

സൂര‍്യകുമാർ യാദവ്
ന‍്യൂഡൽഹി: 2026 ടി20 ലോകകപ്പ് ഇന്ത‍്യയ്ക്ക് നേടി തന്ന ക‍്യാപ്റ്റനാണ് സൂര‍്യകുമാർ യാദവ്. എന്നാൽ മോശം ഫോമിനെ തുടർന്ന് ക‍്യാപ്റ്റൻ സ്ഥാനവും ടീമിൽ ഇടവും അദ്ദേഹത്തിന് നഷ്ടമായി. ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ അടുത്ത ടി20 ലോകകപ്പും ഒളിംപിക്സ് ഗോൾഡ് മെഡലുമാണ് തന്‍റെ ലക്ഷ‍്യമെന്ന് സൂര‍്യ പ്രഖ‍്യാപിച്ചിരുന്നു. ഇതിനിടെയാണ് അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി സൂര‍്യയെ മാറ്റി 3 വർഷമായി ടി20 ടീമിൽ ഇല്ലാതിരുന്ന ശ്രേയസ് അയ്യരെ ക‍്യാപ്റ്റനാക്കുന്നത്.
ശ്രേയസ് ക‍്യാപ്റ്റനായ 6 മത്സരങ്ങളും ഇന്ത‍്യ ദയനീയമായി തോറ്റു. ഈ ഒരു സാഹചര‍്യത്തിൽ നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം സൂര‍്യകുമാറിന് ഇന്ത‍്യൻ ടി20 ടീമിലേക്ക് ഇനിയും തിരിച്ചുവരാൻ സാധിക്കുമെന്നാണ്. എന്നാൽ ആഭ‍്യന്തര ക്രിക്കറ്റിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കേണ്ടി വരും.
മുൻ ഇന്ത‍്യൻ താരങ്ങളായ ദിനേഷ് കാർത്തിക്, അമ്പാട്ടി റായ്ഡു, യുവരാജ് സിങ് അടക്കമുള്ള താരങ്ങൾ ഇത്തരത്തിൽ ടീമിൽ നിന്നും പുറത്തായ ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയവരാണ്. സൂര‍്യകുമാർ യാദവും അതുപോലെ ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വരുന്ന സയീദ് മുഷ്താഖ് അലി ട്രോഫിയിലും ഐപിഎല്ലിലും മിന്നും പ്രകടനം പുറത്തെടുത്താൽ സൂര‍്യകുമാർ ഇന്ത‍്യൻ ടീമിലെത്തുമെന്നും എന്നാൽ ക‍്യാപ്റ്റൻ സ്ഥാനം ലഭിക്കുകയെന്നത് അൽപ്പം പ്രയാസമായിരിക്കുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ മുൻ ഇന്ത‍്യൻ താരം രവിചന്ദ്രൻ അശ്വിൻ തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞിരുന്നു.