വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റം വൈകും

അയർലൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്തു. കൗമാര താരം വൈഭവ് സൂര്യവംശിക്ക് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല
Vaibhav Suryavanshi debut delayed: Left out of India playing XI

വൈഭവ് സൂര്യവംശി.

Updated on

ബെൽഫാസ്റ്റ്: കൗമാര താരം വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിന് ഇനിയും കാത്തിരിക്കണം. അയർലൻഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. എന്നാൽ, വൈഭവിന് പ്ലെയിങ് ഇലവനിൽ ഇടം കിട്ടിയില്ല.

ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ ടോപ് 3 അതേപടി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു ടീം മാനെജ്മെന്‍റ്. അഭിഷേക് ശർമയും സഞ്ജു സാംസണുമാണ് ഓപ്പണർമാർ. ഇഷാൻ കിഷാൻ മൂന്നാം നമ്പറിലും. സൂര്യകുമാർ യാദവിനു പകരം ശ്രേയസ് അയ്യർ നാലാം നമ്പറിലേക്ക് വന്നതാണ് പ്രധാന മാറ്റം.

ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ പ്രസിദ്ധ് കൃഷ്ണയും ടീമിലെത്തി. ഹാർദിക് പാണ്ഡ്യയുടെ സ്ഥാനത്ത് ഓൾറൗണ്ടറായി വാഷിങ്ടൺ സുന്ദർ കളിക്കുന്നു. പരുക്കിൽ നിന്ന് മുക്തനായ ഹർഷിത് റാണയും ടീമിൽ.

ലോകകപ്പ് നേടിയ ടീമിലെ ഓപ്പണിങ് സഖ്യം തുടരാനാണ് തീരുമാനിച്ചതെന്ന് ടോസിനു ശേഷം ശ്രേയസ് അയ്യർ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിൽ ലോകത്തെ ഏറ്റവും മികച്ച ടി20 ബാറ്ററായ വൈഭവ് സൂര്യവംശിയെ ടീമിൽ ഉൾപ്പെടുത്താത്തത് അദ്ഭുതകരമാണെന്ന് ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോഗൻ പ്രതികരിച്ചു. ശ്രീലങ്ക എ ടീമിനെതിരേ 11 പന്തിൽ അർധ സെഞ്ചുറി നേടി റെക്കോഡ് സ്ഥാപിച്ച് മികച്ച ഫോമിലാണ് സൂര്യവംശിയെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മുൻ ഇന്ത്യൻ താരം ഡി. ഗണേഷും വൈഭവിനെ ഉൾപ്പെടുത്താതിരുന്നതിനെ വിമർശിച്ചു. അയർലൻഡ് പോലൊരു ടീമിനെതിരേ ആറ് ബൗളർമാരെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലായിരുന്നു എന്നാണ് ഗണേഷിന്‍റെ പക്ഷം.

‌ടീമുകൾ

ഇന്ത്യ: അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, അക്ഷർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ.

അയർലൻഡ്: ടിം ടെക്റ്റർ, റോസ് അഡയർ, ഹാരി ടെക്റ്റർ, ലോർക്കൻ ടക്കർ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ബെൻ കാലിറ്റ്സ്, ഗാരത് ഡിലനി, ജോർജ് ഡോക്കറൽ, ലിയാം മക്കാർത്തി, മാത്യു ഹംഫ്രീസ്, ജയ് മൂന്ദ്ര, മാറ്റ് ഹൊളാർഡ്.

logo
Metro Vaartha
www.metrovaartha.com