

ബാബർ അസം, വിരാട് കോലി
ഇസ്‌ലാമാബാദ്: ടി20 ക്രിക്കറ്റിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക‍്യാപ്റ്റൻ ബാബർ അസമിനെ കാത്തിരിക്കുന്നത് റെക്കോഡ്. ഏപ്രിൽ 8ന് ഹൈദരാബാദ് കിങ്സ്മെൻ എന്ന ടീമിനെതിരേ നടക്കുന്ന പിഎസ്എൽ മത്സരത്തിൽ 56 റൺസ് കൂടി ബാബറിന് നേടാൻ സാധിച്ചാൽ ടി20യിൽ മാത്രമായി 12,000 റൺസ് 350ൽ താഴെ ഇന്നിങ്സുകളിൽ നിന്നും നേടുന്ന വലംങ്കയ്യൻ ബാറ്ററെന്ന നേട്ടം സ്വന്തമാക്കാം.
ഇതോടെ ഇന്ത‍്യൻ സൂപ്പർ താരം വിരാട് കോലിയുടെ റെക്കോഡ് മറികടക്കുകയും ചെയ്യാം. നിലവിൽ 336 ടി20 ഇന്നിങ്സിൽ നിന്നും 11944 റൺസ് നേടിയിട്ടുണ്ട് ബാബർ. 11 സെഞ്ചുറികളും 98 അർധസെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 2012ലാണ് ബാബർ ടി20യിൽ ആദ‍്യമായി അരങ്ങേറ്റം കുറിച്ചത്.
വിരാട് കോലി 360 ഇന്നിങ്സുകളിൽ നിന്നുമാണ് 12,000 റൺസ് അടിച്ചു കൂട്ടിയത്. എന്നാൽ അടുത്തിടെ മോശം പ്രകടനം പുറത്തെടുത്തതിനെത്തുടർന്ന് ബാബറിനെ ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലും ബാബറിന് അവസരം നഷ്ടമായി.