിച്ച് ലങ്കൻ സിംഹങ്ങൾ

ആദ‍്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 217 റൺസ് വിജയലക്ഷ‍്യം ശ്രീലങ്ക ഒരു വിക്കറ്റ് ശേഷിക്കെ 42ാം ഓവറിലെ മൂന്നാം പന്തിൽ മറികടന്നു
sri lanka beat pakistan in rising stars asia cup 2026

റൈസിങ് സ്റ്റാർസ് ഏഷ‍്യ കപ്പിൽ പാക്കിസ്ഥാനെ മലർത്തിയടിച്ച് ലങ്കൻ സിംഹങ്ങൾ

Updated on: 

ദോഹ: 2026ലെ റൈസിങ് സ്റ്റാർസ് ഏഷ‍്യകപ്പ് ഫൈനലിൽ പാക്കിസ്ഥാൻ എ ടീമിനെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ട് ശ്രീലങ്ക എ. ആദ‍്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 217 റൺസ് വിജയലക്ഷ‍്യം ശ്രീലങ്ക ഒരു വിക്കറ്റ് ശേഷിക്കെ 42ാം ഓവറിലെ മൂന്നാം പന്തിൽ മറികടന്നു.

ശ്രീലങ്കയ്ക്കു വേണ്ടി പുറത്താകാതെ 87 റൺസടിച്ച നിഷാൻ മധുഷ്കയുടെ പ്രകടനമാണ് ടീമിന് കരുത്തേകിയത്. മധുഷ്കയ്ക്കു പുറമെ ക‍്യാപ്റ്റൻ പവൻ രത്നായകെ (30), ഓപ്പണിങ് ബാറ്റർമാരായ ലസിത് ക്രൂസ്പുലെ (26), സിനെത് ജയവർധന (20) എന്നിവർ ഭേദപ്പെട്ട സംഭാവനകൾ നൽകി.

പാക്കിസ്ഥാനു വേണ്ടി അലി റാസ, സൂഫ‍്യാൻ മൊക്കിം എന്നിവർ രണ്ടും ഹസൻ നവാസ്, അഹമ്മദ് ദാനിയൽ, മാസ് സദഖത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയ്ക്ക് ഒന്നാം വിക്കറ്റിൽ 38 റൺസ് കൂട്ടുകെട്ടുണ്ടാക്കാൻ കഴിഞ്ഞു. സിനെത് ജയവർധനയാണ് ഹസൻ നവാസിനെ പുറത്താക്കി കൂട്ടുകെട്ടു പൊളിച്ചത്.

പവർപ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 60 റൺസെന്ന നിലയിലായിരുന്നു ടീം. 15ാം ഓവറിൽ തന്നെ ടീം സ്കോർ 100 കടന്നിരുന്നു. ലങ്ക ഏതാണ്ട് വിജയം ഉറപ്പിച്ചെങ്കിലും ടീം സ്കോർ 140ൽ നിൽക്കെ പവൻ രത്‌നായകെയെയും നിപുൻ ധനജ്ഞയയെയും സൂഫ‍്യാൻ മൊക്കിം പുറത്താക്കിയത് തിരിച്ചടിയായി. പിന്നാലെ എത്തിയവർക്കും പാക് ബൗളിങ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയാതായതോടെ ടീം പ്രതിരോധത്തിലായി. പിന്നീട് 58 റൺസെടുക്കുന്നതിനിടെ ലങ്കയുടെ 5 വിക്കറ്റുകളാണ് വീണത്.

ഒടുവിൽ ഒരുവിക്കറ്റ് ശേഷിക്കെ 19 റൺസ് വിജയലക്ഷ‍്യം എന്ന നിലയിലേക്കെത്തി. ക്രീസിലുണ്ടായിരുന്ന ലഹിരു സമരക്കൂണിനെ (15 നോട്ടൗട്ട്) പുറത്താക്കാൻ പാക്കിസ്ഥാൻ ക‍്യാപ്റ്റൻ അബ്ദുൾ സമദ് അഹമ്മദ് ദാനിയലിന് പന്തേൽപ്പിച്ചെങ്കിലും രണ്ട് ബൗണ്ടറിയാണ് താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നത്. അവസാന പന്തിൽ സ്ട്രൈക്ക് മാറാൻ കഴിയാതെ വന്നതോടെ അടുത്ത ഓവറിൽ ഗരുക സങ്കേത് (4) ആയി ക്രീസിൽ. പരിചയസമ്പന്നനായ ഹസൻ നവാസ് സ്പിന്നിലൂടെ പൂട്ടാൻ ശ്രമിച്ചു.

ആദ‍്യ പന്ത് ഡോട്ടായെങ്കിലും അടുത്ത ബൗളിൽ ഗരുക സങ്കേത് അടിച്ച പന്ത് പാക് ഫീൽഡർമാർ കൈവിട്ട് കളഞ്ഞതോടെ വിലപ്പെട്ട ഒരുറൺസ് ലങ്ക നേടുകയും വീണ്ടും ലഹിരു സമരക്കൂൺ സ്ട്രൈക്കിലെത്തുകയും ചെയ്തു. എന്നാൽ ആ ഓവറിൽ ഭംഗിയായി പന്തെറിഞ്ഞതിനാൽ ലഹിരുവിന് റൺസൊന്നും കണ്ടെത്താനായില്ല.

തൊട്ടടുത്ത ഓവറിൽ 2 റൺസ് മാത്രമെ പോയുള്ളൂവെങ്കിലും 42ാം ഓവറിൽ ഹസൻ നവാസിനെ ബൗണ്ടറി പറത്തി ലഹിരു മത്സരം ഫിനിഷ് ചെയ്തു. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാനു വേണ്ടി ഷഹ്സായിബ് ഖാനും (60), ഷാമിൽ ഹുസൈനുമാണ് (40) തിളങ്ങിയത്. ഇവർക്കു പുറമെ ക‍്യാപ്റ്റൻ അബ്ദുൾ സമദ് (33), റോഹൈൽ നസീർ (37) എന്നിവർ തരക്കേടില്ലാതെ ബാറ്റേന്തി.