

സ്റ്റീഫൻ ഫ്ലെമിങ്
ലണ്ടൻ: ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം കോച്ചായി ന്യൂസിലൻഡ് മുൻ ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ലെമിങ്ങിനെ നിയമിച്ചു. ക്യാപ്റ്റൻ സ്ഥാനത്ത് ജോ റൂട്ടും തിരിച്ചെത്തി. ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ നിറംമങ്ങിയ പ്രകടനത്തെ തുടർന്ന് ന്യൂസിലൻഡിൽ നിന്നുള്ള ബ്രണ്ടൻ മക്കല്ലത്തെ കോച്ച് സ്ഥാനത്തു നിന്ന് ഈ മാസമാദ്യം പുറത്താക്കിയിരുന്നു. തുടർന്നാണ് ഫ്ലെമിങ്ങിനു നറുക്കുവീണത്. എന്നാൽ ഇംഗ്ലണ്ടിന്‍റെ ഏകദിന, ട്വന്‍റി20 ടീമുകളുടെ പരിശീലകനായി മക്കല്ലം തുടരും.
ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിങ്സിനെ 17 വർഷം പരിശീലിപ്പിച്ച ഫ്ലെമിങ് ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്‍റെ കോച്ചാകുന്നത്. ഐപിഎല്ലിൽ സൂപ്പർ കിങ്സിനെ അഞ്ചു തവണ ജേതാക്കളാക്കാൻ ഫ്ലെമിങ്ങിനു സാധിച്ചിരുന്നു.
ലോക ക്രിക്കറ്റിലെ ഏറ്റവും ആദരണീയമായ സ്ഥാനങ്ങളിലൊന്നാണ് ഇംഗ്ലണ്ടിന്‍റെ കോച്ച് പദവിയെന്നും അതു ലഭിച്ചതിലൂടെ താൻ അംഗീകരിക്കപ്പെട്ടതായും ഫ്ലെമിങ് പറഞ്ഞു. അതേസമയം, ഓഗസ്റ്റിൽ പാക്കിസ്ഥാനുമായുള്ള പരമ്പരയിൽ ഫ്ലെമിങ് ചുമതലയേൽക്കില്ലെന്നാണ് റിപ്പോർട്ട്. ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്ക് മുൻപ് ഫ്ലെമിങ് ഇംഗ്ലിഷ് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. അതുവരെ മാർകസ് ട്രെസ്കോത്തിക്കായിരിക്കും ഇംഗ്ലണ്ടിന്‍റെ താത്‌കാലിക കോച്ച്.