

വിരാട് കോലി
ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പര പരുക്കിനെത്തുടർന്ന് ഇന്ത‍്യൻ താരം വിരാട് കോലിക്ക് നഷ്ടമാകുമെന്ന് റിപ്പോർട്ട്. ബിസിസിഐയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തത്.
വ‍്യാഴാഴ്ച നടക്കുന്ന ബിസിസിഐ യോഗത്തിന് ശേഷമായിരിക്കും ഇക്കാര‍്യത്തിൽ ഔദ‍്യോഗിക സ്ഥിരീകരണമുണ്ടാകുക. കോലിക്ക് പകരം ആരെ ടീമിലെടുക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, രജത് പാട്ടിദാർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്.
ഐപിഎൽ സീസണിലെ പ്രകടനം വിലയിരുത്തി പകരക്കാരനെ കണ്ടെത്താൻ ടീം മാനേജ്മെന്‍റ് തീരുമാനിച്ചാൽ സഞ്ജുവിനോ രജത് പാട്ടിദാറിനോയായിരിക്കും നറുക്ക് വീഴുക. തുടർച്ചയായി രണ്ടു തവണ ഐപിഎൽ കിരീടം നേടികൊടുത്ത രജത് പാട്ടിദാറിനെ ഒഴിവാക്കാൻ സാധ‍്യതയില്ല.
ജൂൺ 13ന് ധരംശാലയിൽ വച്ചാണ് പരമ്പരയിലെ ആദ‍്യ മത്സരം ആരംഭിക്കുന്നത്. 2026ലെ ഐപിഎൽ സീസണിൽ മിന്നും പ്രകടനമാണ് കോലി കാഴ്ചവച്ചത്. അതേസമയം, അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ സ്റ്റാർ ബാറ്റർ രോഹിത് ശർമ കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്. താരത്തിന്‍റെ ഫിറ്റ്നസ് കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമുണ്ടാകുക.