ലോകകപ്പ് ഫുട്ബോളിൽ ട്രംപിന് വിലക്കില്ല; ഒളിംപിക്സിന്‍റെ കാര്യത്തിൽ ഉറപ്പില്ല

ലോകകപ്പ് ഫുട്ബോളിന് ശേഷം മാത്രം അമേരിക്കൻ ഭരണകൂടത്തിനെതിരെ നടപടിയെടുത്താൽ മതിയെന്ന് വാഡ. പണം നൽകാത്തതിനെത്തുടർന്ന് ട്രംപ് ഉൾപ്പെടെയുള്ളവർക്ക് വിലക്ക് വരാൻ സാധ്യതയുണ്ട്.
WADA Delays Decision on US Officials Ban

സ്വന്തം നാട്ടിൽ നടക്കുന്ന ഒളിംപിക്സിന്‍റെ വേദിയിൽ കയറാൻ യുഎസ് പ്രസിഡന്‍റിനു കഴിയാതെ വരുമോ?

File

Updated on

വാഷിങ്ടൺ: പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ യുഎസ് ഭരണകൂടത്തിലെ ഉന്നതർക്ക് കായികമേളകളിൽ വിലക്കേർപ്പെടുത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ലോകകപ്പ് ഫുട്ബോളിനു ശേഷം മാത്രം മതിയെന്ന് ലോക ഉത്തേജക വിരുദ്ധ ഏജൻസി (WADA) തീരുമാനിച്ചു.

തങ്ങളുടെ വിഹിതം അടയ്ക്കുന്നതിൽ കുടിശിക വരുത്തിയ രാജ്യങ്ങളിലെ സർക്കാർ ഉന്നതരെ പ്രധാന കായിക പരിപാടികളിൽ നിന്ന് മാറ്റിനിർത്തുന്ന പുതിയ നിയമം നടപ്പാലാക്കുന്നത് സെപ്റ്റംബർ വരെ നീട്ടിവയ്ക്കാനാണ് വാഡ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള യുഎസ് ഉദ്യോഗസ്ഥരുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ തത്കാലത്തേക്ക് ഒഴിവായി.

യുഎസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷമേ വാഡയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഈ നിയമം നടപ്പാക്കുന്നത് പരിഗണിക്കൂ. ഈ വർഷം അവസാനം നിയമം അംഗീകരിക്കപ്പെട്ടാൽ, 2028-ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിന് മുൻപ് ഇതു പ്രാബല്യത്തിൽ വരും.

2023 മുതൽ വാഡയ്ക്കുള്ള തുക യുഎസ് അടയ്ക്കുന്നില്ല. ഇത് തുടർന്നാൽ, സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിംപിക്സിൽ പോലും പങ്കെടുക്കുന്നതിൽ നിന്ന് യുഎസ് ജനപ്രതിനിധികൾക്ക് വിലക്ക് നേരിടേണ്ടി വരും.

എന്നാൽ, ഒരു ഉത്തേജക വിരുദ്ധ ഏജൻസിക്ക് ഭരണത്തലവൻമാരെ ഒളിംപിക്സിൽ നിന്ന് തടയാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. യുഎസും വാഡയുമായുള്ള ഈ തർക്കം രാഷ്ട്രീയമായ വേർതിരിവുകൾക്ക് അപ്പുറമാണ്. ട്രംപിന്‍റെയും ജോ ബൈഡന്‍റെയും ഭരണകാലത്ത് (2024, 2025 വർഷങ്ങളിൽ) യുഎസ് ഈ വിഹിതം തടഞ്ഞുവച്ചിരുന്നു. ചൈനീസ് നീന്തൽ താരങ്ങളുമായുള്ള വിവാദത്തിൽ വാഡ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് 7.3 ദശലക്ഷം ഡോളർ അമേരിക്ക നൽകാത്തത്.

വാഡയുടെ ഫണ്ടിങ്ങിൽ ഉണ്ടാകുന്ന അസ്ഥിരത ലോകത്തെമ്പാടുമുള്ള കായികതാരങ്ങളെ ബാധിക്കുമെന്ന് വാഡ ഡയറക്റ്റർ ജനറൽ ഒലിവിയർ നിഗ്ലി പറഞ്ഞു. ഗവൺമെന്‍റുകൾ രാഷ്ട്രീയ കാരണങ്ങളാൽ പണം നൽകാതിരിക്കുന്നത് ഗൗരവകരമായ വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020 മുതൽ വാഡ ഈ വിഷയം ചർച്ച ചെയ്യുന്നുണ്ടെങ്കിലും, തുക നൽകാത്തതിന് സർക്കാരുകളെ ശിക്ഷിക്കുന്നത് അമേരിക്കയെ മാത്രം ലക്ഷ്യം വെച്ചല്ലെന്നാണ് വാഡയുടെ ഔദ്യോഗിക നിലപാട്.

logo
Metro Vaartha
www.metrovaartha.com