കോൽക്കത്തയിൽ മെസിയെ കാണാൻ ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചു നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി

സംസ്ഥാനത്തിന്‍റെ കായിക ബജറ്റിൽ നിന്നും ഇതിനായുള്ള പണം അനുവദിക്കുമെന്ന് മുഖ‍്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു
west bengal cm suvendu adhikari says messi event ticket money will be refunded

കോൽക്കത്തയിൽ മെസിയെ കാണാൻ ടിക്കറ്റെടുത്ത 33,000 പേർക്ക് പണം തിരിച്ചു നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി

Updated on

കോൽക്കത്ത: യുവ ഭാരതി സ്റ്റേഡിയത്തിൽ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കാണുന്നതിനായി വലിയ തുക മുടക്കി ടിക്കറ്റെടുത്ത 33,000 ആരാധകർക്ക് പണം തിരിച്ച് നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ‍്യമന്ത്രി സുവേന്ദു അധികാരി.

മെസിക്ക് വലിയ ആരാധക വൃന്ദമുണ്ടെന്നും 4,000 മുതൽ 6,000 രൂപ വരെയുള്ള ടിക്കറ്റുകളാണ് അവർ എടുത്തതെന്നും ഈ 33,000 കായിക പ്രേമികൾ നൽകിയ പണം അവർക്ക് തിരിച്ച് നൽകണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും മുഖ‍്യമന്ത്രി വ‍്യക്തമാക്കി.

സംസ്ഥാനത്തിന്‍റെ കായിക ബജറ്റിൽ നിന്നും ഇതിനായുള്ള പണം അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2025 ഡിസംബർ 13നാണ് മെസി യുവ ഭാരതി സ്റ്റേഡിയം സന്ദർശിച്ചത്. മെസിയെ കാണാൻ നിരവധി ആളുകൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ സംഘാടനത്തിലെ പിഴവ് മൂലം പരിപാടി അലങ്കോലമായി.

ഇതേത്തുടർന്ന് ടിക്കറ്റ് തുക തിരിച്ച് നൽകണമെന്ന് ആവശ‍്യപ്പെട്ട് ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും തുക ലഭിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണിപ്പോൾ തുക തിരിച്ചു നൽകുമെന്ന് മുഖ‍്യമന്ത്രി വ‍്യക്തമാക്കിയിരിക്കുന്നത്.

ദേശീയ കായികദിനത്തോടനുബന്ധിച്ച് ഐതിഹാസിക ഹോക്കി താരം മേജർ ധ‍്യാൻ ചന്ദിന്‍റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലായിരുന്നു മുഖ‍്യമന്ത്രിയുടെ പ്രഖ‍്യാപനം. മുൻ ഹോക്കി താരം ഗുർബക്സ് സിങ്, കായിക മന്ത്രി ഇന്ദ്രനിൽ ഖാൻ, അഖിലേന്ത‍്യാ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് കല‍്യാൺ ചൗബേ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കായിക താരങ്ങളെ ചടങ്ങിൽ ആദരിക്കുകയും നിയമന ഉത്തരവുകൾ കൈമാറുകയും ചെയ്തു.

കായിക മേഖലയെ അവഗണിച്ചതിന് മുൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച മുഖ‍്യമന്ത്രി നിയമന ഉത്തരവുകൾ ലഭിച്ച കായിക താരങ്ങളുടെ ഫയലുകൾ കഴിഞ്ഞ 11 വർഷമായി മുഖ‍്യമന്ത്രിയുടെ ഓഫിസിൽ പൊടിപിടിച്ചു കിടക്കുകയായിരുന്നുവെന്ന് അറിയുമ്പോൾ നിങ്ങൾ‌ അത്ഭുതപ്പെട്ടുപോകുമെന്ന് കൂട്ടിച്ചേർത്തു.

സമീപ വർഷങ്ങളിൽ ഒളിംപിക്സ്, ഏഷ‍്യൻ ഗെയിംസ്, ദേശീയ ടീമുകൾ എന്നിവിടങ്ങളിൽ പശ്ചിമ ബംഗാളിന്‍റെ പ്രാതിനിധ‍്യം വളരെ കുറവാണെന്നും ഒഡീശയും ഝാർഖണ്ഡും ഇക്കാര‍്യത്തിൽ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയ്ക്കായി 400 കോടി രൂപ ബജറ്റിൽ വകയിരുത്തിയതായും സംസ്ഥാനത്തെ 294 നിയമസഭാ മണ്ഡലങ്ങളിൽ ടെന്നീസ് കോർട്ടുകൾ, ബാഡ്മിന്‍റൺ‌ കോർട്ടുകൾ, ജിമ്മുകൾ‌, എന്നിവ അടങ്ങുന്ന മിനി ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിക്കുമെന്നും മുഖ‍്യമന്ത്രി വ‍്യക്തമാക്കി. ഒരുവർഷം 294 സ്റ്റേഡിയങ്ങൾ നിർമിക്കാൻ സാധിക്കില്ല. അതിനാൽ ഈ വർഷം 100 സ്റ്റേഡിയങ്ങൾ നിർമിക്കും. നിലവിലുള്ള സ്റ്റേഡിയങ്ങൾ‌ തകർന്ന അവസ്ഥയിലാണ്. മുൻ സർക്കാർ കായിക മേഖലയെ അവഗണിച്ചു. മുഖ‍്യമന്ത്രി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com