ഗവാസ്കറും രവി ശാസ്ത്രിയും പിന്തുണച്ചിട്ടും ഗംഭീറിന് കുലുക്കമില്ല; വൈഭവിന്‍റെ അരങ്ങേറ്റം എന്ന്? നിലപാട് വ‍്യക്തമാക്കി ബിസിസിഐ

വൈഭവിന് ശരിയായ സമയത്ത് അവസരം ലഭിക്കുമെന്നാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറയുന്നത്
when will vaibhav suryavanshi debut for india? rajeev shukla explains

വൈഭവ് സൂര‍്യവംശി

Updated on

2026ലെ ഐപിഎൽ സീസണിൽ തകർത്താടിയ കൗമാര താരം വൈഭവ് സൂര‍്യവംശി എന്ന് ഇന്ത‍്യൻ സീനിയർ ടീമിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർക്ക് ഇടയിൽ പ്രധാനമായും ഉയരുന്ന ചോദ‍്യം.

വൈഭവിനെ ഇന്ത‍്യൻ‌ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന ആവശ‍്യം ശക്തമായിട്ടും ലോകകപ്പ് ഹീറോകളായ മലയാളി താരം സഞ്ജു സാംസണിനെയും ഇഷാൻ കിഷനെയും അഭിഷേക് ശർമയെയും പിന്തുണയ്ക്കുകയായിരുന്നു ടീം മാനേജ്മെന്‍റ്.

ഇപ്പോഴിതാ ഈ വിഷയത്തിൽ വ‍്യക്തത വരുത്തിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല. വൈഭവിന് ശരിയായ സമയത്ത് അവസരം ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. 'വൈഭവ് വളരെയധികം കഴിവുള്ള താരമാണ്. അദ്ദേഹം അത് ഐപിഎല്ലിൽ തെളിയിച്ചു. ടീം മാനേജ്മെന്‍റിനും കോച്ചിനുമെതിരേ പലരും കമന്‍റുകൾ ഇടുന്നത് ഞാൻ കണ്ടു, എന്നാൽ ടീമിന്‍റെ മുഖ‍്യ പരിശീലകനും ക‍്യാപ്റ്റനുമാണ് ഇക്കാര‍്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അവർ നിലവിലെ സാഹചര‍്യം വിലയിരുത്തുന്നുണ്ട്. ശരിയായ സമയം വരുമ്പോൾ അവർ വൈഭവിന് കളിക്കാൻ അവസരം നൽകും'. രാജീവ് ശുക്ല മാധ‍്യമങ്ങളോട് പറഞ്ഞു.

വൈഭവിന്‍റെ കാര‍്യത്തിൽ ചിലർ അനാവശ‍്യ പ്രതികരണങ്ങൾ നടത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും രാജീവ് ശുക്ല പറഞ്ഞു. അയർലൻഡിനെതിരായ രണ്ട് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെതിരായ ആദ‍്യ മത്സരത്തിലും ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്‍റെ വിധി. നിലവിലെ ഇന്ത‍്യൻ ടീമിന്‍റെ ടോപ് ഓർഡറിൽ സ്ഥിരതയുണ്ടെന്നും മാറ്റം വരുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഗൗതം ഗംഭീറും ശ്രേയസ് അയ്യരും.

ബൗളിങ് കോച്ച് മോണി മോർക്കലും ഈ സമീപനം തന്നെയാണ് പിന്തുടരുന്നത്. നിർണായക മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നവർക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുൻ ഇന്ത‍്യൻ താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, രവി ശാസ്ത്രി, മുഹമ്മദ് കൈഫ് എന്നീ താരങ്ങൾ വൈഭവിന് പരസ‍്യമായി പിന്തുണ നൽകിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com