2030 ഫിഫ ലോകകപ്പില്‍ കളിക്കുമോ? മെസിയുടെ മറുപടി ഇങ്ങനെ

2030ല്‍ നടക്കുന്ന ഫിഫ ലോകകപ്പിലും അര്‍ജന്റീനക്കായി മെസി ബൂട്ട് അണിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് 39കാരനായ താരം.
Lionel Messi

ലയണല്‍ മെസി

Updated on

2026 ഫിഫ ഫുട്‌ബോള്‍ ലോകകപ്പില്‍ മികച്ച ഫോമിലാണ് അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസി. ഇതുവരെ അര്‍ജന്റീന രണ്ടു മത്സരം പൂര്‍ത്തിയാക്കിയപ്പോള്‍ അഞ്ചു ഗോളുകളാണ് മെസി നേടിയത്. അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയ താരം ഓസ്ട്രിയക്കെതിരെ രണ്ടു ഗോളുകള്‍ കൂടി നേടി. ഇതുവരെ അര്‍ജന്റീന നേടിയ ആകെയുള്ള അഞ്ചു ഗോളുകളും മെസിയുടെ കാലില്‍ നിന്നാണ് പിറന്നത്. 2030ല്‍ നടക്കുന്ന ഫിഫ ലോകകപ്പിലും അര്‍ജന്റീനക്കായി മെസി ബൂട്ട് അണിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇതിനുള്ള മറുപടി നല്‍കിയിരിക്കുകയാണ് 39കാരനായ താരം.

2030 ലോകകപ്പില്‍ കളിക്കാന്‍ സാധ്യതയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അത്രയും ദൂരം ചിന്തിക്കാന്‍ ഇപ്പോള്‍ സമയമായിട്ടില്ലെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ''എനിക്ക് അറിയില്ല. സത്യം പറഞ്ഞാല്‍, ഞാന്‍ ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. അത് അല്‍പ്പം അകലെയാണെന്ന് തോന്നുന്നു. ഞാന്‍ ഇപ്പോള്‍ വര്‍ത്തമാനകാലത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്''- മെസി പറഞ്ഞു.

നിലവില്‍ പുരോഗമിക്കുന്ന കളിയിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മെസി പറഞ്ഞു. തനിക്ക് ശാരീരികമായി പറ്റുന്നതു വരെയും സഹതാരങ്ങളെ സഹായിക്കാന്‍ കഴിയുമെന്നു തോന്നുന്നിടത്തോളവും തന്റെ കരിയര്‍ തുടരുമെന്ന് മെസി വ്യക്തമാക്കി. ലോകകപ്പ് മത്സരത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മെസി തന്റെ നിലപാട് തുറന്നുപറഞ്ഞത്.

മെസിയുടെ ആറാമത്തെ ലോകകപ്പാണിത്. 2006ല്‍ ജര്‍മ്മനിയില്‍ നടന്ന ലോകകപ്പിലാണ് മെസി അരങ്ങേറ്റം കുറിച്ചത്. ജൂണ്‍ 24ന് മെസിക്ക് 39 വയസ് തികഞ്ഞിരുന്നു. 2030ല്‍ ലോകകപ്പ് നടക്കുമ്പോള്‍ മെസിക്ക് 42 വയസാകും. നാലു വര്‍ഷത്തിനുശേഷം അര്‍ജന്റീനയ്ക്കായി മെസി ബൂട്ട് അണിയുമോയെന്നത് കാത്തിരുന്നുകാണേണ്ടിവരും.

logo
Metro Vaartha
www.metrovaartha.com