
ന്യൂഡൽഹി: ഹരിയാന സർക്കാരിന്‍റെ വാഗ്ദാനങ്ങളിൽ നിന്ന് 4 കോടി രൂപയുടെ പാരിതോഷികം എന്ന വാഗ്ദാനം സ്വീകരിച്ച് ഗുസ്തി താരവും എംഎൽഎയുമായ വിനേഷ് ഫോഗട്ട്. കായിക താരങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി നാല് കോടി രൂപ, ഭൂമി അല്ലെങ്കിൽ ഗ്രൂപ്പ് എ സർക്കാർ ജോലി ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം എന്നാണ് ഹരിയാന സർക്കാർ ഫോഗട്ടിനോട് പറഞ്ഞിരുന്നത്.
എംഎൽഎ ആയതിനാൽ ഫോഗട്ടിന് സർക്കാർ ജോലി സ്വീകരിക്കാൻ സാധിക്കില്ലെന്നും നാലു കോടി രൂപയുടെ പാരിതോഷികം മതിയെന്നും കാണിച്ച് താരം സംസ്ഥാന കായിക വകുപ്പിന് കത്ത് നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പാരീസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരത്തിനു മുന്നുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് സർക്കാർ പാരിതോഷികം നൽകാൻ തീരുമാനിച്ചത്.
ഹരിയാന സർക്കാരിന്‍റെ നയം അനുസരിച്ച് ഒളിമ്പിക്സിൽ സ്വർണം നേടുന്നവർക്ക് 6 കോടി രൂപയുടെയും വെള്ളി നേടുന്നവർക്ക് 4 കോടി രൂപയുടെയും വെങ്കലം നേടുന്നവർക്ക് 2.5 കോടി രൂപയുടെയും പാരിതോഷികം ആണ് നൽകുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനം മുൻ നിർത്തിയാണ് മത്സരത്തിൽ നിന്ന് അയോഗ്യ ആയിട്ടും വിനേഷ് ഫോഗട്ടിന് പാരിതോഷികം പ്രഖ്യാപിച്ചത്.